ഓ.. സഹല്‍, നമ്മുടെ ഓസില്‍
കാലില്‍ കരുതിവച്ച കളി മികവുകൊണ്ട് നേട്ടങ്ങളിലേക്ക് ഡ്രിബ്ള്‍ ചെയ്ത് മുന്നേറുകയാണ് ഈ കണ്ണൂരുകാരന്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായമണിഞ്ഞ സഹല്‍ അബ്ദുല്‍ സമദ്; സീസണിലെ എമര്‍ജിങ് താരത്തിനുള്ള പുരസ്‌കാരവുമായിട്ടാണ് മടങ്ങിയത്.
ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, മികച്ച പ്രകടനങ്ങള്‍ കൊണ്ട് ടൂര്‍ണമെന്റിലുടനീളം സഹല്‍ ശ്രദ്ധനേടി. ചെന്നൈയിന്‍ എഫ്.സിക്കെതിരായ പോരാട്ടത്തില്‍ മഞ്ഞപ്പടയുടെ ഗംഭീര വിജയം സഹലിന്റെ മികവിലായിരുന്നു. ഗോളടിക്കുകയും, മികച്ച മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത സഹല്‍ തന്നെയായിരുന്നു കളിയിലെ താരവും.
കണ്ണൂര്‍ പയ്യന്നൂരിനടുത്ത കവ്വായി സ്വദേശിയായ സഹല്‍ ജനിച്ചുവളര്‍ന്നത് വിദേശത്താണ്. കുടുംബസമേതം അല്‍- ഐനിലായിരുന്നതിനാല്‍ 'അല്‍- ഐന്‍- ജി- സെവന്‍ എഫ്.സിയിലും ഇത്തിഹാദ് അക്കാദമിയിലും പന്തുതട്ടിയാണ് കരിയറിന്റെ തുടക്കം.
പിന്നീട് കവ്വായിയില്‍ സ്ഥിരതാമസമാക്കി നാട്ടിലെ ക്ലബ്ബുകള്‍ക്കു വേണ്ടി ബൂട്ടണിഞ്ഞു. മലബാറിന്റെ കളിയാവേശമായ സെവന്‍സ് കളത്തിലെ ഗ്ലാമര്‍ താരമായി കാണികളുടെ മനസില്‍ ഇടംപിടിച്ചു. കണ്ണൂര്‍ എസ്.എന്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിയായ സഹല്‍, കോളജ് ടീമിലൂടെ വന്ന് സര്‍വകലാശാലാ ടീമിന്റെ മികച്ച താരവുമായി.
ആ മികവുറ്റ പ്രകടനങ്ങള്‍ സഹലിനെ കേരളാ സന്തോഷ് ട്രോഫി ടീമിലെത്തിച്ചു. അവിടെ നിന്നാണ് ഐ.എസ്.എല്ലിലേക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നതും സ്വന്തമാക്കിയതും.
നിലവില്‍ ദേശീയ ടീമിന്റെ അണ്ടര്‍- 23 ജഴ്‌സിയണിഞ്ഞുകഴിഞ്ഞു ഈ ഇരുപത്തൊന്നുകാരന്‍. വരാനിരിക്കുന്ന എ.എഫ്.സി കപ്പിലും ഇന്ത്യന്‍ ജഴ്‌സിയില്‍ സഹലുണ്ടാവും.
കനമുള്ള ഷോട്ടുകളും, പന്തടക്കവും, ചടുല നീക്കങ്ങളും കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന കളിവൈഭവത്തെ അടയാളപ്പെടുത്തുകയാണ് നാടിന്റെ പ്രതീക്ഷയായ ഈ ചെറുപ്പക്കാരന്‍. നിറഞ്ഞ ചിരിയും നിഷ്‌കളങ്കമായ സംസാരവുമായി കളിപ്രേമികള്‍ക്കിടയിലും ചെറുപ്പക്കാര്‍ക്കിടയിലും തരംഗമായി മാറിയിരിക്കുകയാണ് സഹല്‍. ഈ ആരാധകവൃന്ദത്തില്‍ ഐ.എസ്.എല്ലിലെ ആദ്യ എമര്‍ജിങ് പ്ലെയര്‍ സന്ദേശ് ജിങ്കനുമുണ്ട്. കേരളാ ഓസിലെന്നു വിളിപ്പേരുള്ള സഹലിനെ പക്ഷെ, ജിങ്കന്‍ കാണുന്നത് ബ്രസീല്‍ താരം കക്കയെപ്പോലെയാണ്. സഹലിന്റെ കളി കാണുമ്പോഴെല്ലാം കക്കയെ ഓര്‍മവരും. ഫോണ്‍ നമ്പര്‍ സേവ് ചെയ്തതു പോലും 'സഹല്‍ കക്ക' എന്നാണ്.
നേട്ടങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍- 'സന്തോഷമുണ്ട്, ഇനിയും നന്നായി കളിക്കണം'-എന്നൊക്കെയാണ് നിറഞ്ഞ പുഞ്ചിരിയോടെ സഹലിന്റെ മറുപടി. ദേശീയ ടീമിന്റെ ജഴ്‌സിയില്‍ ഇന്ത്യയ്ക്കു വേണ്ടി കളിക്കാനുള്ള സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനായി സഹല്‍ പരിശ്രമിക്കുകയാണ്; വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പിന്തുണയ്ക്കുന്നവര്‍ക്കും മനസറിഞ്ഞ് നന്ദി പറഞ്ഞുകൊണ്ട്.
കവ്വായി പടിഞ്ഞാറെ പുരയില്‍ അബ്ദുല്‍ സമദ്- സുഹറ ദമ്പദികളുടെ അഞ്ചു മക്കളില്‍ നാലാമനാണ് സഹല്‍. ജ്യേഷ്ടന്‍ ഫാസിയും വിവിധ ക്ലബ്ലുകള്‍ക്കു വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. മുഹമ്മദ് ഹാഫിസ്, സുഹാസ്, സല്‍മാന്‍ എന്നിവരാണ് മറ്റു കൂടപ്പിറപ്പുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."