ഷംസുദ്ദീന് വധക്കേസ്: പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം പിഴയും
കൊച്ചി: വസ്തു കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വ്യാപാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം പിഴയും. കിങ് ഷൂ മാര്‍ട്ട് ഉടമ പുല്ലേപ്പടി ക്രോസ് റോഡില്‍ സാറാമന്‍സിലില്‍ ഷംസുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മരട് സ്വദേശിയും റിയല്‍എസ്റ്റേറ്റ് ബ്രോക്കറുമായ ആഞ്ഞിലിവീട്ടില് കരിപ്പായി ജോഷിയെ എറണാകുളം അഡി.സെഷന്‍സ് ജഡ്ജ് കെ. ബിജു മേനോനാണ് ശിക്ഷിച്ചത്.
പിഴ സംഖ്യ കൊല്ലപ്പെട്ട ഷംസുദ്ദീന്റ കുടുംബത്തിനു നല്‍കണമെന്നു കോടതി വിധിച്ചിട്ടുണ്ട്. പിഴ നല്‍കിയില്ലെങ്കില്‍ ആറു മാസത്തെ അധിക തടവു കൂടി അനുഭവിക്കണം. 2013 ജനുവരി ഏഴിനു രാത്രി 9.10 മണിക്ക് നെട്ടൂര്‍ മാര്‍ക്കറ്റ് റോഡില്‍ വച്ചാണ് സംഭവം. വസ്തു കച്ചവടവുമായി ബന്ധപ്പെട്ടു നല്‍കേണ്ട കമ്മിഷന് ജോഷിക്കു നല്‍കാത്തതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. സംഭവദിവസം രാത്രി ഒന്‍പത് മണിക്കു പിതാവിനെ ഫോണ്‍ ചെയ്തപ്പോള്‍ പ്രതിക്കൊപ്പം നില്ക്കുകയാണെന്നു പറഞ്ഞതായി ഷംസുദ്ദീന്റെ മകന് മൊഴി നല്‍കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ .മുഹമ്മദ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."