ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി
കൊല്ലം: ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രാജസ്ഥാനി പെണ്‍കുട്ടിയെ കണ്ടെത്തി. മുംബൈയില്‍ നിന്ന് കേരള പൊലിസ് സംഘമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പത്ത് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയെയും ഒപ്പമുള്ള റോഷന് എന്ന യുവാവിനെയും കണ്ടെത്തുന്നത്. ഏറെ വിവാദമായ കേസില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മുഹമ്മദ് റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാല് ദിവസത്തിന് മുന്‍പാണ് പെണ്‍കുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം. ഫോണ്‍കോളുകള്‍ പരിശോധിച്ച് അവ പിന്തുടര്ന്നാണ് പൊലിസ് മുംബൈയില്‍ എത്തിയത്. പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വഴിയോരക്കച്ചവടക്കാരും രാജസ്ഥാന് സ്വദേശികളുമായ മാതാപിതാക്കളെ മര്ദിച്ചവശരാക്കിയ ശേഷം 13കാരിയായ മകളെ വലിയകുളങ്ങര സ്വദേശി മുഹമ്മദ് റോഷന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. രാവിലെ പൊലിസില്‍ പരാതി നല്‍കിയെങ്കിലും പൊലിസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്.
ഓച്ചിറ വലിയകുളങ്ങര പ്രദേശത്താണ് ഇവര്‍ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."