കൊച്ചുകുട്ടികളെ കാറിന്റെ പിന്‍സീറ്റില്‍ ഇരുത്തണം: ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം: സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുള്ള എല്ലാ യാത്രാവാഹനങ്ങളിലും 13 വയസില്‍ താഴെയുള്ള കുട്ടികളെ പിന്‍സീറ്റിലിരുത്തി യാത്ര ചെയ്യണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ നിര്‍ദേശിച്ചു. രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ബേബി സീറ്റ് ഘടിപ്പിക്കുന്നതിന് ആവശ്യമായ ഭേദഗതികള്‍ മോട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും വരുത്തണമെന്നും കമ്മിഷന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി.
ഇക്കാര്യത്തില്‍ ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഗതാഗത കമ്മിഷണറും വനിത - ശിശു വികസന വകുപ്പും നടപടി എടുക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും കുട്ടിയുടെയും മരണവുമായി ബന്ധപ്പെട്ട് വന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി. 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 125(1) എ പ്രകാരം ഡ്രൈവറെ കൂടാതെ ഏഴു സീറ്റുവരെയുള്ള യാത്രാവാഹനങ്ങളില്‍ ഡ്രൈവര്‍ക്കും മുന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. നിയമം പാലിക്കുന്നതിലുള്ള അലംഭാവവും അശ്രദ്ധയുമാണ് പല അപകടങ്ങള്‍ക്കും കാരണമെന്ന് ഗതാഗത കമ്മിഷണര്‍ അറിയിച്ചത്. എന്നാല്‍, കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട സുരക്ഷിതമായ സീറ്റിങ് സംബന്ധിച്ച് നിലവിലുള്ള ഉത്തരവുകളില്‍ വ്യക്തതയില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. 13 വയസിനു താഴെയുള്ളവര്‍ പിന്‍സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നതാണ് സുരക്ഷിതമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുപോലെ, എയര്‍ബാഗ് മുതിര്‍ന്നവര്‍ക്ക് സുരക്ഷിതമെങ്കിലും കുഞ്ഞുങ്ങള്‍ക്ക് അപകടകരമായതിനാല്‍ അവര്‍ക്കുവേണ്ടി ബേബി സീറ്റ് ഘടിപ്പിക്കണമെന്ന് വാഹന നിര്‍മാതാക്കള്‍ തന്നെ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. പല അപകടങ്ങളിലും കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം സുരക്ഷാസീറ്റ് ഇല്ലാത്തതാണ് മാരകമായ പരുക്കുകള്‍ക്കും അപകട മരണങ്ങള്‍ക്കും കാരണമെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രീഷ്യന്‍സ് നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ നമ്മുടെ നാട്ടിലും പാലിക്കപ്പെടേണ്ടതുണ്ടെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."