വേനല്‍ച്ചൂട്; തൊഴില്‍ വകുപ്പ് നിര്‍ദ്ദേശം പാലിക്കുന്നില്ലെന്ന് ആക്ഷേപം
തൊടുപുഴ: കടുത്ത വേനല്‍ച്ചൂടു മൂലം വെയിലില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചെങ്കിലും ഈ നിര്‍ദ്ദേശം പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്ന് ആക്ഷേപം.
പലപ്പോഴും നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് ഈ നിര്‍ദേശം മറി കടന്നു ജോലി ചെയ്യേണ്ടി വരുന്നത്. ലേബര്‍ കമ്മീഷണറുടെ ഉത്തരവു മറി കടന്നു വൈദ്യുതി പോസ്റ്റുകളില്‍ തൊഴിലാളികളെ ഉപയോഗിച്ച് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം തൊഴില്‍ വകുപ്പ് അധികൃതര്‍ നിര്‍ത്തി വയ്പിച്ചു. തൊടുപുഴ മേഖലയില്‍ താപനില 40 ഡിഗ്രിയിലെത്തി.
സൂര്യാഘാത സാധ്യതകള്‍ കണക്കിലെടുത്താണ് രാവിലെ 11 മുതല്‍ ഉച്ച കഴിഞ്ഞ് മൂന്നു വരെ തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിക്കരുതെന്ന് ലേബര്‍ കമ്മീഷണറുടെ കര്‍ശന നിര്‍ദേശമുള്ളത്. എന്നാല്‍ ഇതവഗണിച്ചാണ് വൈദ്യുതി പോസ്റ്റുകളില്‍ തൊഴിലാളികളെ ഉപയോഗിച്ച് കേബിളുകള്‍ സ്ഥാപിക്കുന്ന ജോലി ചെയ്യിക്കുന്നത്. ഞായറാഴ്ച ഇതു ശ്രദ്ധയില്‍പ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍ വി.കെ നവാസിന്റെ നിര്‍ദ്ദേശപ്രകാരം അസി.ലേബര്‍ ഓഫീസര്‍ ടി.കെ.ബെന്നി സ്ഥലത്തെത്തി പണികള്‍ നിര്‍ത്തി വയ്ക്കാനാവശ്യപ്പെട്ടു. മൂന്നിനു ശേഷമാണ് പണികള്‍ പുനരാരംഭിച്ചത്. താപനില കൂടുന്നതിനാല്‍ തൊഴിലാളികള്‍ക്ക് 11 മുതല്‍ മൂന്നു വരെയുള്ള സമയം നിര്‍ബന്ധമായും വിശ്രമം നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശം കരാര്‍ പണികള്‍ ഏറ്റെടുത്തിരിക്കുന്നവര്‍ പാലിക്കുന്നെില്ലന്നു വ്യാപക പരാതിയുണ്ട്. പ്രത്യേകിച്ചും അന്യ സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിലാണ് ഇക്കാര്യം കൂടുതലും ലംഘിക്കപ്പെടുന്നത്. തൊഴില്‍ വകുപ്പിന്റെ നിര്‍ദേശത്തെ സംബന്ധിച്ച് അറിവില്ലാത്തതിനാല്‍ ഇവര്‍ പൊരിവെയിലത്തും പണിയെടുക്കാന്‍ നിര്‍ബന്ധിതമാകുകയാണ്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം രാവിലെ ഏഴിനും 11 നു മിടയിലും വൈകുന്നേരം മൂന്നിനും ഏഴിനുമിടയിലും നിജപ്പെടുത്തിയിരുന്നു. ഏപ്രില്‍ 30 വരെയാണ് ഈ സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കടുത്ത ചൂടുനുഭവപ്പെടുന്ന തൊടുപുഴയില്‍ പോലും സമയ ക്രമീകരണം പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. ഇതിനിടെ ഉയര്‍ന്ന താപനില കണക്കിലെടുത്ത് തൊഴില്‍ വകുപ്പ് നല്‍കിയിരിക്കുന്ന സമയക്രമം കൃത്യമായി പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് തൊഴില്‍വകുപ്പധികൃതര്‍ പറയുന്നത്. ഇത്തരത്തില്‍ തൊഴിലാളികള്‍ പണിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും ജനങ്ങളോട് ഇവര്‍ നിര്‍ദ്ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."