പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ്: ആക്ഷന്‍കമ്മിറ്റി ബഹുജന മാര്‍ച്ച് നടത്തി; ബദല്‍ റോഡ് നിര്‍മാണം പൊലിസ് തടഞ്ഞു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ- പൂഴിത്തോട് ചുരം ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് നിര്‍ദിഷ്ട പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദല്‍ പാതയിലെ വനഭാഗത്തേക്ക് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.
ചുരം ബദല്‍ പാത ആരംഭിക്കുന്ന പടിഞ്ഞാറത്തറ കുറ്റിയാംവയല്‍ വനഭാഗത്ത് വിലക്കുകള്‍ ലംഘിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ ശ്രമിച്ചത് പൊലിസ് തടഞ്ഞു. വയനാട്ടില്‍ നിന്ന് അഞ്ഞൂറോളം പേരും പൂഴിത്തോട് നിന്ന് മൂന്നുറോളം പേരും ബദല്‍ റോഡ് നിര്‍മാണത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. രാവിലെ തന്നെ നൂറ് കണക്കിന് പൊലിസ് ഉദ്യോഗസ്ഥരും വനപാലകരും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ വനത്തിനുള്ളില്‍ പ്രവേശിക്കുന്നത് തടഞ്ഞത്. പടിഞ്ഞാറത്തറ ടൗണില്‍ വ്യാപാരികള്‍ കടകള്‍ അടച്ചും ടാക്‌സി തൊഴിലാളികള്‍ സര്‍വിസ് നിര്‍ത്തിവച്ചും റോഡ് നിര്‍മാണത്തിനെത്തിയിരുന്നു.
പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്ത് പ്രസിഡന്റുമാരും നാട്ടുകാരുമായി പിന്നീട് വനം വകുപ്പുദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ അധ്യക്ഷയായി. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റും ആക്ഷന്‍ കമ്മിറ്റി കണ്‍വീനറുമായ പി.ജി സജേഷ്, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, യുവജന സംഘടനകള്‍, വ്യാപാരികള്‍, ആദിവാസികള്‍ തുടങ്ങിയ നിരവധി പേര്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. അധികാരികള്‍ കണ്ണ് തുറന്നില്ലെങ്കില്‍ ആക്ഷന്‍കമ്മിറ്റി ശക്തമായി സമര പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."