മുറിവില്‍ ഉപ്പ് പുരട്ടുന്ന നേതാക്കള്‍ കാണട്ടെ
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കൊമ്പ് മുളച്ച കാലമാണിത്. പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന വിശ്വാസികളെ കൂട്ടത്തോടെ കൊന്നുതീര്‍ക്കുന്ന ഭീതിതമായ കാലം. അതിന്റെ കരാളമുഖമാണ് കഴിഞ്ഞ മാര്‍ച്ച് 15ന് ന്യൂസിലന്‍ഡിലുണ്ടായത്. ക്രൈസ്റ്റ് ചര്‍ച്ച് പ്രദേശത്തെ രണ്ട് മുസ്‌ലിംപള്ളികളില്‍ മതഭ്രാന്തന്‍ തുരുതുരാ നടത്തിയ വെടിവെപ്പില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. മക്കള്‍ മരിച്ചതറിഞ്ഞ് ഹൃദയം തകര്‍ന്ന് രണ്ട് ഉമ്മമാരും മരിച്ചു. നിരവധിപേര്‍ വിധവകളും അനാഥരുമായി.
ലോകമനഃസാക്ഷിയെ ആകെ നടുക്കുന്നതായിരുന്നു ഈ കൊടുംഭീകരത. ഇത്തരം ഘട്ടങ്ങളില്‍ പലപ്പോഴും ഭരണകൂടങ്ങള്‍ വേട്ടക്കാരന്റെ പക്ഷം ചേരുന്നത് അത്ഭുതമൊന്നുമല്ല. ജനാധിപത്യ, മതേതര രാജ്യമാണെന്നു നാം അഭിമാനിക്കുന്ന ഇന്ത്യയില്‍പ്പോലും കൊടുംകുറ്റവാളികളെ സഹായിക്കുന്ന നിലപാടാണ് ഭരണാധികാരികള്‍ പലപ്പോഴും കൈക്കൊണ്ടിട്ടുള്ളത്. കൊലക്കേസ് പ്രതികളെ വരെ സ്ഥാനാര്‍ത്ഥിയാക്കുകയും ജയിപ്പിക്കുകയും അതുകഴിഞ്ഞ് മന്ത്രിയാക്കുകയും ചെയ്ത എത്രയോ സന്ദര്‍ഭങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്.
എന്നാല്‍, ന്യൂസിലന്‍ഡ് ഭരണകൂടം ഇരകള്‍ക്കൊപ്പമാണു നിന്നത്. മുസ്‌ലിംകള്‍ ആ രാജ്യത്ത് തീര്‍ത്തും ന്യൂനപക്ഷമായിട്ടും ഇത്തരമൊരു നിലപാടെടുത്തുവെന്ന് ഓര്‍ക്കുക. ആ രാജ്യത്തെ ഭൂരിപക്ഷ സമുദായമായ ക്രിസ്ത്യാനികളും ആ നാട്ടിലെ മാധ്യമങ്ങളും തികച്ചും മാന്യത കാട്ടി ഇരകള്‍ക്കൊപ്പം നിന്നു, വേട്ടക്കാരനെ ഒറ്റപ്പെടുത്തി. ദുഃഖിതര്‍ക്കൊപ്പം അവരുടെ വേഷം ധരിച്ചും അവരുടെ ഭാഷയില്‍ സംസാരിച്ചും അവരുടെ വേദന ഏറ്റുവാങ്ങിയും സാന്ത്വനസ്പര്‍ശമായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ മുന്നോട്ടു വന്നു. ആ നാട്ടിലെ സ്ത്രീകള്‍ പര്‍ദ്ദ ധരിച്ച് പീഡിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
ആ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത പാര്‍ലമെന്റ് യോഗത്തില്‍ മുസ്‌ലിം മതപണ്ഡിതനെ പ്രത്യേകം ക്ഷണിച്ചുവരുത്തി വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യിപ്പിച്ചു. അതിനുശേഷമാണ് പാര്‍ലമെന്റ് നടപടികള്‍ ആരംഭിച്ചത്. 'പകയും പ്രതികാരവുമല്ല, ക്ഷമയാണ് പരിഹാരമാര്‍ഗമെന്നും അതുതന്നെയാണ് അന്തിമ വിജയത്തിനു നിദാന'മെന്നും ഉദ്‌ബോധിപ്പിക്കുന്ന ഖര്‍ആന്‍ വാക്യങ്ങളാണ് സന്ദര്‍ഭത്തിന് യോജിച്ച തരത്തില്‍ ഇമാം ആ സഭയില്‍ പാരായണം ചെയ്തത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലും ഇത്തരം നല്ല വശങ്ങള്‍ പരാമര്‍ശിക്കപ്പെട്ടു.
