കോട്ടയം ജില്ലാ പഞ്ചായത്ത്: ജോസഫ് അനുകൂല നിലപാടുമായി ഡി.സി.സി നേതൃത്വം
കോട്ടയം: ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് എമ്മിലെ തമ്മിലടിയില്‍ പി.ജെ ജോസഫ് വിഭാഗത്തിനൊപ്പം നിലയുറപ്പിച്ച് ഡി.സി.സി നേതൃത്വം. രാഷ്ട്രീയകാര്യ സമിതി തീരുമാനം അനുനയത്തിലൂടെ നടപ്പാക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് കോട്ടയം ഡി.സി.സി ജോസഫ് അനുകൂല നിലപാടുമായി രംഗത്തെത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് കൈമാറണമെന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം ജോസ് കെ. മാണി പക്ഷം തള്ളിയിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാനായി ഇന്നലെ ചേര്‍ന്ന ഡി.സി.സി നേതൃയോഗത്തില്‍ ജോസ് പക്ഷത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ജോസ് കെ. മാണി പക്ഷം മുന്നണിവിടുന്ന സാഹചര്യമുണ്ടായാലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍കൈയെടുത്ത് ഉണ്ടാക്കിയ കരാര്‍ നടപ്പാക്കണമെന്ന ശക്തമായ വികാരമാണ് യോഗത്തില്‍ ഉയര്‍ന്നത്. ഒരുഘട്ടത്തില്‍ കരാര്‍ ജോസ് വിഭാഗം പാലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കാനും യോഗത്തില്‍ നീക്കമുണ്ടായി.
നേതാക്കള്‍ ഇടപെട്ട് പ്രമേയം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ വികാരം ജോസ് കെ. മാണിയെയും കൂട്ടരെയും അറിയിക്കാനും യോഗം തീരുമാനിച്ചു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുന്‍കൈയെടുത്ത് ഉണ്ടാക്കിയ കരാര്‍ പാലിക്കാതെ ഘടകകക്ഷികള്‍ ചോദ്യംചെയ്യുന്നത് ഭാവിയില്‍ തിരിച്ചടിക്ക് കാരണമാകും. മുന്നണി തീരുമാനം നടപ്പാക്കുകയെന്നത് എല്ലാ ഘടകകക്ഷികളുടെയും ബാധ്യതയാണ്. മുന്‍പ് നടന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എം പിന്തുണയോടെ കോണ്‍ഗ്രസിനെ അട്ടിമറിച്ച ചരിത്രം കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം മറക്കരുതെന്നും യോഗം ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം എതിര്‍പ്പ് രൂക്ഷമാക്കുമ്പോഴും വിട്ടുവീഴ്ചയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസ് കെ. മാണി പക്ഷം. കോട്ടയത്ത് മാണി ഗ്രൂപ്പിന്റെ സാന്നിധ്യം കോണ്‍ഗ്രസിനും മുന്നണിക്കും അവഗണിക്കാനാവില്ലെന്നും അത് തിരിച്ചറിയുന്ന കോണ്‍ഗ്രസ് നേതൃത്വം അനുകൂല നിലപാട് എടുക്കണമെന്നുമാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് പക്ഷം ഒഴിഞ്ഞില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കം ജോസഫ് വിഭാഗവും ശക്തമാക്കിയിട്ടുണ്ട്. ജോസഫ് വിഭാഗം അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നല്‍കുന്നത്. ജോസഫ് - ജോസ് കെ. മാണി വിഭാഗങ്ങളുടെ തമ്മിലടി മുതലെടുക്കാനുള്ള നീക്കം സി.പി.എമ്മും നടത്തുന്നുണ്ട്. അവിശ്വാസം വന്നാല്‍ കോണ്‍ഗ്രസ് നിലപാട് നോക്കി ആരെ പിന്തുണയ്ക്കണമെന്ന തന്ത്രമാവും സി.പി.എം സ്വീകരിക്കുക. അതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജോസഫ് - ജോസ് കെ. മാണി വിഭാഗങ്ങളെ അനുനയിപ്പിക്കാനുള്ള നീക്കം യു.ഡി.എഫ് സംസ്ഥാന നേതൃത്വവും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."