സ്മാര്‍ട്ട് മീറ്ററുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന്
പാലക്കാട്: കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിരര്‍ഥകവുംതെറ്റിധാരണാജനകവുമായ വാര്‍ത്തകള്‍ ഈയിടെയായി സമൂഹ മാധ്യമങ്ങളില്‍ കണ്ടു വരുന്നു. ആ വാര്‍ത്തകള്‍ യാഥാര്‍ഥ്യവുമായി ബന്ധവുമില്ലാത്തതാണെന്ന് കെ.എസ്.ഇ.ബി.അറിയിച്ചു .
കെ.എസ്.ഇ.ബി.സ്ഥാപിക്കാനുദ്ദേശിക്കുന്ന ഉപഭോക്തൃസൗഹൃദമായ സ്മാര്‍ട്ട്മീറ്ററിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ വൈദ്യുതി ഉപയോഗരീതി വിശദമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. ടൈം ഓഫ് ദി ഡേ (ടി ഓ ഡി)താരിഫ് ബാധകമായ ഉപഭോക്താക്കള്‍ക്ക്, നിരക്ക് കുറവുള്ള സമയങ്ങളില്‍ ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിച്ച് ബില്ലില്‍ കുറവ് വരുത്താവുന്നതാണ്. അതോടൊപ്പം പീക്ക് സമയങ്ങളിലെ ഉപയോഗവും ആവശ്യമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ക്രമീകരിക്കാവുന്നതാണ്. ഇത് കൂടാതെ, ബില്‍ തയ്യാറാക്കാനുള്ള സമയക്രമം ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം മാസം ദ്വൈമാസം എന്ന രീതിയില്‍ മാറ്റാനും സ്മാര്‍ട്ട്മീറ്ററിലൂടെ സാധിക്കുന്നതാണ്.
സാധാരണ മീറ്ററില്‍ നിന്നും വ്യത്യസ്തമായി, സ്മാര്‍ട്ട് മീറ്ററില്‍ ഉപഭോക്താവും ഉപകരണവും കെ എസ് ഇ ബിയുമായി ആശയവിനിമയം നടത്താനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ഈ സംവിധാനം ഉപഭോക്താവിനു ഹാനികരമായ വികിരണം ഉണ്ടാക്കുമെന്ന മട്ടിലുള്ള പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. നിത്യജീവിതത്തില്‍ വളരെ സാധാരണമായി ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണില്‍ നിന്നുള്ള വികിരണത്തിന്റെ ചെറിയ ഒരംശം വികിരണം സ്മാര്‍ട്ട്മീറ്ററിലെ ആശയവിനിമയ സംവിധാനത്തില്‍ നിന്നും ഉണ്ടാകുമെങ്കിലും മീറ്റര്‍ സ്ഥാപിച്ചിരിക്കുന്നത് കെട്ടിടത്തിന്റെ പുറം ഭാഗത്തായതിനാല്‍ അത് ഉപഭോക്താവിനെ ബാധിക്കുകയില്ല.
ഇപ്പോള്‍, പ്രതിമാസം 500 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും എല്‍ റ്റി 4 വിഭാഗത്തിലെ വ്യാവസായിക ഉപഭോക്താക്കള്‍ക്കും ടൈം ഓഫ് തെ ഡേ (ടി ഓ ഡി)താരിഫ് ആണ് ബാധകം. സ്മാര്‍ട്ട്മീറ്റര്‍ വരുന്നത് ഈ വിഭാഗത്തിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഉപയോഗക്രമം, നിരക്ക് കൂടിയ സമയത്തില്‍ നിന്നും നിരക്ക് കുറവുള്ള സമയത്തേക്ക് ക്രമീകരിച്ചാല്‍ ബില്‍ തുക കുറയ്ക്കാന്‍ സാധിക്കും. ഇത് വഴി, വൈദ്യുതി ബോര്‍ഡിന് പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിലും കുറവുണ്ടാക്കാനാവും. വരും വര്‍ഷങ്ങളില്‍ ടി.ഓ.ഡി നിരക്ക് ബാധകമാകുന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
വൈദ്യുതി ബില്‍ തുക ആദ്യമേ തന്നെ അടയ്ക്കുന്ന സംവിധാനമാണ് (പ്രി പെയ്ഡ്) സ്മാര്‍ട്ട് മീറ്ററില്‍ ഉള്ളത് എന്നും ആയതിനാല്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി വിശ്ചേദിക്കുമെന്നാണ് അടുത്ത ആക്ഷേപം. സ്മാര്‍ട്ട് മീറ്ററില്‍ പ്രി പെയ്ഡ് സംവിധാനത്തോടൊപ്പം പിന്നീട് പണമടയ്ക്കുന്ന സംവിധാനവും (പോസ്റ്റ് പെയ്ഡ്) ഉണ്ടാകും. ഇതില്‍ ഏത് വേണമെങ്കിലും ഉപഭോക്താവിനു തിരഞ്ഞെടുക്കാം. ഈ രണ്ട് സംവിധാനത്തിലും ഉപഭോക്താവിന് മുന്നറിയിപ്പ് നല്‍കിയിട്ടും പണം അടയ്ക്കാത്ത സാഹചര്യത്തില്‍ മാത്രമേ വൈദ്യുതി കണക്ഷന്‍ വിശ്ചേദിക്കുകയുള്ളു.
കേടായ മീറ്റര്‍ മാറ്റിവെയ്ക്കുന്നതുമായും മീറ്റര്‍ വാടക ഈടാക്കുന്നതുമായും ബന്ധപ്പെട്ട് ഇപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ തന്നെയാകും സ്മാര്‍ട്ട് മീറ്റര്‍ വരുമ്പോഴും ബാധകമാകുന്നത്. സംയോജിത ഊര്‍ജ്ജ വികസന പദ്ധതി (ഐ പി ഡി എസ്) അനുസരിച്ച് കേരളത്തിലെ 63 പട്ടണങ്ങളില്‍ പ്രതിമാസം 200 യൂണിറ്റിനു മുകളില്‍ ഉപയോഗിക്കുന്ന അഞ്ച് ലക്ഷം ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്മീറ്റര്‍ സ്ഥാപിക്കുന്നതിന് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും 241 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
രാജ്യത്തെ വൈദ്യുത സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഊര്‍ജ്ജക്ഷമതയോടെയുള്ള വൈദ്യുതി വിതരണം പ്രോല്‍സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന 'ഉദയ്' പദ്ധതിയില്‍ മററു സംസ്ഥാനങ്ങളോടൊപ്പം കേരളവും പങ്കാളിയാണ്. ഈ പദ്ധതിയുടെ ഭാഗമായിക്കൂടി നടപ്പാക്കുന്ന സ്മാര്‍ട്ട്മീറ്റര്‍, കേരളത്തിലെ വൈദ്യുതിമേഖലയിലെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാന്‍ സഹായകരമാകുമെന്നാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."