നാട്ടുകാര്‍ ഒന്നിച്ചു; നിര്‍ധന കുടുംബത്തിന്റെ വീടെന്ന സ്വപ്നം പൂവണിയുന്നു
വൈക്കം: ഷൈലയുടെയും മക്കളുടെയും വീടെന്ന സ്വപ്നം പൂവണിയുന്നു. തലയാഴം പുത്തന്‍പാലം പന്ത്രണ്ടേക്കറില്‍ ഷൈലയുടെയും രണ്ട് പെണ്‍മക്കളുടെയും വീടിന്റെ ശോച്യാവസ്ഥയെത്തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ കുടുംബസഹായനിധി രൂപീകരിച്ചിരുന്നു. പാലാംകടവ്-വൈക്കം-കോട്ടയം റൂട്ടിലോടുന്ന ജയന്തി ബസിന്റെ ഇന്നത്തെ മുഴുവന്‍ വരുമാനവും ഈ കുടുംബത്തിന് നല്‍കും.
മഴയും കാറ്റും പാഞ്ഞെത്തുമ്പോള്‍ വീടിനുള്ളില്‍ ഭയാശങ്കയോടെയാണ് ഷൈലയും രണ്ട് പെണ്‍മക്കളും കിടന്നുറങ്ങുന്നത്. രണ്ടര വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് തമ്പാന്‍ അസുഖം ബാധിച്ച് മരിച്ചതോടെ ഇവരുടെ ജീവിതം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്.
തലയാഴം പുത്തന്‍പാലം സ്‌ക്കൂളില്‍ ആയയായി ജോലി നോക്കുന്നതിന് കിട്ടുന്ന 3500 രൂപയാണ് ഇവരുടെ ഏക വരുമാനം. മക്കള്‍ ആതിര തമ്പാന്‍ എട്ടിലും അനഘ തമ്പാന്‍ അഞ്ചിലും പഠിക്കുന്നു.
കുട്ടികള്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവിടെയും പ്രതിസന്ധിയുണ്ടാക്കുന്നു.
ഷൈലയ്ക്ക് കഴിഞ്ഞനാല് മാസമായി ശമ്പളം ലഭിക്കുന്നില്ല. ഇതിനിടയില്‍ മക്കളുടെ വിദ്യാഭ്യാസ ചെലവും എല്ലാം മുന്നോട്ടുകൊണ്ടുപോകുവാന്‍ ഷൈല ബുദ്ധിമുട്ടുകയാണ്.
മഴ പെയ്താല്‍ വീടുമുഴുവന്‍ ചോര്‍ന്നൊലിക്കുന്നു. കാറ്റ് അതിശക്തമായായാല്‍ വീടിന്റെ പട്ടികകളുമെല്ലാം അടര്‍ന്നുപോകുന്നു. ഇവരുടെ ബുദ്ധിമുട്ടുകളില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌ക്കൂളിലെ അധ്യാപകരും സഹായഹസ്തമേകാറുണ്ട്. ഇപ്പോള്‍ ഒരുവിധത്തില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഷൈലയുടെ കുടുംബസഹായഫണ്ടിലേക്കാണ് ജയന്തി ബസിന്റെ ഇന്നത്തെ വരുമാനം വിനിയോഗിക്കുന്നത്. തലയാഴം ഉല്ലല മീനാംതുരുത്ത് വീട്ടില്‍ റിട്ട. പോലീസ് ഉദ്യോഗസ്ഥനായ എ.എസ് ഗോപാലകൃഷ്ണനാണ് ഏവര്‍ക്കും മാതൃകയാകാവുന്ന ഈ സല്‍പ്രവൃത്തിക്ക് തുനിഞ്ഞിരിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."