ജോര്‍ജ് ഫ്‌ളോയിഡിന് നീതി ലഭിക്കണമെന്ന് ഭാര്യ
വാഷിങ്ടണ്‍: തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് വെള്ളക്കാരനായ പൊലിസുകാരന്റെ വംശവെറിയുടെ ഇരയായി കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡിന്റെ വിധവ റോക്‌സി വാഷിങ്ടണ്‍. ആറ് വയസുകാരിയായ മകള്‍ ജിയാന്നയ്‌ക്കൊപ്പം മിനിയപോളിസ് സിറ്റി ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അവര്‍ നീതിക്കായി പോരാടുമെന്ന് അറിയിച്ചത്. വിതുമ്പിക്കരഞ്ഞുകൊണ്ടാണ് റോക്‌സി സംസാരിച്ചത്.
എന്താണ് ഞങ്ങളില്‍ നിന്ന് ആ ഉദ്യോഗസ്ഥന്‍ കവര്‍ന്നെടുത്തതെന്ന് എല്ലാവരുമറിയണം. അവരൊക്കെ വീടുകളിലേക്കും കുടുംബങ്ങളിലേക്കും മടങ്ങിപ്പോകും. പക്ഷേ, ജിയാന്നയ്ക്ക് ഇനി അവളുടെ അച്ഛനില്ല. ജോര്‍ജിന് ഒരിക്കലും മകള്‍ വളരുന്നതോ പഠിച്ച് മിടുക്കിയാവുന്നതോ കാണാനാകില്ല. അവളെ ഒരിക്കലും അച്ഛന്‍ വിവാഹവേദിയിലേക്ക് ആനയിക്കില്ല. അവള്‍ക്ക് അച്ഛനെ ആവശ്യമുള്ളപ്പോള്‍ അവളുടെ പ്രശ്‌നങ്ങളറിക്കാന്‍ ജോര്‍ജിന്റെ സാമീപ്യം ഇനിയില്ല. ജോര്‍ജ് നല്ലവനായിരുന്നു. അദ്ദേഹത്തിന് വേണ്ടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്. എന്റെ കുഞ്ഞിന് വേണ്ടിയുമാണ്. ഞങ്ങള്‍ക്ക് നീതി കിട്ടണം'- റോക്‌സി പറഞ്ഞു.ചെറുകിട ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്ന ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയായിരുന്നു കൊലപാതകം. ഡെറക് ചോവ് ജോര്‍ജിന്റെ കഴുത്തില്‍ കാല്‍മുട്ട് വെച്ച് ഞെരിച്ചമര്‍ത്തിയതുമൂലമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ വ്യാപക പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."