മസൂദ് അസ്ഹറിന്റെ മരുമകനെ എന്തിന് വിജയിപ്പിക്കണം?- യു.പിയിലെ മുസ്ലിം സ്ഥാനാര്‍ത്ഥിക്കെതിരെ ആക്ഷേപവുമായി യോഗി ആദിത്യനാഥ്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍ മണ്ഡലത്തിലെ മുസ്ലിം സ്ഥാനാര്‍ത്ഥിക്കെതിരെ അതിനീചമായ ആക്ഷേപവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന് മസൂദിനെ നിരോധിത ഭീകരസംഘടനയായ ജെയ്ഷ് നേതാവ് മസൂദ് അസ്ഹറിന്റെ മരുമകനുമായാണ് താരതമ്യംചെയ്തത്. ഇമ്രാന് സംസാരിക്കുന്നത് മസൂദ് അസ്ഹറിന്റെ ഭാഷയാണെന്നും ആദിത്യനാഥ് ആരോപിച്ചു. ''മസൂദ് അസ്ഹറിന്റെ മരുമകന് സഹാറന്‍പുരില്‍ വന്ന് അയാളുടെ ഭാഷയില്‍ സംസാരിക്കുകയാണ്. മസൂദ് അസ്ഹറിന്റെ ഭാഷയില്‍ സംസാരിക്കുന്ന ഒരാളെ സഹാറന്‍പുരില്‍ നിന്ന് ജയിപ്പിക്കണോ... അതോ വികസനത്തിന്റെ പ്രതീകമായ (ബി.ജെ.പി സ്ഥാനാര്‍ത്ഥി) രാഘവ് ലഖന്പാലിനെ വിജയിപ്പിക്കണോ?- യോഗി ആദിത്യനാഥ് ചോദിച്ചു. അല്‍ഖാഇദാ നേതാവ് ഉസാമാ ബിന്‍ ലാദന്റെ ഗതിയാവും മസൂദ് അസ്ഹറിനും ഉണ്ടാവുകയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറുകള്‍ ഭീകരര്‍ക്കു ബിരിയാണി വച്ചുവിളമ്പിയപ്പോള് ഇപ്പോഴത്തെ സര്‍ക്കാര്‍ ഭീകരര്‍ക്ക് വെടിയുണ്ടകളാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇമ്രാന്റെ പേര് പറയാതെയായിരുന്നു ആദിത്യനാഥിന്റെ പരാമര്‍ശം. 2014 ലോക്സഭാ തെരഞ്ഞടെുപ്പില്‍ ഇതേ മണ്ഡലത്തില്‍ രാഘവ് ലഖന്പാല് 65,000 വോട്ടുകള്‍ക്ക് ഇമ്രാന് മസൂദിനെ പരാജയപ്പെടുത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ മണ്ഡലം ഇമ്രാനിലൂടെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."