ഇസ്‌റാഈല്‍ വെടിവയ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
ഗസ്സ: ഇസ്‌റാഈലിനെതിരേ ഗസ്സ അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരേ സൈന്യം നടത്തിയ വെടിവയ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 14 കാരനായ യാസര്‍ അബു അല്‍ നാജ, മുഹമ്മദ് ഫൗസ് ഹുമായദ് (24) എന്നിവരാണ് കൊല്ലപ്പെട്ടത്. തലക്ക് വെടിയേറ്റ യാസര്‍ ഖാന്‍ യൂനുസ് ആശുപത്രിയില്‍വച്ചാണ് മരിച്ചതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇസ്‌റാഈല്‍ വെടിവയ്പില്‍ കാലിനും ഉദരത്തിനുമേറ്റ പരുക്കാണ് മുഹമ്മദ് ഫൗസിന്റെ മരണത്തിനിടയാക്കിയത്. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ 415 ഗസ്സ നിവാസികള്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്.
രണ്ട് മാസമായി ഗസ്സ അതിര്‍ത്തിയില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ 135 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 15,000 പേര്‍ക്ക് പരുക്കേറ്റു. 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്‌റാഈല്‍ പിടിച്ചെടുത്ത ഭൂമി തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് 30 മുതല്‍ ഫലസ്തീനികള്‍ അതിര്‍ത്തിയില്‍ പ്രതിഷേധം നടത്തുന്നത്.
1948ലെ ഇസ്‌റാഈല്‍ രൂപീകരണത്തോടെ 7,50,000 ഫലസ്തീനികളാണ് കുടിയൊഴിപ്പിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."