മലപ്പുറത്തിനെതിരേ ആനക്കള്ളം വിലപോവില്ലെന്ന് നേതാക്കള്‍
മലപ്പുറം: പാലക്കാട്ട് ആന ദാരുണമായി ചത്തതിനെ മറവില്‍ മലപ്പുറത്തെ അവഹേളിച്ചു ബിജെപി നേതാക്കള്‍ നടത്തിയ വര്‍ഗീയ പ്രസ്താവനക്കെതിരെ ജില്ല ഒറ്റക്കെട്ട് . മറ്റൊരു ജില്ലയിലുണ്ടായ സംഭവം മലപ്പുറത്ത് നടന്നതെന്നു വരുത്തി ജില്ലയെ ക്രിമിനല്‍ കേന്ദ്രം ആക്കിയുള്ള കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ മേനക ഗാന്ധിയും നടത്തിയ പ്രസ്താവനകള്‍ ബിജെപി നേതാക്കളുടെ വര്‍ഗീയ മനസ്ഥിതിക്ക് തെളിവാണെന്നു മലപ്പുറം ജില്ലയിലെ നേതാക്കള്‍ പ്രതികരിച്ചു. അതേസമയം ജില്ലയിലെ ബി.ജെ.പി നേതാക്കള്‍ വിഷയത്തോടു പ്രതികരിക്കാന്‍ തയ്യാറായതുമില്ല.
(പി.കെ കുഞ്ഞാലികുട്ടി എം.പി )
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഏരിയയില്‍ ആനയെ ക്രൂരമായി കൊന്ന നടപടി അങ്ങേയറ്റം അപലപനീയവും മനുഷ്യത്വരഹിതവുമാണ്. എന്നാല്‍ ഈ സംഭവത്തെ അപലപിക്കുന്നതിനു പകരം മലപ്പുറത്തെ അവഹേളിച്ചിരിക്കുകയാണ് ബി.ജെ.പി നേതാക്കള്‍. സംഭവത്തെ കുറിച്ച് ശരിയായി അന്വേഷിക്കാതെ മലപ്പുറം ക്രിമിനല്‍ ജില്ലയാണെന്നാണ് മേനകഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. സംഭവം നടന്നത് പാലക്കാട് ജില്ലയിലാണ്. മലപ്പുറത്ത് ഇത്തരത്തിലുള്ള ഒരു സംഭവം നടന്നിട്ടേയില്ല. എന്നിട്ടും മലപ്പുറം ജില്ലയും അവിടത്തെ ജനങ്ങളുമാണ് ഇതിനുത്തരവാദികളെന്ന തരത്തിലുള്ള പ്രചരണമാണ് നടത്തുന്നത്. ഡല്‍ഹിയില്‍ മനുഷ്യനു വംശനാശം വരുത്തുന്ന നരഹത്യ നടന്നിട്ടു തിരിഞ്ഞുനോകാത്തവരാണ് മലപ്പുറമെന്നു കേട്ട മാത്രയില്‍ തെറ്റായ പ്രചരണവുമായി പടപ്പുറപ്പാടു നടത്തുന്നത്. മനുഷ്യനെ നിഷ്ഠൂരമായികൊല്ലുന്നത് കാണാതിരുന്നവരാണിവര്‍. ആനയെ കൊലപ്പെടുത്തിയ ക്രൂരതപോലെതന്നെ അപകടകരമാണ് ഇത്തരം വര്‍ഗീയ പ്രചരണങ്ങളും. സഹജീവികളെ ക്രൂരമായി കൊല്ലുന്നത് ഏതു ജില്ലയിലാണങ്കിലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഉത്തരവാദികളയാവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.
