ജോയ്‌സ് ജോര്‍ജ്ജ് എം.പി യുടെ പട്ടയം: സബ് കലക്ടറുടെ നടപടി ജില്ലാ കലക്ടര്‍ റദ്ദാക്കി
തൊടുപുഴ: ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടേയും കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ നടപടി ജില്ലാ കലക്ടര്‍ റദ്ദാക്കി. സബ് കലക്ടര്‍ തന്നെ പുനഃപരിശോധന നടത്തി കക്ഷികളെ കേട്ട് തെളിവുകള്‍ പരിശോധിച്ച് എട്ട് ആഴ്ചക്കകം നടപടികള്‍ തീര്‍പ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചുള്ള ജില്ലാ കലക്ടറുടെ ഉത്തരവും പുറത്തിറങ്ങി. ഭൂമിയുടെ പട്ടയം റദ്ദാക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. നടപടി ധൃതി പിടിച്ചതും നിയമവിരുദ്ധവുമാണെന്നും വസ്തുതകള്‍ പഠിക്കാതെയുള്ളതുമാണ്.
അഭിഭാഷകന്‍ മുഖേന ഹാജരാകാനുള്ള അവകാശം നിഷേധിച്ചത് സാമാന്യ നീതിയുടെ ലംഘനമാണ്. അഡ്വക്കേറ്റ്‌സ് ആക്ട് സെക്ഷന്‍(30) അനുസരിച്ച് ഇന്ത്യയില്‍ ഏതധികാരിയുടെ മുമ്പിലും അഭിഭാഷകന്‍ മുഖേന ഹാജരാകാമെന്ന വ്യവസ്ഥ സബ് കലക്ടര്‍ ലംഘിച്ചു. വസ്തുതകള്‍ പഠിക്കാനും മനസിലാക്കാനും സബ്കലക്ടര്‍ തയാറായില്ല.
കേരള ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും സമാന സ്വഭാവമുള്ള കേസുകളിലെ വിധിന്യായങ്ങള്‍ പരിശോധിക്കാന്‍ സബ്കലക്ടര്‍ തയാറാകാതിരുന്നത് കൃത്യവിലോപമാണെന്നും റിപോര്‍ട്ട് പറയുന്നു.
ഹിയറിങ്ങിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്ന ദിവസം പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ഉണ്ടായിരുന്നതിന്റെ തെളിവുകളും രേഖകളും എം.പി ഹാജരാക്കിയിരുന്ന സാഹചര്യത്തില്‍ അക്കാര്യം പരിഗണിച്ച് ഹിയറിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റാവുന്നതേ ഉണ്ടായിരുന്നുള്ളു. അന്നേ ദിവസം മാറ്റി കൊടുത്തില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ അസാന്നിധ്യം ദുരുപയോഗം ചെയ്ത് അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തത് തെറ്റാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഫയല്‍ തയാറാക്കിയത്. ഹിയറിംഗിന് മൂന്ന് തവണ അവസരം നല്‍കിയെന്ന നോട്ടിസ് അവ്യക്തമാണ്. പുന:പരിശോധിച്ച് കൃത്യമായി നോട്ടിസ് നല്‍കി ഹിയറിംഗ് നടത്തി എട്ട് ആഴ്ചക്കകം തീരുമാനമെടുക്കണമെന്നാണ് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."