സ്പെയര്‍ പാര്‍ട്സുകളില്ല; മാനന്തവാടിയില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ കട്ടപ്പുറത്ത്
മാനന്തവാടി: ആവശ്യത്തിന് സ്പെയര്‍ പാര്‍ട്ട്സുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മാനന്തവാടി ഡിപ്പോയിലെ 20 ഓളം ബസുകള്‍ കട്ടപ്പുറത്ത്.
ഇതൊടെ ദീര്‍ഘദൂര സര്‍വിസുകള്‍ ഉള്‍പ്പെടെ മുടങ്ങുന്നു. എന്‍ഞ്ചിന്‍ റീ കണ്ടീഷനിങ്, ഹൗസിങ്ങ്, ഗിയര്‍ ബോക്സിന് കേട് പാടുകള്‍ എന്നിവ കാരണമാണ് ബസുകള്‍ കട്ടപ്പുറത്തായത്. മുമ്പ് കോഴിക്കോട് നിന്നാണ് സ്പെയര്‍ പാര്‍ട്ട്സുകള്‍ വന്ന് കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ എടപ്പാളിലെ റീജ്യണല്‍ ഡിപ്പോയില്‍ നിന്നാണ് സ്പെയര്‍പാര്‍ട്ട്സുകള്‍ ലഭിക്കേണ്ടത്. ഇത് വൈകുന്നത് കാരണമാണ് സര്‍വിസുകള്‍ റദ്ദ് ചെയ്യപ്പെടുന്നത്.
പ്രതിദിനം നല്ല വരുമാനമുണ്ടായിരുന്ന ബസുകളും കട്ടപ്പുറത്തായത് കോര്‍പ്പറേഷനും കനത്ത നഷ്ട്ടമാണ് വരുത്തി വെക്കുന്നത്. ഒരു കാലഘട്ടത്തില്‍ ജില്ലയില്‍ ഏറ്റവും അധികം വരുമാനമുണ്ടായിരുന്ന ഡിപ്പോയായിരുന്നു മാനന്തവാടി. ഗ്രാമീണ മേഖലയിലെ സര്‍വിസുകള്‍ റദ്ദ് ചെയ്യപ്പെടുന്നത് യാത്ര ക്ലേശം ഇരട്ടിയാക്കുകയാണ്. ചുരം വഴി സര്‍വിസ് നടത്തുന്ന ബസുകള്‍ക്കാണ് കേട് പാടുകള്‍ കൂടുതല്‍ സംഭവിക്കുന്നത്. പാല് ചുരം, പേര്യ, കുറ്റ്യാടി, താമരശ്ശേരി എന്നീ നാല് ചുരങ്ങളിലൂടെ സര്‍വിസ് നടത്തുന്ന ജില്ലയിലെ ഏക ഡിപ്പോ കുടിയാണിത്. എന്നാല്‍ അതിന് ആവശ്യമായ പരിഗണന കോര്പ്പറേഷന് അധികൃതരില്‍ നിന്ന് മാനന്തവാടി ഡിപ്പോക്ക് ലഭിക്കുന്നില്ലെന്നാണ് ആരോപണം. സാമ്പത്തിക വര്‍ഷം അവസാനിക്കാരിക്കുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ സ്പെയര്‍ പാര്‍ട്ട്സിന് ഫണ്ട് അനുവദിക്കുന്നത് വൈകുമെന്നതിനാല്‍ ബസുകള്‍ ഇനിയും കട്ടപ്പുറത്ത് തന്നെയാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."