പാചക വാതക വിതരണ ഏജന്‍സിയില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന; ക്രമക്കേടുകള്‍ കണ്ടെത്തി
ഹരിപ്പാട്: ഐ.ഒ.സിയുടെ പാചക വിതരണ കേന്ദ്രത്തില്‍ സെക്രട്ടറിയേറ്റിലെ ഭക്ഷ്യ പൊതുവിതരണ വിഭാഗത്തിലെ വിജിലന്‍സ് സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി.പാചക വാതക കണക്ഷന് അമിത വില ഈടാക്കുന്നതും നിര്‍ദ്ദിഷ്ട രേഖകളില്ലാതെ കണക്ഷന്‍ നല്‍കിയതും ഉള്‍പ്പടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തി.ഏജന്‍സിയില്‍ നിന്ന് സിലിന്‍ഡറുകള്‍ വീട്ടില്‍ എത്തിക്കുന്ന വിതരണക്കാരന്റെ മണികണ്ഠന്‍ ചിറയിലുള്ള വീട്ടില്‍ നിന്ന് 14 സിലിന്‍ഡറുകള്‍ പിടിച്ചെടുത്തു.
ഇതില്‍ 13 എണ്ണം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ളതും ഒരെണ്ണം ഗാര്‍ഹിക സിലിണ്ടറുമാണ്. ഈ വീട്ടില്‍ ഗാര്‍ഹിക സിലിന്‍ഡറില്‍ നിന്ന് പാചകവാതകം വാണിജ്യ ആവശ്യത്തിനുള്ള സിലിന്‍ഡറിലേക്ക് മാറ്റുന്നതായി നേരത്തേ പരാതിയുണ്ടായിരുന്നു.എന്നാല്‍പരിശോധനയില്‍ തെളിവുകളൊന്നും ലഭിച്ചില്ല. ഏജന്‍സിയിലെ രേഖകള്‍ വിശദമായി സംഘം പരിശോധിച്ചു.
പാചക വാതക കണക്ഷഷന്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ്, സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണെന്നിരിക്കെ കൃത്യമായ രേഖകളില്ലാതെ കണക്ഷന്‍ നല്കുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് സ്‌ക്വാഡ് പരിശോധന നടത്തിയത്. പാചകവാതക വിതരണ കേന്ദ്രത്തെപ്പറ്റി കൃത്യമായ വിവരങ്ങളോടെയാണ് ഭക്ഷ്യപൊതുവിതരണ വിഭാഗത്തിന് പരാതി കിട്ടിയത്.
അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ കൈകാര്യച്ചെലവ് ഈടാക്കാതെ വേണം പാചകവാതകം എത്തിക്കേണ്ടത്. ഈ പരിധിക്ക് പുറത്ത് കൃത്യമായ നിരക്കുണ്ട്. ഇത് ബില്ലില്‍ ചേര്‍ക്കുകയും വേണം. എന്നാല്‍, സിലിന്‍ഡര്‍ വീട്ടിലെത്തിക്കുന്നവര്‍ ഗുണഭോക്താക്കള്‍ക്ക് ബില്ല് നല്‍കാറില്ലെന്നായിരുന്നു പ്രധാന പരാതി. തരംപോലെ കൈകാര്യച്ചെലവ് വാങ്ങും. നൂറും നൂറ്റന്‍പതും രൂപ ഇങ്ങനെ അധികം വാങ്ങിയിരുന്നതായി പരാതി ലഭിച്ചിരുന്നു.
പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍, ഏജന്‍സിയിലെ രേഖകള്‍ പരിശോധിച്ച ശേഷം ഗുണഭോക്താക്കളെ വിളിച്ച് ഈടാക്കിയ തുക അന്വേഷിച്ചിരുന്നു. അധികമായി പണം വാങ്ങിയത് ഇതിലൂടെ വ്യക്തമായിട്ടുണ്ട്. പരിശോധന പൂര്‍ണമായിട്ടില്ല. വേണ്ടിവന്നാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ വീണ്ടും രേഖകള്‍ പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. പരിശോധനയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. തുടര്‍ന്ന് വകുപ്പ് തലത്തില്‍ നടപടിയുണ്ടാകുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."