ഹൈക്കോടതികളില്‍ 51 ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ
ന്യൂഡല്‍ഹി: രാജ്യത്തെ 10 ഹൈക്കോടതികളിലേക്കായി 51 ജഡ്ജിമാരെ നിയമിക്കുന്നതിനായി സുപ്രിം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ കൊളീജിയമാണ് ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിന് നല്‍കിയത്. നിലവില്‍ രാജ്യത്തെ 24 ഹൈക്കോടതികളിലായി 41 ശതമാനത്തിലധികം ജഡ്ജിമാരുടെ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. 1079 ജഡ്ജിമാര്‍ വേണ്ടിടത്ത് ഇപ്പോള്‍ 632 ജഡ്ജിമാര്‍ മാത്രമാണ് ഉള്ളത്.
ജഡ്ജിമാരുടെ പേരുകള്‍ സംബന്ധിച്ച പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത് ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വര്‍ എന്നിവരടങ്ങിയ സമിതിയാണ്. കൊളീജിയത്തിന്റെ നടപടിക്രമങ്ങള്‍ സുതാര്യമല്ലെന്ന് ആരോപിച്ച് ചെലമേശ്വര്‍ കൊളീജിയം യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ ചീഫ് ജസ്റ്റിസ് ഖെഹാര്‍ മെയ് 20നും 29നും ഇടക്ക് ദീപക് മിശ്ര, ചെലമേശ്വര്‍ എന്നിവരുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തിയാണ് പട്ടികക്ക് അന്തിമ രൂപം നല്‍കിയത്. വിവിധ ഹൈക്കോടതികളിലെ കൊളീജിയം നല്‍കിയ 90 പേരുകളില്‍ നിന്നാണ് 51 പേരുകള്‍ തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."