രോഹിത് ദാനു; ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി താരം
ബൈജുങ് ബൂട്ടിയ, ഐ.എം വിജയന്‍, സുനില്‍ ഛേത്രി, സി.വി പാപ്പച്ചന്‍, റെനഡി സിങ് എന്നിങ്ങനെ നിരവധി ശ്രദ്ധേയരായ താരങ്ങളുടെ നിരതന്നെയുണ്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍. ഈ താരങ്ങളുടെയെല്ലാം ഫുട്‌ബോളിലേക്കുള്ള വരവ് 18 വയസിനോ 20 വയസിന് ശേഷമോ ആയിരുന്നു. എന്നാല്‍ രോഹിത് ദാനുവെന്ന ബാലന്‍ 16-ാം വയസില്‍ തന്നെ അന്താരാഷ്ട്ര ഫുട്‌ബോളിന്റെ പടികയറി പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള ഫുട്‌ബോള്‍ ലീഗായ ഐ ലീഗില്‍ ഗോള്‍ നേടി ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ വേട്ടക്കാരനാകാനും ദാനുവിന് കഴിഞ്ഞു. ഐസ്വാളിനെതിരേയുള്ള മത്സരത്തില്‍ ഇന്ത്യന്‍ ആരോസിന് വേണ്ടി ഗോള്‍ നേടുമ്പോള്‍ ദാനുവിന് 16 വയസും അഞ്ചു മാസവും 27 ദിവസവുമായിരുന്നു പ്രായം.
ടി.വിയില്‍ ഒരിക്കല്‍ പോലും ഫുട്‌ബോള്‍ കാണാത്ത കളി ഇഷ്ടമില്ലാതിരുന്ന ദാനു ഒരു നിയോഗം പോലെയാണ് കാല്‍പന്തുകളിയുടെ ലോകത്തേക്ക് എത്തിയത്. ഫുട്‌ബോളില്‍ എത്തിയത് മുതല്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ദേശീയ കുപ്പായമണിയാനും അണ്ടര്‍ 23 ടീമില്‍ ഇടം നേടാനും ഈ 16കാരന് കഴിഞ്ഞു. മൂത്ത സഹോദരന്‍ നവീനാണ് ദാനുവിനെ ഫുട്‌ബോളിലേക്ക് എത്തിച്ചത്. ഫുട്‌ബോള്‍ താരമാകാന്‍ ഏറെ കൊതിച്ചിരുന്ന നവീന് ആ സ്വപ്‌നം പൂവണിയിക്കാനായില്ല. അതിനു പകരമായി സഹോദരനു വേണ്ടി ഞാനാണ് ഫുട്‌ബോളറായത്. അങ്ങനെ ഫുട്‌ബോളിലെത്തിയ എന്നെ സഹോദരന്‍ നവീനും നീരജ് പാണ്ഡെയെന്ന പരിശീലകനും ചേര്‍ന്ന് കളിയുടെ ബാല പാഠങ്ങള്‍ പഠിപ്പിച്ചു. തീരെ ഫുട്‌ബോള്‍ കളിക്കാന്‍ അറിയാതിരുന്ന തന്നെ പന്ത് റിസീവ് ചെയ്യാനും പാസ് ചെയ്യാനും പഠിപ്പിച്ചത് അവരായിരുന്നുവെന്ന് ദാനു പറഞ്ഞു.
സായിയുടെ ഡല്‍ഹി സെന്ററില്‍ വിദ്യാര്‍ഥിയായിരുന്ന ദാനുവിന് ആദ്യമായി ദേശീയ ക്യാംപിലേക്ക് വിളിയെത്തി. അണ്ടര്‍ 16 പരിശീലകനായിരുന്ന ബിബിയാനോ ഫെര്‍ണാണ്ടസാണ് 14കാരനായ ദാനുവിനെ 2016ല്‍ താജിക്കിസ്താനില്‍ നടക്കുന്ന ടൂര്‍ണമെന്റിനായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഭോപ്പാലില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിന് ശേഷമായിരുന്നു ദാനുവിനെ ടീമിലെടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെ 14മത്തെ വയസില്‍ രാജ്യത്തിന്റെ കുപ്പായമണിയാനും ദാനുവിനായി. മറ്റുള്ള താരങ്ങളില്‍നിന്ന് വ്യത്യസ്തനായി ദാനുവിന്റെ കഴിവ് മനസിലാക്കിയ ബിബിയാനോ ഇവന് നല്ലൊരു ഭാവിയുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. മികച്ച വ്യക്തിത്വത്തിന് ഉടമയായ ദാനുവിന് മികച്ച നേതൃപാടവവുമുണ്ട്. ടീമിനെ മോട്ടിവേറ്റ് ചെയ്യാനും ഇന്‍സ്‌പെയര്‍ ചെയ്യാനും ദാനുവിന് മികച്ച രീതിയില്‍ സാധിക്കും. ബിബിയാനോയുടെ കീഴിലായിരുന്ന ദാനു ഫുട്‌ബോളിനെ കുറിച്ച് കൂടുതല്‍ അറിവുകള്‍ നേടി പ്രൊഫഷനല്‍ ഫുട്‌ബോളിലേക്ക് ചുവടു മാറിയത്. അവിടെ നിന്ന് തുടങ്ങിയ ദാനു ഇപ്പോള്‍ അണ്ടര്‍ 23 ടീമിലാണ് എത്തിനില്‍ക്കുന്നത്. ആംഗിള്‍ ഇഞ്ചുറി കാരണം അണ്ടര്‍ 17 ലോകകപ്പില്‍ ദാനുവിന് കളിക്കാനായില്ല. ഇന്ത്യന്‍ ആരോസിനായി കഴിഞ്ഞ സീസണില്‍ ബൂട്ട് കെട്ടിയ ദാനു അഞ്ച് മത്സരങ്ങളില്‍നിന്ന് നാലു ഗോള്‍ സ്വന്തമാക്കി. ഫുട്‌ബോളിലേക്ക് എത്തിയതിനു ശേഷം ടി.വിയിലൂടെ ഐ ലീഗ് മത്സരങ്ങല്‍ കാണാറുണ്ടായിരുന്നു. എന്നാല്‍ ഐ ലീഗില്‍ ഇപ്പോള്‍ തന്നെ കളിക്കാനാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് ദാനു പറയുന്നു. പരിശീലകനായ പിന്റോ സാറിന്റെ പിന്തുണ കാരണമാണ് ഇത്തരം നേട്ടങ്ങള്‍ നേടാന്‍ കാരണമായതെന്ന് ദാനു വ്യക്തമാക്കി. അവസാന മിനുട്ട് വരെ പൊരുതിക്കളിക്കണമെന്ന് പിന്റോ സര്‍ എപ്പോഴും പറയാറുണ്ടെന്നും ദാനു കൂട്ടിച്ചേര്‍ത്തു. ക്ലബ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആരാധകനാണ് ദാനു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇനിയും ഉയരങ്ങളിലേക്ക് എത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ദാനു സൂചിപ്പിച്ചു. പരിശീലകന്‍ തരുന്ന അവസരം മുതലാക്കാന്‍ ഞാന്‍ ശ്രമിക്കും. എനിക്ക് കഴിയുന്നതിന്റെ പരമാവധി ടീമിന് നല്‍കാന്‍ ശ്രമിക്കാറുണ്ടെന്നും ദാനു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."