ലോകനേതാക്കളില്‍ മിക്കവരും ന്യൂസിലന്‍ഡിലുണ്ടായ ആ ഭീകരാക്രമണത്തെ അപലപിക്കുകയും ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു, ഇന്ത്യന്‍ പ്രധാനമന്ത്രിയൊഴികെ. വംശീയഭ്രാന്തന്മാര്‍ക്ക് മാര്‍ഗദര്‍ശിയായ ഡൊണാള്‍ഡ് ട്രംപ് സാമൂഹികമാധ്യമങ്ങളില്‍ വിചാരണ ചെയ്യപ്പെട്ടു. അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റിന് ആ ഭീകരപ്രവൃത്തിയില്‍ പരോക്ഷമായെങ്കിലും പങ്കുണ്ട്. ഇസ്‌ലാംവിരുദ്ധ പക്ഷത്തുള്ളവര്‍ക്ക് പ്രചോദനം ട്രംപും മൊസാദുമാണ്. ലോകസമാധാനത്തെയും മാനവികതയെയും വെല്ലുവിളിക്കുന്ന യഥാര്‍ത്ഥ ഭീകരര്‍ ആരാണെന്നു തിരിച്ചറിഞ്ഞിട്ടും സത്യസന്ധമായ വിചാരണകളുണ്ടായില്ല.
1990കളില്‍ ബോസ്‌നിയ, യുഗോസ്ലാവിയ പ്രദേശങ്ങളില്‍ സെര്‍ബിയന്‍ ക്രിസ്ത്യന്‍ തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ ഒരു ലക്ഷത്തിലധികം മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. 22 ലക്ഷത്തിലധികം പേര്‍ വഴിയാധാരമായി.1995 ജൂലൈയില്‍ സെബര്‍ എനിക്ക പ്രദേശത്ത് എട്ടായിരത്തിലേറെ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തു. ഈ കൊടുംക്രൂരതയ്ക്കു നേതൃത്വം നല്‍കിയ ഭീകരന്‍ റാഡോ വന്‍ കരോ ജിപ്പ് ഇപ്പോള്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു ജയിലില്‍ കഴിയുന്നു.
പല വലിയ കുറ്റവാളികളെയും രക്ഷിക്കാന്‍ അവര്‍ക്കെതിരേയുള്ള കേസില്‍ ദുര്‍ബല വകുപ്പുകള്‍ ചേര്‍ക്കുകയും രേഖകള്‍ അട്ടിമറിക്കുകയും വിലകൂടിയ വക്കീലന്മാരെ നിയോഗിച്ച് നൈതികതയെ വെല്ലുവിളിക്കുകയും ചെയ്യുന്നത് ഇന്ത്യയില്‍ പരക്കെ കണ്ടുവരുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ലാല്‍കൃഷ്ണ അദ്വാനി, ഉമാഭാരതി, നരേന്ദ്രമോദി തുടങ്ങി ഒട്ടേറെ ആരോപണവിധേയരും പ്രതികളും ഇപ്പോള്‍ അധികാരത്തണലില്‍ സുഖിക്കുകയാണ്.
നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ പലരും വര്‍ഗീയ കലാപങ്ങള്‍ക്കും കൊലകള്‍ക്കും നേതൃത്വം വഹിച്ചവരാണ്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തച്ചുതകര്‍ത്ത കര്‍സേവകരില്‍ എത്രപേരെ ശിക്ഷിക്കാന്‍ സാധിച്ചു. പള്ളി തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയലഹളയില്‍ അനേകായിരം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയില്‍ മാത്രം ഒറ്റദിവസം 800ലധികം പേരാണ് കൊല്ലപ്പെട്ടത്. അന്നത്തെ രാഷ്ട്രപതി മഹാനായ കെ.ആര്‍ നാരായണന്‍ മനസ്സ് നൊന്ത് പ്രസ്താവനയിറക്കിയതൊഴിച്ചാല്‍ ഹൃദയംതൊട്ട് ഇടപെടാന്‍ എത്ര പേരുണ്ടായി.
പി.വി നരസിംഹറാവു മുതല്‍ കല്യാണ്‍സിങ് വരെയുള്ള ഭരണാധികാരികള്‍ക്ക് നീതിയുടെ പക്ഷം കാണാന്‍ കഴിയാത്തവിധം വര്‍ഗീയാന്ധത ബാധിച്ചു. ഇപ്പോഴും ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കുമെന്നു പറയാന്‍ ചങ്കുറപ്പുള്ള എത്ര നേതാക്കള്‍ നമുക്കുണ്ട്. സുപ്രിം കോടതി മധ്യസ്ഥ സമിതിക്കു കൈമാറിയിരിക്കുന്നു. ആ ഇടപെടല്‍ ചെറുതായി കാണുന്നില്ല. എന്നാല്‍, പച്ചയായ ഒരു യാഥാര്‍ത്ഥ്യമാണ് 450 വര്‍ഷം ബാബരി പള്ളിയില്‍ മുസ്‌ലിംകള്‍ ആരാധന അര്‍പ്പിച്ചുവെന്നത്. അതാണ് വര്‍ഷങ്ങളായി നിഷേധിക്കപ്പെട്ടിരിക്കുന്നത്. അവിടെയാണ് ഭാരതീയരുടെ പൊതുബോധം കുറച്ചുകൂടി കാര്യക്ഷമമാകണമെന്ന് ആഗ്രഹിച്ചുപോകുന്നത്.
