ചികിത്സ നിഷേധിച്ചു; യു.പിയില്‍ ഗര്‍ഭിണി ആംബുലന്‍സില്‍ മരിച്ചു
നോയിഡ: ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ യുവതി ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ മരിച്ചു. ചികിത്സ ലഭിക്കാനായി നിരവധി ആശുപത്രികളില്‍ കൊണ്ടുപോയെങ്കിലും യുവതിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതരാരും തയാറായില്ലെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ, സംഭവം വിവാദമായിട്ടുണ്ട്.
ഗ്രേറ്റര്‍ നോയിഡ-ഗാസിയാബാദ് അതിര്‍ത്തിയിലെ കോഡ കോളനിയിലെ വിജേന്ദര്‍ സിങ്ങിന്റെ ഭാര്യ നീലം (30) ആണ് മരിച്ചത്. ഇവര്‍ എട്ടു മാസം ഗര്‍ഭിണിയായിരുന്നു. 13 മണിക്കൂറോളമാണ് യുവതിയെയും കൊണ്ട് കുടുംബം വിവിധ ആശുപത്രികളില്‍ കയറിയിറങ്ങിയത്. ഇവര്‍ക്കു വേദന അനുഭവപ്പെട്ടതോടെ വെള്ളിയാഴ്ചയാണ് സ്ഥിരം എത്താറുള്ള ശിവാലിക് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ഇവിടെ പ്രവേശിപ്പിക്കാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞെന്നു ഭര്‍ത്താവ് ആരോപിക്കുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇ.എസ്.ഐ ആശുപത്രിയിലും മറ്റു രണ്ട് ആശുപത്രികളിലും ചികിത്സ തേടി. അവരും പ്രവേശിപ്പിച്ചില്ല.
ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും ചികിത്സ നിഷേധിച്ചു. തുടര്‍ന്നും വിവിധ ആശുപത്രികളില്‍ ഈ കുടുംബം യുവതിയുമായി എത്തിയെങ്കിലും ബെഡ്ഡില്ലെന്ന കാരണം പറഞ്ഞ് എല്ലാവരും മടക്കിയതോടെ യുവതി ആംബുലന്‍സില്‍വച്ച് മരിക്കുകയായിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു കുഞ്ഞും യു.പിയില്‍ സമാന രീതിയില്‍ ചികിത്സ കിട്ടാതെ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."