കാലവര്‍ഷ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ഉടന്‍: ജില്ലാവികസനസമിതി
കണ്ണൂര്‍: കാലവര്‍ഷക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് വേണ്ട നടപടികള്‍ ഉടനെടുക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമായി.
കൃഷി, വീടുകള്‍ തുടങ്ങിയവയ്ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പയ്യാവൂര്‍ കുടിവെള്ള പദ്ധതിക്ക് സ്ഥലം ലഭ്യമാക്കുന്നതിനുള്ള വിലനിര്‍ണയ നടപടിക്രമം ആരംഭിക്കും. തൊട്ടില്‍പ്പാലം-പേരട്ട തോടിന് പാര്‍ശ്വഭിത്തി നിര്‍മിക്കും.
ജില്ലയിലെ എല്ലാ വകുപ്പുകളും അവരവരുടെ ഓഫിസുകള്‍ ജിയോ ടാഗ് ചെയ്യുന്നിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. മൂലക്കീല്‍ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നിനുള്ള നടപടികള്‍ സ്വീകരിക്കും. താവം പാലത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നതു വരെ പാപ്പിനിശ്ശേരി ജങ്ഷനിലും പിലാത്തറ ജങ്ഷനിലും സ്ഥിരമായി ട്രാഫിക് ഡ്യൂട്ടിക്കായി പൊലിസുകാരെയും ഹോം ഗാര്‍ഡുമാരെയും നിയമിച്ചിട്ടുണ്ട്.
പി.എം.ജി.എസ്.വൈ സ്‌കീമില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആകെ 134 റോഡുകള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുള്ളതില്‍ 76 എണ്ണം ജില്ലാ പഞ്ചായത്തിന് കൈമാറിയിട്ടുണ്ടെന്നും 45 റോഡുകളുടെ അറ്റകുറ്റപണികള്‍ നടക്കുകയാണെന്നും യോഗം അറിയിച്ചു.
നീര്‍ച്ചാല്‍ ഈസ്റ്റ് അങ്കണവാടി മാതൃകാ അങ്കണവാടിയായി ഉയര്‍ത്തുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. യോഗത്തില്‍ കെ.സി. ജോസഫ് എം.എല്‍.എ, സി. കൃഷണന്‍ എം.എല്‍.എ, പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."