അസീമാനന്ദ
മറക്കാനാവാത്ത പേരാണത്. 43 പാകിസ്ഥാനികളുള്‍പ്പെടെ 68 പേരെ 2007ല്‍ വധിച്ച ട്രെയിന്‍ സ്‌ഫോടനത്തിനു നേതൃത്വം നല്‍കിയ കൊടുംഭീകരന്‍. 2019 മാര്‍ച്ച് 20ന് എന്‍.ഐ.എ കോടതി അയാളെ കുറ്റവിമുക്തനാക്കി. മറ്റു രണ്ടു സ്‌ഫോടനക്കേസുകളില്‍ നിന്നും ഇതേപോലെ അസീമാനന്ദ രക്ഷപ്പെട്ടു.
പ്രോസിക്യൂട്ടര്‍മാര്‍ പ്രതികള്‍ക്കുവേണ്ടി വാദിക്കുന്ന ഗതികേട്, ഉദ്യോഗസ്ഥര്‍ രേഖകള്‍ അട്ടിമറിച്ചാലുണ്ടാകുന്ന അവസ്ഥ, നിയമസംവിധാനം വിലക്കുവാങ്ങപ്പെടുന്ന സാഹചര്യം... ഇതിന്റെയൊക്കെ ഫലമാണത്.
ഗുജറാത്തിലെ പ്രമുഖ രാഷ്ട്രീയനിരീക്ഷകനും എഴുത്തുകാരനുമായ അച്ചുത് യാഗ്‌നിക് നരേന്ദ്രമോദിയുടെ രാഷ്ട്രീയ ഫിലോസഫി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടായിരത്തില്‍പരം മുസ്‌ലിംകളെ ഗുജറാത്തില്‍ ഒറ്റയടിക്കു കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം വഹിച്ചത് ഇന്ന് ഇന്ത്യ ഭരിക്കുന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയും സഹായി അമിത് ഷായുമായിരുന്നു. ആര്യവല്‍ക്കരിക്കപ്പെട്ട ഹിന്ദുത്വം, സങ്കുചിത ദേശീയത, നഗരവികസന വാദം, വര്‍ഗീയത ഇതെല്ലാം ചേര്‍ന്നതാണ് മോദിയുടെ 'കോക്്‌ടെയില്‍' രാഷ്ട്രീയമെന്നാണ് യാഗ്നിക്കിന്റെ വിലയിരുത്തല്‍.
രാജനീതിയെന്തെന്നു വര്‍ഗീയവാദികള്‍ക്കറിയില്ല. അവര്‍ പ്രജകളെ പലതായി പകുത്തു പക വളര്‍ത്തി ഭരിക്കുകയാണ്. ആ നയം ബി.ജെ.പി കൈയൊഴിയുന്ന മട്ടില്ല. ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും അവര്‍ കൂടുതല്‍ വര്‍ഗീയത വളര്‍ത്തുകയാണ്. ഇന്ത്യയുടെ ആത്മാവു തൊട്ടറിയാനല്ല അവര്‍ക്കു താല്‍പ്പര്യം. ആര്‍.എസ്.എസ്സിന്റെ താത്വികാചാര്യന്‍ അടിസ്ഥാനപരമായി അഡോള്‍ഫ് ഹിറ്റ്‌ലറാണ്. വംശീയതയാണ് പകയുടെ ഈ രാഷ്ട്രീയത്തിന് അടിസ്ഥാനം.
ജലം
പല ജില്ലകളിലും ഭൂഗര്‍ഭജലം രണ്ടു മീറ്റര്‍ വരെ താഴ്ന്നിരിക്കുന്നു. വേനല്‍മഴ 37 ശതമാനം കുറവാണ്. താപനില അടിക്കടി ഉയരുന്നു. മഴവെള്ളം ഭൂമിയില്‍ പതിച്ച് എട്ട് മണിക്കൂറിനുള്ളില്‍ കടലിലെത്തിക്കാനാണ് നാം ശീലിച്ചത്. ശരിയായ ജലനയം ഇതുവരെ രൂപപ്പെടുത്തിയിട്ടില്ല.
