ഉദുമ ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് വിമതന്‍ പിന്മാറും
ഉദുമ: ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷന്‍ ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ പത്രിക നല്‍കിയ അന്‍വര്‍ മാങ്ങാട് പത്രിക പിന്‍വലിക്കും. കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും ഇടഞ്ഞുനില്‍ക്കുന്ന പ്രവര്‍ത്തകരും തമ്മില്‍ നടത്തി ചര്‍ച്ചയിലാണ് പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതോടെ കോണ്‍ഗ്രസിനകത്ത് നടന്നു കൊണ്ടിരുന്ന പൊട്ടിത്തെറിക്ക് പരിഹാരമായി.
ഉദുമയിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ചാണ് ഡി.സി.സി സെക്രട്ടറി വിദ്യാസാഗറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം രംഗത്ത് വരികയും അന്‍വര്‍ മാങ്ങാട് വിമത സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയതും. പാര്‍ട്ടി വിടാനുള്ള ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ലെന്നും വളഞ്ഞ വഴിയിലൂടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സംഭവം നേതൃത്വത്തെ അറിയിക്കുക മാത്രമായിരുന്നു ചെയ്തതെന്നും വിദ്യാസാഗര്‍ അടക്കമുള്ളവര്‍ പറഞ്ഞു.
ഉദുമ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇടപെട്ടിരുന്നു. വിഷയം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ മുന്‍ എം.പി കെ. സുധാകരനേയും, മുന്‍ എം.എല്‍.എ കെ.പി കുഞ്ഞിക്കണ്ണനേയും ചുമതലപ്പെടുത്തിയിരുന്നു.
അതിനിടയിലാണ് ഉദുമ സഹകരണബാങ്കില്‍ വെച്ചു ചേര്‍ന്ന ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ പ്രശ്‌നത്തിനു പരിഹാരമായത്. ചര്‍ച്ചയില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ.സി.കെ ശ്രീധരന്‍, സാജിദ് മൗവ്വല്‍, വി.ആര്‍. വിദ്യാസാഗര്‍, അന്‍വര്‍ മാങ്ങാട് എന്നിവര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന പാദൂര്‍ കുഞ്ഞാമുഹാജിയുടെ മരണത്തെ തുടര്‍ന്നാണ് ഉദുമ ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 28 നാണ് തെരഞ്ഞെടുപ്പ് നടക്കുക. പാദുര്‍ കുഞ്ഞാമു ഹാജിയുടെ മകന്‍ പി.കെ.എം ഷാനവാസാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി, ഐ.എന്‍.എല്ലിലെ മൊയ്തീന്‍ കുഞ്ഞി കളനാട് ഇടതുമുന്നണി സ്ഥാനാര്‍ഥിയായും ബാബു രാജ് ബി.ജെ.പി സ്ഥാനാര്‍ഥിയായും മത്സരിക്കും. നാമ നിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി 14നാണ്. 6000 ത്തിലേറെ വോട്ടിനാണ് പാദൂര്‍ കുഞ്ഞാമു ഹാജി ഉദുമ ഡിവിഷനില്‍ നിന്ന് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."