മുത്വലാഖ്: കോടതി ഇടപെടാതിരിക്കുന്നത് ദുഃഖകരം
മുത്വലാഖ് ഓര്‍ഡിനന്‍സില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹരജി രണ്ടാംപ്രാവശ്യവും സുപ്രിംകോടതി പരിഗണിക്കാതെ മാറ്റിവച്ചിരിക്കുകയാണ്. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നു കാണിച്ച് ആദ്യ ഓര്‍ഡിനന്‍സിനെതിരേ സമസ്ത സുപ്രിംകോടതിയെ സമീപിച്ചതാണ്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങുന്നതിനാല്‍ ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ പാസാക്കുമെന്നും ഓര്‍ഡിനന്‍സ് നിയമമാകുമെന്നും കോടതി അന്നു നിരീക്ഷിച്ചു.
നിയമമാക്കാനായില്ലെങ്കില്‍ ഓര്‍ഡിനന്‍സ് സ്വാഭാവികമായും അസാധുവാകുമെന്നും ഇപ്പോഴത്തെ സാഹചര്യത്തിലും ചുരുങ്ങിയ സമയത്തിനുള്ളിലും ഈ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബന്ധപ്പെട്ട മറ്റു കക്ഷികളുടെയും വാദങ്ങള്‍ കേള്‍ക്കാന്‍ കഴിയില്ലെന്നും ഹരജിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ പ്രസക്തമാണെന്നും പറഞ്ഞുകൊണ്ടായിരുന്നു അന്നു കോടതി കേസില്‍ ഇടപെടാതിരുന്നത്. ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ നിയമമായി വരാതിരിക്കുകയോ കാലാവധി തീരുന്നമുറയ്ക്ക് ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കുകയോ ചെയ്താല്‍ അതു ചോദ്യം ചെയ്തു സമസ്തയ്ക്കു കോടതിയെ സമീപിക്കാമെന്നും അന്നു കോടതി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പാര്‍ലമെന്റില്‍ മുത്വലാഖ് നിയമമാകാതെ വരികയും ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും മുത്വലാഖ് ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്ചീഫ് ജസ്റ്റിസിന്റെ അന്നത്തെ പരാമര്‍ശം കണക്കിലെടുത്തു സമസ്ത വീണ്ടും സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍, രണ്ടാമത്തെ ഹരജിയിലും ഇടപെടാനാവില്ലെന്നു പറഞ്ഞു കോടതി മാറിനിന്നിരിക്കുകയാണ്. ഇത് ഓര്‍ഡിനന്‍സ് മാത്രമാണെന്നും നിയമമാകുന്ന മുറയ്ക്ക് ഇടപെടാമെന്നുമാണിപ്പോള്‍ പറയുന്നത്.
വീണ്ടും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയാണെങ്കില്‍ സമസ്തക്ക് ഹരജിയുമായി സമീപിക്കാമെന്ന ചീഫ് ജസ്റ്റിസിന്റെ വാക്കാലുള്ള വാഗ്ദാനം എവിടെപ്പോയി. ഇപ്പോള്‍ പറയുന്നത് നിയമമാകുകയാണെങ്കില്‍ ഹരജി പരിഗണിക്കാമെന്നാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ സുപ്രിംകോടതിക്ക് ഇടപെടാന്‍ കഴിയുമോയെന്ന ചോദ്യമുണ്ട്. പാര്‍ലമെന്റ് പാസാക്കുന്ന നിയമം വ്യാഖ്യാനിച്ച് ഉത്തരവുകള്‍ നല്‍കുകയാണല്ലോ കോടതിയുടെ ബാധ്യത.
ഭരണഘടനയുടെ 14, 21 വകുപ്പുകള്‍ പ്രകാരം മുത്വലാഖ് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണ്. മുത്വലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷം ജയില്‍ശിക്ഷ ചുമത്തിക്കൊണ്ടുള്ള രണ്ടാം ഓര്‍ഡിനന്‍സിലെ ഉത്തരവ് ഭരണഘടന പൗരനു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണ്. ആനിലക്ക് ഈ വിഷയത്തില്‍ കോടതികള്‍ ഇടപെടുന്നതില്‍നിന്ന് മാറിനില്‍ക്കുകവഴി തെറ്റായ സന്ദേശമായിരിക്കില്ലേ പൊതുസമൂഹത്തിനു നല്‍കുക. ആ ദുഃഖമാണു വിധി വന്നയുടനെ സമസ്തയുടെ അഭിഭാഷകന്‍ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി പങ്കുവച്ചത്.
