സുഖ്റാമും പേരമകനും വീണ്ടും കോണ്‍ഗ്രസില്‍
ഷിംല: ടെലികോം അഴിമതിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ വിവാദ നായകനായ മുന്‍ കേന്ദ്രമന്ത്രി സുഖ്റാം, പേരമകന് ആശ്രയ ശര്‍മ എന്നിവര്‍ വീണ്ടും കോണ്‍ഗ്രസിലെത്തി. ഹിമാചല്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി അംഗം രജ്നി പാട്ടിലാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്ന വിവരം അറിയിച്ചത്.
കഴിഞ്ഞ ദിവസം ഇരുനേതാക്കളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസിലേക്ക് ഔദ്യോഗികമായി ചേര്‍ന്നത്.
ഹിമാചല്‍ പ്രദേശിലെ ജെയ്റാം താക്കൂറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിലെ കാബിനറ്റ് മന്ത്രിയാണ് ആശ്രയ ശര്‍മയുടെ പിതാവും സുഖ്റാമിന്റെ മകനുമായ അനില്‍ ശര്‍മ.
കോണ്‍ഗ്രസില്‍ ചേര്‍ന്ന സാഹചര്യത്തില്‍ മാണ്ഡി സീറ്റില്‍ നിന്ന് അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് വിവരം.
മാണ്ഡി സീറ്റില്‍ നിലവിലെ എം.പിയായ രാമസ്വരൂപ് ശര്‍മക്ക് വീണ്ടും മത്സരിക്കാന്‍ ബി.ജെ.പി അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ആശ്രയ ശര്‍മ ബി.ജെ.പി വിട്ടത്.
2012-17 കാലത്ത് ഹിമാചല്‍ ഭരിച്ചിരുന്ന വീരഭദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിലെ അംഗമായിരുന്നു അനില്‍ ശര്‍മ. പിന്നീട് അദ്ദേഹം രാജിവച്ചാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അദ്ദേഹത്തോടൊപ്പം മകന് ആശ്രയ ശര്‍മയും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
അതിനിടെ അനില്‍ ശര്‍മയും മകനുവേണ്ടി ബി.ജെ.പിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. മാണ്ഡി സീറ്റില്‍ മകന് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെങ്കില്‍ അനില്‍ ശര്‍മയും ബി.ജെ.പി വിട്ടേക്കുമെന്നാണ് വിവരം.
ഹിമാചല്‍ മുഖ്യമന്ത്രി ജെയ്റാം താക്കൂറിന്റെ ജന്മ സ്ഥലമാണ് മാണ്ഡി. ഇവിടെ നിന്ന് മൂന്ന് തവണ സുഖ്റാം ലോക്സഭയില്‍ എത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."