ഇ-സിഗരറ്റ് നിരോധിക്കണം; പ്രധാനമന്ത്രിക്ക് ഡോക്ടര്‍മാരുടെ കത്ത്
ന്യൂഡല്‍ഹി: ഇ-സിഗരറ്റ്, ഇ-ഹുക്ക ഉള്‍പ്പെടെയുള്ളവ രാജ്യത്ത് നിരോധിക്കണമെന്നാവശ്യപ്പെട്ട് 24 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 1000 ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി.
നിലവിലുള്ള സിഗരറ്റുകള്‍ക്ക് പുറമെയാണ് രാജ്യത്ത് ഇ-സിഗരറ്റുകളും സര്‍വസാധാരണമായത്.
2018 ഓഗസ്റ്റ് 28ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇലക്ട്രോണിക് നിക്കോട്ടിന്‍ ഡെലിവറി സിസ്റ്റം (എന്‍ഡ്‌സ്) എന്ന പേരിലുള്ള ഇ-സിഗരറ്റ് വലിക്കുന്നതിനെതിരേ പഠനം നടത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രാലയത്തിനു സമര്‍പ്പിക്കുകയും ചെയ്തു.
251 ഗവേഷണ പ്രബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണ് ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചത്.
മറ്റേതൊരു പുകയില ഉല്‍പന്നങ്ങളും ഉപയോഗിക്കുന്നതിനേക്കാള്‍ ഗുരുതരമാണ് ഇ-സിഗരറ്റ് എന്ന് പഠന റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.
പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ് ഇ-സിഗരറ്റെന്ന വാദം ശരിയല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
നിക്കോട്ടിന്‍ ഏറ്റവും വലിയ വിഷമെന്ന് പറയുന്നത് അതിശയോക്തിയുടെ അടിസ്ഥാനത്തില്‍ പറയുന്നതല്ലെന്നും എന്നാല്‍ ഇതേ രീതിയില്‍ അപകടകരമാണ് ഇ-സിഗരറ്റെന്നും ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ നെക്ക് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലെ പ്രൊഫസറും ഡെപ്യൂട്ടി ഡയരക്ടറുമായ ഡോ. പങ്കജ് ചതുര്‍വേദി പറയുന്നു.
പുകയിലക്കെതിരേ സുരക്ഷിതമാണെന്ന് വ്യക്തമാക്കി സിഗരറ്റിന് പകരമായി ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് ഏറ്റവും അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇ-സിഗരറ്റ് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ത്തി ഡോക്ടര്‍മാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
പുകയില ഇരകളുടെ ശബ്ദം എന്ന പേരില്‍ ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പ്രചാരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."