മര്‍ദനമേറ്റ് മരിച്ച കോണ്‍ഗ്രസ് നേതാവ് സുരേഷിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കും: മന്ത്രി എ.സി മൊയ്തീന്‍
മണലൂര്‍: കാഞ്ഞാണിയില്‍ മര്‍ദനമേറ്റ് മരിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്ന പണിക്കശ്ശേരി സുരേഷിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് സുരേഷിന്റെ വീട് സന്ദര്‍ശിച്ച വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അമ്മ സൗഭാഗ്യവതിക്ക് ഉറപ്പ് നല്‍കി.
സംഭവത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഏതാനും കൂട്ട് പ്രതികള്‍ കൂടിയുണ്ടെന്ന ബന്ധുക്കളുടെ പരാതി വളരെ ഗൗരവമായി എടുക്കുമെന്നും വേറെയും ചില പരാതികള്‍ ഉള്‍പ്പടെ സുരേഷിന്റെ അമ്മ പറഞ്ഞതായും ഇത് സംബന്ധിച്ച് തൃശൂര്‍ റൂറല്‍ എസ്.പിക്ക് വിശദമായ പരാതി നല്‍കാന്‍ നിര്‍ദേശിച്ചതായും തുടര്‍ നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍, മുരളിപെരുനെല്ലി എം.എല്‍.എ, ടി.വി ഹരിദാസന്‍, ടി.കെ വാസു, വി.എന്‍ സുര്‍ജിത്ത്, കെ.ആര്‍ പ്രവില്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഏപ്രില്‍ ആറിന് കാഞ്ഞാണി മാര്‍ക്കറ്റില്‍ വെച്ച് ഇപ്പോള്‍ ജയിലിലുള്ള രണ്ടംഗ സംഘത്തിന്റെ നേതൃത്വത്തില്‍ കാരമുക്ക് സുരേഷിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയതായിരുന്നു കൊല്ലപ്പെട്ട സുരേഷ്.
ഇതോടെ അക്രമിസംഘം ഇയാള്‍ക്കെതിരെ തിരിയുകയും ചവിട്ടിവീഴ്ത്തി ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുരേഷ് ഏതാനും ദിവസത്തെ ചികിത്സക്ക് ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെടുകയായിരുന്നു.
കോണ്‍ഗ്രസ് മണ്ഡലം സഹഭാരവാഹി കൂടിയായ സുരേഷ് ആര്‍.എസ്.എസ് ആക്രമണത്തില്‍ കൊല്ലപെട്ടിട്ടുപ്പോലും പ്രദേശികമായോ, ജില്ലാ തലത്തിലോ ഒരു പ്രതിഷേധവും ഉയര്‍ന്നില്ലായെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."