പ്രകൃതിയുമായി സമരസപ്പെട്ടു പോകാനാണ് മതം അനുശാസിക്കുന്നത്. പ്രാര്‍ത്ഥനക്ക് അംഗശുദ്ധി വരുത്തുമ്പോള്‍ പോലും ജലോപയോഗത്തില്‍ മിതത്വം പാലിക്കണം. എന്നാല്‍, നമ്മള്‍ അമിതമായി വെള്ളമുപയോഗിച്ച് ജലക്ഷാമമുണ്ടാക്കുന്നു. ജലം ഭൂമിയിലേക്കിറങ്ങാതാക്കുന്നു.
മാര്‍ച്ച് 22ന് ലോകജലദിനമായിരുന്നു. എത്രപേര്‍ അക്കാര്യം അറിഞ്ഞു എന്നറിയില്ല. അരി കായ്ക്കുന്ന മരം അന്വേഷിച്ച കുട്ടികളുള്ള നാടാണ് കേരളം. പ്രകൃതിപഠനം പോലെ പ്രധാനമാണ് പ്രകൃതിസംരക്ഷണവും. പുതുതലമുറക്കു മാതൃഭാഷ മാത്രമല്ല അന്യമായത്, അതിജീവന മാര്‍ഗവും അന്യമായിട്ടുണ്ട്.
പുഴകളില്‍ ഇടയ്ക്കിടെ തടയണ കെട്ടി ജലം കുത്തിയൊലിച്ചു പോകാതിരിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ വേനല്‍ക്കാലത്ത് വെള്ളത്തിനു നെട്ടോട്ടമോടേണ്ടി വരുമായിരുന്നില്ല. കാട്ടില്‍ തടയണ കെട്ടിയിരുന്നെങ്കില്‍ വന്യമൃഗങ്ങള്‍ ജലം തേടി നാട്ടിലിറങ്ങില്ലായിരുന്നു. വെള്ളം പൊതു അവകാശമാണ്. കിണര്‍ ഉടമക്ക് വെള്ളം തടയാന്‍ അവകാശമില്ലെന്നാണ് മതനിയമം. എന്നിട്ടും കുപ്പിവെള്ള കമ്പനികള്‍ വെള്ളം ചോര്‍ത്തി കാശുണ്ടാക്കുന്നു. വെള്ളവും വെളിച്ചവുമില്ലാത്ത ഭീകരനാളുകള്‍ വരാതിരിക്കട്ടെ.
12,000 മാസപ്പടി
20 കോടി കുടുംബത്തിന് മാസംപ്രതി 12,000 രൂപ ബാങ്കില്‍ എത്തിച്ചു കൊടുക്കുമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന തെരഞ്ഞെടുപ്പു വാഗ്ദാനം. 6000 രൂപ മാസ വരുമാനമുള്ളവര്‍ക്ക് 6000 രൂപ കൂടി നല്‍കും. 2014ല്‍ നരേന്ദ്രമോദി മുന്നോട്ടുവച്ച പതിനഞ്ചു ലക്ഷം വാഗ്ദാനത്തെ മറികടക്കാന്‍ ഇതിനു കഴിയും. ഇതിനാവശ്യമായ പണം കണ്ടെത്താനുള്ള വഴി ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരുമായി കൂടിയാലോചിച്ച് രൂപപ്പെടുത്തിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞിട്ടുണ്ട്.
സോവിയറ്റ് യൂണിയന്‍ തകരാനിടയായ പല കാരണങ്ങളിലൊന്ന് പണിയെടുക്കാതെ സബ്‌സിഡി വാങ്ങി ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകള്‍ക്കു മുന്നില്‍ വരിനിന്നു കാലം കഴിച്ചതാണ്. പ്രത്യുല്‍പ്പന്നപരമായ മുതല്‍മുടക്കുകള്‍ക്കാണ് സഹായം നല്‍കേണ്ടത്. ജനത്തെ മടിയന്മാരാക്കുന്ന സിദ്ധാന്തങ്ങള്‍ പരിഷ്‌കൃതമല്ല.
ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി ദാരിദ്ര്യം തന്നെയാണ്. 70 കോടി ജനങ്ങളെങ്കിലും അരിയും പണിയും തൊഴിലുമില്ലാതെ കയറിക്കിടക്കാന്‍ ഒരു കൂര പോലുമില്ലാതെ ജീവിക്കുന്നവരാണ്. അവര്‍ക്കാവശ്യം തൊഴിലാണ്. മികച്ച മനുഷ്യവിഭവശേഷിയുള്ള ഭാരതത്തില്‍ പണിയെടുപ്പിച്ച് പണം നല്‍കി പണിയെടുപ്പിച്ച് ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചാല്‍ ജനങ്ങളും രാജ്യവും രക്ഷപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."