കനത്ത ചൂട്; വേനല്‍ കലണ്ടറുമായി ക്ഷീരവികസന വകുപ്പ്
കിരണ്‍ പുരുഷോത്തമന്‍
കൊച്ചി: സംസ്ഥാനത്ത് ചൂട് കനത്തതോടെ പ്രതിസന്ധിയിലായ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ വേനല്‍ കലണ്ടറുമായി ക്ഷീരവികസനവകുപ്പ് രംഗത്ത്. എറണാകുളം ജില്ലയിലാണ് ആദ്യമായി കലണ്ടര്‍ പുറത്തിറക്കിയത്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കന്നുകാലികളെ എങ്ങനെ സംരക്ഷിക്കണമെന്നും പാല്‍ ഉല്‍പാദനം കുറയാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നുമാണ് കലണ്ടറില്‍ വിശദീകരിക്കുന്നത്. വേനല്‍ച്ചൂട് കനത്തതോടെ പാല്‍ ഉല്‍പാദനത്തില്‍ വന്‍കുറവാണ് രേഖപ്പെടുത്തുന്നത്. ഇത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രതിദിനം 200 ലിറ്റര്‍ സംഭരിച്ചിരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളില്‍ സംഭരണം 150 ലിറ്ററിലും താഴെയായി മാറി. ഇതിനാല്‍ നിത്യച്ചെലവുകള്‍പോലും നടത്താന്‍ കഴിയാതെ ചെറുകിട ക്ഷീര സംഘങ്ങളും പ്രതിസന്ധിയിലായി. ദിവസം പത്ത് ലിറ്റര്‍ പാല്‍ അളന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അഞ്ചുലിറ്ററായതായി കര്‍ഷകര്‍ പറയുന്നു.
കനത്ത ചൂടില്‍ നാടന്‍ പശുക്കള്‍ മാത്രമാണ് പാലുല്‍പാദനത്തില്‍ കുറവില്ലാതെ പിടിച്ചുനില്‍ക്കുന്നത്. സങ്കരയിനം പശുക്കള്‍ക്ക് ചൂടില്‍ കിതപ്പും ശാരീരിക ക്ഷീണവും കൂടുതലാണ്. ചൂടിനെ തുടര്‍ന്ന് പച്ചപ്പുല്ലിന്റെ ലഭ്യത കുറഞ്ഞതും കര്‍ഷകര്‍ക്ക് വിനയായി. പകല്‍ സമയങ്ങളില്‍ പശുവിനെ പുറത്ത് കെട്ടാതിരിക്കുക, വൈക്കോലിനുപകരം പച്ചപ്പുല്ല് ധാരാളമായി നല്‍കുക, ഏതുസമയത്തും കുടിക്കാന്‍ പാകത്തില്‍ ശുദ്ധജലം പശുവിന് ലഭ്യമാക്കുക തുടങ്ങിയവയാണ് കലണ്ടറിലെ നിര്‍ദേശങ്ങള്‍. പാല്‍ ഉല്‍പാദനം കുറയാതിരിക്കാന്‍ കൃത്യമായ അളവില്‍ ധാതുലവണങ്ങള്‍ നല്‍കണമെന്നും ദിവസേന കുറഞ്ഞത് രണ്ട് തവണയെങ്കിലും പശുക്കളെ കുളിപ്പിക്കണമെന്നും കലണ്ടറില്‍ നിര്‍ദേശമുണ്ട്. കലണ്ടര്‍ സംബന്ധിച്ച് മികച്ച അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പാല്‍ സൊസൈറ്റികളില്‍ ഇത് പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു.
കൂടാതെ പാല്‍ സൊസൈറ്റികള്‍ കേന്ദ്രീകരിച്ച് ഏപ്രില്‍ മാസത്തില്‍ പച്ചപ്പുല്ല് വിതരണം ചെയ്യുന്ന പദ്ധതിയും ആരംഭിക്കുമെന്ന് ക്ഷീരവികസന വകുപ്പ് അറിയിച്ചു. പ്രളയകാലത്ത് വൈക്കോല്‍ വിതരണം നടത്തിയ അതേ മാതൃകയിലായിരിക്കും പച്ചപ്പുല്ല് വിതരണവും നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."