സുപ്രിംകോടതിയില്‍ നടക്കുന്ന അവിശുദ്ധ ഇടപെടലില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പങ്ക് ആരോപിച്ച് കോടതിമുറി ബഹിഷ്‌ക്കരിച്ച് പത്രസമ്മേളനം നടത്തിയവരിലൊരാളായിരുന്നു ഇന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. സീനിയോറിറ്റി മറികടന്ന് ചീഫ് ജസ്റ്റിസായിരുന്ന ദീപക്മിശ്ര കേസുകള്‍ വീതിച്ചു നല്‍കുന്നതിലും അനഭിലഷണീയമായ പ്രവണതകള്‍ കോടതികള്‍ക്കുള്ളില്‍ അരങ്ങേറുന്നതിലും പ്രതിഷേധിച്ചായിരുന്നു ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ അഞ്ചു ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തിയത്.
'ഞങ്ങള്‍ ഇങ്ങിനെ ചെയ്തില്ലെങ്കില്‍ വരുംതലമുറ ഞങ്ങള്‍ക്കു മാപ്പുതരില്ലെന്ന്' അവര്‍ പറഞ്ഞപ്പോള്‍ നീതിന്യായ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ നിലനില്‍പ്പ് നിഷ്പക്ഷരായ ജഡ്ജിമാരുടെ കൈകളില്‍ സുരക്ഷിതമായിരിക്കുമെന്നു പൊതുസമൂഹം വിശ്വസിച്ചു. ദീപക് മിശ്രക്ക് ശേഷം ചീഫ് ജസ്റ്റിസായി ചുമതലയേറ്റ രഞ്ജന്‍ ഗൊഗോയില്‍ വലിയ പ്രതീക്ഷകളാണ് പൊതുസമൂഹത്തിന് ഉണ്ടായിരുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരാവകാശങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ മുസ്‌ലിം ന്യൂനപക്ഷത്തെ തിരഞ്ഞുപിടിച്ച് കത്തിവയ്ക്കുമ്പോള്‍ ഈ നീതിബോധം മുത്വലാഖ് ഹരജി കേള്‍ക്കാന്‍ താല്‍പര്യമില്ലെന്നു പറയുന്നതിലൂടെ ഇല്ലാതാവുകയാണല്ലോയെന്ന ആശങ്ക സ്വാഭാവികം.
ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം പരമോന്നത നീതിപീഠത്തെ സമീപിക്കുകയല്ലാതെ വേറെ ഏതു വാതിലിലാണ് മുട്ടിവിളിക്കേണ്ടത്. ജുഡിഷ്യറിയുടെ നിഷ്പക്ഷത കാത്തുസൂക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കുകയുള്ളൂ. മുത്വലാഖ് ചൊല്ലുന്നതു ജാമ്യമില്ലാ വകുപ്പായും പൊലിസിന് സ്വമേധയാ കേസെടുക്കാവുന്ന കുറ്റകൃത്യമായും പരിഗണിക്കുന്ന വനിതാ (വിവാഹമോചന സംരക്ഷണ) ബില്‍ പരസ്പര വിരുദ്ധവും ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതും ഭരണഘടനാ വിരുദ്ധവുമാണ്. മുത്വലാഖ് ചൊല്ലുന്ന ഭര്‍ത്താവ് മൂന്നുവര്‍ഷംവരെ തടവു ശിക്ഷ അനുഭവിക്കണമെന്നും നിയമപരമായി പിരിയാത്ത ഭാര്യക്കു ജീവനാംശം നല്‍കണമെന്ന് പറയുന്നതിലെ അപ്രായോഗികതയും യുക്തിരാഹിത്യവും ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചവര്‍ ഓര്‍ത്തു കാണുകയില്ല.
ഇതു ചൂണ്ടിക്കാണിക്കുമ്പോള്‍ ഇടപെടാനാവില്ലെന്ന് പറഞ്ഞ് പരമോന്നത നീതിപീഠം മാറിനില്‍ക്കുന്നത് വേദനാജനകമാണ്. സിവില്‍ നിയമത്തിന്റെ ഭാഗമായ വ്യക്തിനിയമങ്ങളെ ക്രിമിനല്‍ നടപടികളുടെ ഭാഗമാക്കുന്നത് ഉചിതമല്ല. മതാടിസ്ഥാനത്തിലുള്ള വിവേചനം ക്രിമിനല്‍ നിയമങ്ങളില്‍ സാധ്യവുമല്ല. അതിലൊന്നും ഇടപെടാനാവില്ലെന്ന സുപ്രിംകോടതിയുടെ നിലപാട് ദുഃഖകരംതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."