'നിസര്‍ഗ' ശക്തി പ്രാപിക്കുന്നു; മുംബൈ അതീവ ജാഗ്രതയില്‍
മുംബൈ: കൊവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന മുംബൈ നഗരത്തെ കൂടുതല്‍ ആശങ്കയിലാക്കി അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു. അടുത്ത 12 മണിക്കൂറിനകം ഇത് തീവ്ര കൊടുങ്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 120 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുംബൈ തീരത്ത് ഒരു ചുഴലിക്കാറ്റ് വീശുന്നത്.
മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളുടെ തീരദേശങ്ങളെയാണ് കാറ്റ് ബാധിക്കുക. മുംബൈയില്‍ നാളെ ശക്തമായ മഴ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മുംബൈയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുംബൈയില്‍നിന്ന് 500 മീറ്റര്‍ അകലെ രൂപംകൊണ്ട ന്യൂനമര്‍ദ്ദം രാത്രിയോടെ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ മുംബൈക്ക് 490 കിലോമീറ്ററിനും സൂറത്തിന് 710 കിലോമീറ്ററിനും ഇടയില്‍ വടക്ക് കിഴക്ക് ദിശയിലാണ് കാറ്റിന്റെ സഞ്ചാരം. മഹാരാഷ്ട്രയിലെ മുംബൈ, താനെ, പാല്‍ഘര്‍ ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാല്‍ഘറിലെ തീരപ്രദേശങ്ങളില്‍നിന്നു മത്സ്യത്തൊഴിലാളികളെ ഒഴിപ്പിച്ചു.
ഗുജറാത്തിലെ വല്‍സാദ്, നവസാരി ജില്ലകളില്‍ നിന്ന് 20,000ത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 9 യൂനിറ്റ് ദുരന്തനിവാരണ സേനയെ മഹാരാഷ്ട്രയിലെ തീരമേഖലകളിലും 12 യൂനിറ്റ് സേനയെ ഗുജറാത്തിലെ തീരപ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."