കുതിച്ചുയര്‍ന്ന് കൊവിഡ് വ്യാപനം
ന്യൂഡല്‍ഹി: രാജ്യത്ത് ഇളവുകളോടെ അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ തുടരുമ്പോഴും രോഗവ്യാപനത്തില്‍ കുറവില്ലെന്നു മാത്രമല്ല, വലിയതോതില്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്യുന്നു. നാലാംഘട്ട ലോക്ക്ഡൗണിനു ശേഷം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം രാജ്യത്ത് അറുപത്തിഅയ്യായിരത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ദിവസേന ഒന്‍പതിനായിരത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നുണ്ട്.
മുന്നൊരുക്കവും ആസൂത്രണവുമില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് തിരിച്ചടിയായെന്നു പ്രതിപക്ഷത്തുനിന്നടക്കം വിവിധ കോണുകളില്‍നിന്ന് ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ രോഗവ്യാപനത്തിന്റെയും മരണത്തിന്റെയും തോത് കുറവാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. അഞ്ചാംഘട്ട ലോക്ക്ഡൗണില്‍ നല്കിയ ഇളവുകള്‍ പിന്വലിക്കേണ്ടിവരുമെന്നതടക്കമുള്ള വിദഗ്ധാഭിപ്രായങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. നിലവില്‍ ലോകത്ത് കൊവിഡ് വ്യാപനത്തില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ഓരോ ഘട്ടങ്ങളിലെ ലോക്ക്ഡൗണ്‍ അവസാനിക്കുമ്പോഴും ഇന്ത്യയില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിക്കൂടുകയായിരുന്നു. ഇതും ലോക്ക്ഡൗണ്‍ പരാജയപ്പെടാന്കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."