വി.വി പ്രകാശ് (മലപ്പുറം ഡി.സി.സി പ്രസിഡന്റ്)
ബി. ജെ.പിയുടെ വര്‍ഗീയ അജന്‍ഡയാണ് മുന്‍ മന്ത്രി മേനകഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ മലപ്പുറം ജില്ല ക്കെതിരായ നുണപ്രചരണത്തിനു പിന്നില്‍. മതസൗഹാര്‍ദ്ധത്തിനു കേളികേട്ട മലപ്പുറത്തിനു മേല്‍ ബോധപൂര്‍വ്വം വര്‍ഗീയതയുടെ നിറം നല്‍കാനുള്ള ഈ ശ്രമം മതേതര സമൂഹം തിരിച്ചറിയും. പാലക്കാട് ജില്ലയില്‍ ഉണ്ടായ ഒരു ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ മറവില്‍ മലപ്പുറം ജില്ലയെ ക്രിമിനല്‍ ജില്ലയെന്ന് പ്രഖ്യാപിച്ചതിലൂടെ മലപ്പുറം ജില്ലയിലെ സാധാരണ ജനങ്ങളെ മുഴുവനും അപമാനിച്ചിരിക്കുകയാണ് അവര്‍. ജാതി മത ഭേദമന്യേ മുഴുവന്‍ ജനങ്ങളും സൗഹാര്‍ദ്ധത്തോടെ കഴിയുന്ന ജില്ലയെ മുന്‍ധാരണയോടെ വിലയിരുത്തിയ പ്രതികരണമാണിത്. ഈ പ്രചരണത്തിനു പിന്നില്‍ ബി. ജെ.പിയുടെ വര്‍ഗീയ കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹിതമായ മതസൗഹാര്‍ദ്ദ പാരമ്പര്യമുള്ള മലപ്പുറത്തെ ഒറ്റപ്പെടുത്താന്‍ മുസ്‌ലിം വിരുദ്ധ നിലപാടുകളില്‍ കുപ്രസിദ്ധയായ മനേക ഗാന്ധി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് ബി ജെ പിയും മനേകാ ഗാന്ധിയും മാപ്പ് പറയണം.
എപി ഉണ്ണികൃഷ്ണന്‍: (മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
മലപ്പുറം ജില്ലയെ കുറിച്ചുള്ള ബി.ജെ.പി നേതാക്കളുടെ മുന്‍വിധികള്‍ എത്രമാത്രം അപകടകരമാണന്ന് തെളിയിക്കുന്നതാണ് മേനക ഗാന്ധിയുടെ ട്വീറ്റ്. രാജ്യത്ത് വര്‍ഗീയത കത്തിപടരുമ്പോഴെല്ലാം സൗഹാര്‍ദ്ധത്തിന്റെ മാതൃക കാണിച്ച ജില്ലയാണ് മലപ്പുറം. മനുഷ്യരോടു മാത്രമല്ല, സഹജീവികളോടു ഇടപെടുന്നതിലും മലപ്പുറം മാതൃകയാണ്. പാലക്കാട് ജില്ലയില്‍ ആനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മലപ്പുറത്തെ ക്രൂശിക്കുന്നത് വിവരക്കേടാണ്. ഇത്തരം പ്രചരണങ്ങളിലൂടെ മലപ്പുറം ജില്ലയെ ഇകഴ്ത്തികാണിക്കാനാണ് ശ്രമിച്ചത്. ഇതിനു മുന്‍പും ബി.ജെ.പി നേതാക്കള്‍ മലപ്പുറത്തെയും ഇവിടത്തെ ജനങ്ങളെയും മോശം പരാമര്‍ശങ്ങള്‍ നടത്തി അവമതിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സഹജീവി സ്‌നേഹത്തിന്റെ പേരില്‍ വര്‍ഗീയ വളര്‍ത്തുന്നവരാണ് രാജ്യത്തെ ഏറ്റവും വലിയ ക്രിമിനലുകളെന്ന് മതേതര സമൂഹം തിരിച്ചറിയണം.
ഇ.എന്‍ മോഹന്‍ദാസ്( സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി)
നയുടെ ദാരുണാന്ത്യത്തില്‍ മലപ്പുറത്തെ ജനങ്ങളെ പ്രതിക്കൂട്ടിലാക്കി ബി.ജെ.പി നേതാക്കള്‍ മലപ്പുറം ജില്ലയെ സംബന്ധിച്ച് വസ്തുതാവിരുദ്ധ പരാമര്‍ശം നടത്തിയത് തികച്ചും അപലപനീയമാണ്. വിഷയങ്ങളെ കൃത്യമായി പഠിക്കാതെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണങ്ങള്‍ നടത്തുന്നത് ഉയര്‍ന്ന പദവിയിലിരിക്കുന്നവര്‍ക്ക് ചേര്‍ന്നതല്ല. എക്കാലത്തും മതസൗഹാര്‍ദ്ദം നിലനിര്‍ത്തിയിട്ടുള്ള മലപ്പുറം ജില്ലയെ സംബന്ധിന്ധിച്ചുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മതേതര സമൂഹത്തോടു മാപ്പുപറയാന്‍ ബി.ജെ.പി നേതാക്കള്‍ തയ്യാറാകുകയാണ് വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."