പാകമായ വസ്ത്രമില്ല; വനിതകളുടെ ബഹിരാകാശ നടത്തം നാസ ഉപേക്ഷിച്ചു
വാഷിങ്ടണ്‍: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 29നു നാസ നടത്താനിരുന്ന വനിതകള്‍ മാത്രമായുള്ള ബഹിരാകാശ നടത്തം ഉപേക്ഷിച്ചു. ഉദ്യമത്തിനു പാകമായ വസ്ത്രങ്ങള്‍ ബഹിരാകാശ നിലയത്തിലില്ലാത്തതാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണം. ക്രിസ്റ്റീന കോച്ച്, അന്നെ മക്ലൈന്‍ എന്നിവരായിരുന്നു ബഹിരാകാശ നടത്തത്തിന് തയാറെടുത്തിരുന്നത്.
പദ്ധതിയുടെ ഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഏല്‍പ്പിച്ചിരുന്നതും വനിതകളെയായിരുന്നു. ഇരുവര്‍ക്കും ആവശ്യമുള്ളത് 'മീഡിയം' നിലയിലുള്ള വസ്ത്രങ്ങളാണ്.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു വസ്ത്രം മാത്രമേ ബഹിരാകാശ നിലയത്തിലുള്ളൂ. ഇതോടെ അന്നെ മക്ലൈന്‍ പിന്‍മാറി. വനിതകളുടെ ബഹിരാകാശ നടത്തം എന്ന ഉദ്യമം ഉപേക്ഷിച്ചെങ്കിലും പദ്ധതിയില്‍നിന്നു നാസ പിന്‍മാറിയിട്ടില്ല. അന്നെ മക്ലൈനിനു പകരം അമേരിക്കക്കാരനായ നിക്ക് ഹോഗണ്‍ ക്രിസ്റ്റീന കോച്ചിനൊപ്പം വെള്ളിയാഴ്ച ബഹിരാകാശ നടത്തത്തിനുണ്ടാകും.
കാരണം മൈക്രോഗ്രാവിറ്റി
ഭ്രമണപഥത്തിലെത്തുമ്പോള്‍ മാത്രമാണ് യാത്രികരുടെ വസ്ത്രത്തിന്റെ യഥാര്‍ഥ അളവ് മനസിലാക്കാന്‍ സാധിക്കുക. ശാരീരിക സവിശേഷതകളുടെ അടിസ്ഥാനത്തിലാണ് വസ്ത്രം ഭൂമിയില്‍ തയാറാക്കുന്നത്. ബഹിരാകാശത്തെത്തുമ്പോള്‍ അളവുകളില്‍ മാറ്റംവരാറുണ്ട്.
മൈക്രോഗ്രാവിറ്റി മൂലം മനുഷ്യ ശരീരത്തില്‍ വരുന്ന മാറ്റങ്ങളാണ് വസ്ത്രത്തിന്റെ അളവിലെ വ്യത്യാസത്തിനു കാരണം. ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റി ഭൂമിയില്‍ സൃഷ്ടിച്ച് പരിശീലിക്കുക പൂര്‍ണമായും സാധ്യമല്ല. അതുകൊണ്ടുതന്നെ ഇത്തരം മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയില്ല.
ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും ഇതാണ്.
ബഹിരാകാശ നടത്തത്തില്‍ ഇതുവരെ വനിതകള്‍ക്കൊപ്പം പുരുഷന്മാരും ഉണ്ടായിരുന്നു. 1998ല്‍ ബഹിരാകാശ നിലയം സ്ഥാപിച്ചതു മുതല്‍ പുരുഷന്മാര്‍ മാത്രവും സ്ത്രീകളും പുരഷന്മാരും ഉള്‍പ്പെടെ 214 പേര്‍ ബഹിരാകാശ നടത്തത്തില്‍ പങ്കെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."