മതംമാറ്റി വിവാഹം: പാകിസ്താനെതിരേ നിലപാട് കടുപ്പിച്ച് സുഷമ
ന്യൂഡല്‍ഹി: പാകിസ്താനില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുകുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി ബലപ്രയോഗത്തിലൂടെ വിവാഹം നടത്തിയ സംഭവത്തില്‍ ശക്തമായ ഇടപെടലുമായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പെണ്‍കുട്ടികളെ എത്രയും വേഗത്തില്‍ കണ്ടെത്തി കുടുംബത്തിനു കൈമാറാന്‍ സുഷമ സ്വരാജ് പാകിസ്താനോട് ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് നല്കാന് പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറോട് ആവശ്യപ്പെട്ടതായി സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളെ എത്രയും പെട്ടെന്നു കണ്ടെത്തണമെന്ന് പാക് സര്‍ക്കാരിനോട് ഇസ്ലാമാബാദ് കോടതി നിര്‍ദേശിച്ചു.
ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ 'പുതിയ പാകിസ്താനു' കീഴില്‍ സുരക്ഷിതരായിരിക്കുമെന്നായിരുന്നു ഇമ്രാന് ഖാന്റെ പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനം. ഇതു ചൂണ്ടിക്കാടിയാണ് 'പുതിയ പാകിസ്താന്' എന്ന ശീര്‍ഷകത്തോടെ സുഷമ സ്വരാജ് ട്വീറ്റ് ചെയ്തത്.
പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്നും വിവാഹം കഴിച്ചതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖോഡ്കി ജില്ലയില്‍നിന്ന് ഇക്കഴിഞ്ഞ ഹോളി ദിനത്തിലാണ് സഹോദരിമാരായ റീന (15), രവീണ (13) എന്നിവരെ തട്ടിക്കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."