പേരുവെട്ടി
ന്യൂഡല്‍ഹി: ബിഹാറിലെ ബേഗുസരായിയില്‍ യുവനേതാവ് കനയ്യകുമാര്‍ സി.പി.ഐ സ്ഥാനാര്‍ഥിയായി മത്സരിക്കും. ഒരേസമയം ആര്‍.ജെ.ഡി - കോണ്‍ഗ്രസ് - ഉപേന്ദ്രകുശ്‌വാഹയുടെ ആര്‍.എല്‍.എസ്.പി മഹാസഖ്യത്തിനും ബി.ജെ.പിക്കും എതിരായാണ് മത്സരം. കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി. മഹാസഖ്യത്തിന്റെ ഭാഗമായി സീറ്റ് നേടാന്‍ സി.പി.ഐ ശ്രമിച്ചെങ്കിലും ചര്‍ച്ച ഫലം കണ്ടില്ല. ബേഗുസരായി കൂടാതെ അഞ്ചു സീറ്റുകളായിരുന്നു സി.പി.ഐ ആവശ്യപ്പെട്ടത്. എന്നാല്‍ സി.പി.ഐ ചോദിക്കുന്ന സീറ്റുകള്‍ നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു ലാലുപ്രസാദ് യാദവ്.
ബേഗുസരായിയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് സി.പി.ഐക്ക് സ്വാധീനമുള്ളത്. 4,28,227 വോട്ടു നേടി ബി.ജെ.പിയുടെ ബോലാ സിങാണ് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബേഗുസരായിയില്‍ ജയിച്ചത്. ആര്‍.ജെ.ഡിയുടെ തന്‍വീര്‍ ഹുസൈന്‍ 3,69,892 വോട്ടു നേടി. മൂന്നാം സ്ഥാനത്തുള്ള സി.പി.ഐയുടെ രാജേന്ദ്രപ്രസാദ് സിങ്ങിന്റെ വോട്ട് 1,92,639 ആയിരുന്നു. ഭൂമിഹാര്‍ ജാതിക്കാരനായ കനയ്യയുടെ ജാതിവോട്ടും സഖ്യവും കൂടി ചേരുമ്പോള്‍ ജയിക്കാനാവുമെന്നാണ് സി.പി.ഐ വാദം. എന്നാല്‍ ബിഹാറിലെ ഉയര്‍ന്ന ജാതി വിഭാഗമായ ഭൂമിഹാറുകാരനായ കനയ്യകുമാറിനെ ബിഹാറില്‍നിന്നുള്ള നേതാവാക്കാന്‍ ലാലുപ്രസാദിന് താല്‍പര്യമില്ല.
ബേഗുസരായ് കൂടാതെ കഗാരിയ, മോത്തിഹാരി, മധുബനി, ബാങ്ക, ഗയ എന്നീ സീറ്റുകളാണ് സി.പി.ഐ ചോദിച്ചത്. കഴിഞ്ഞദിവസം കോണ്‍ഗ്രസും ആര്‍.ജെ.ഡിയും സീറ്റുവിഭജനം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സ്വന്തമായി മത്സരിക്കാന്‍ സി.പി.ഐ തീരുമാനിച്ചത്. സി.പി.എമ്മിനെയും സി.പി.ഐയെയും അവഗണിച്ച ആര്‍.ജെ.ഡി സി.പി.ഐ.എം.എല്ലിന് ഒരു സീറ്റ് നല്‍കി. ബിഹാറില്‍ ഉജിയാപൂര്‍ മണ്ഡലം സി.പി.എമ്മിന് തരണമെന്ന് യെച്ചൂരി ലാലുവിനോട് അഭ്യര്‍ഥിച്ചെങ്കിലും അതും ഫലംകണ്ടില്ല. ഉജിയാപൂര്‍ ഉപേന്ദ്രകുശ്‌വാഹയുടെ ആര്‍.എല്‍.എസ്.പിക്ക് കൊടുത്തുവെന്നും അവരോട് ചോദിക്കാനുമാണ് ലാലു പറഞ്ഞത്. യെച്ചൂരി കുശ്‌വാഹയുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."