മതനിരപേക്ഷ സമൂഹം നെഞ്ചോട് ചേര്‍ക്കേണ്ട വിജയം
മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍നിന്നു തിളക്കമാര്‍ന്ന വിജയത്തോടെ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പാര്‍ലമെന്റിലേക്കുള്ള കന്നിയങ്കത്തില്‍ തന്നെ സ്വപ്‌ന സമാനമായ ഒരു നേട്ടം കൈവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് മണ്ഡലത്തിലെ ജനങ്ങള്‍ മതനിരപേക്ഷ രാഷ്ട്രീയത്തെ എത്രമാത്രം നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നു എന്നതിന്റെ തെളിവാണ്. 1,71,023വോട്ടിന്റെ ഭൂരിപക്ഷവുമായി ലോക്‌സഭയില്‍ മലപ്പുറം മണ്ഡലത്തെ പി.കെ കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുമ്പോള്‍ കാളിമയാര്‍ന്ന ഇന്ത്യന്‍ രാഷ്ട്രീയാന്ധകാരത്തിനെതിരേ ഒരു നെയ്ത്തിരിയാകാനെങ്കിലും അദ്ദേഹത്തിന് കഴിയും. ബി.ജെ.പി ഉയര്‍ത്തുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ തീവ്രത രാജ്യമൊട്ടാകെ പടര്‍ത്താന്‍ സംഘ്പരിവാര്‍ അകമഴിഞ്ഞു പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാ വിളക്കുകളും അണഞ്ഞുപോയില്ലെന്ന സന്ദേശമാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം വിളിച്ചുപറയുന്നത്.
ഒഡീഷയിലെ ഭുവനേശ്വറില്‍ കഴിഞ്ഞ രണ്ടു ദിവസം നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യുട്ടിവില്‍ മുഖ്യ അജണ്ടയായത് ഒഡീഷ, കേരളം,പശ്ചിമ ബംഗാള്‍, തമിഴ്‌നാട് തുടങ്ങി ബി.ജെ.പിക്ക് മുഖം തിരിഞ്ഞുനില്‍ക്കുന്ന സംസ്ഥാനങ്ങളെ ബി.ജെ.പിയുടെ വരുതിയില്‍ കൊണ്ടുവന്ന് ഇന്ത്യയെ പൂര്‍ണമായും ഹിന്ദുത്വ രാഷ്ട്രമാക്കുക എന്നതായിരുന്നു. എങ്കില്‍ മാത്രമേ തങ്ങള്‍ സംതൃപ്തരാകൂ എന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇവിടെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി എന്‍.ശ്രീ പ്രകാശിന് മലപ്പുറം മണ്ഡലത്തില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയത് ബി.ജെ.പിയുടെ ആഗ്രഹങ്ങളെ തല്ലിക്കെടുത്തുന്നതാണ്. 2014ല്‍ ബി.ജെ.പി മലപ്പുറം മണ്ഡലത്തില്‍നിന്ന് നേടിയത് 64,705 വോട്ടായിരുന്നു. 2017ല്‍ അത് 65,675മാത്രമാണ്. ഒരു ലക്ഷത്തിലധികം വോട്ട് ബി.ജെ.പിക്ക് ലഭിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉറപ്പിച്ചിടത്താണ് ബി.ജെ.പിയുടെ ഈ പരാജയം. മതേതര ജനാധിപത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ബി.ജെ.പിയുടെ ഈ പതനം ആശാവഹമാണ്. രാജ്യത്ത് മത സൗഹാര്‍ദം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന നാനാജാതി മതസ്ഥര്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് മുമ്പും പിമ്പും നോക്കാതെ വോട്ട് ചെയ്തു എന്നതാണ് യാഥാര്‍ഥ്യം. കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും വോട്ടു കൊണ്ടു മാത്രം ഇത്ര വലിയൊരു വിജയം നേടാനാവുകയില്ല. സി.പി.എമ്മിന് സ്വാധീനമുള്ള നിയമസഭാമണ്ഡലങ്ങളടക്കം മലപ്പുറം ലോക്‌സഭാമണ്ഡലത്തിലെ ഏഴു നിയമസഭാമണ്ഡലങ്ങളിലും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമായ മേല്‍കൈ നേടിയത് ഐക്യ ജനാധിപത്യ മുന്നണിക്ക് മാത്രമെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയൂ എന്ന വോട്ടര്‍മാരുടെ ബോധത്തില്‍നിന്നാണ്. ഇടതുപക്ഷം അധികാരത്തില്‍ വന്ന് എട്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് നടന്ന അനിഷ്ടകരമായ പല സംഭവങ്ങളിലും നിഷ്പക്ഷമായി നടപടിയെടുക്കുന്നതില്‍ സര്‍ക്കാരും പൊലിസും പരാജയപ്പെട്ടു. ഇതുവഴി ന്യൂനപക്ഷ വിശ്വാസം എത്രപെട്ടെന്നാണ് ഇടതുമുന്നണി നഷ്ടപ്പെടുത്തിയത.് എന്നിട്ടും 2014ല്‍ ലഭിച്ചതിനേക്കാള്‍ ഒരു ലക്ഷം വോട്ടുകള്‍ കൂടുതല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി എം.ബി ഫൈസലിന് ലഭിച്ചു. 2014ല്‍ പി.കെ സൈനബക്ക് 2,42,984 വോട്ടായിരുന്നു ലഭിച്ചതെങ്കില്‍ ഫൈസലിന് 3,44,307 വോട്ടു ലഭിച്ചു. അങ്ങനെയാണെങ്കില്‍ ഫൈസലിന്റെ വോട്ടു വര്‍ധനവ് വര്‍ഗീയശക്തികളുടേതായിരിക്കുമോ? യു.ഡി.എഫിന്റെ വിജയം വര്‍ഗീയശക്തികളെ കൂട്ടുപിടിച്ച് നേടിയതാണെന്ന സി.പി.എം വാദം എത്ര ബാലിശമാണ്. ഹിന്ദുത്വ വര്‍ഗീയ കക്ഷികള്‍ക്ക് വളംവച്ചു കൊടുക്കുന്ന അപകടകരമായ പ്രചാരണമാണിത്. ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭീഷണി ചെറുക്കുന്നതില്‍ ഇടതുപക്ഷത്തിന് ചുരുങ്ങിയ പക്ഷം കേരളത്തിലെങ്കിലും പരാജയമാണെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. ഇടതുപക്ഷ പഞ്ചായത്തില്‍ നിന്നുപോലും പി.കെ കുഞ്ഞാലിക്കുട്ടിക്ക് വന്‍ ഭൂരിപക്ഷം ലഭിച്ചതില്‍നിന്ന് ഇതല്ലേ മനസ്സിലാക്കേണ്ടത്. ഭരണത്തില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കു പോലും നീതി കിട്ടുന്നില്ലെന്ന ധാരണ പൊതുസമൂഹത്തില്‍ പടരാന്‍ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ കണ്ണീരും കാരണമായി. ഇ. അഹമ്മദിന് ലഭിച്ചതിനേക്കാള്‍ അരലക്ഷത്തിലേറെ വോട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചിരിക്കുന്നു. 4,37,723 വോട്ടാണ് ഇ. അഹമ്മദിന് ലഭിച്ചതെങ്കില്‍ 5,15,330 വോട്ടാണ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ മലപ്പുറം പ്രതിജ്ഞാബദ്ധമാണെന്ന സന്ദേശമാണ് ഇതുവഴി പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം നല്‍കുന്നത്. ഇത്തരമൊരു സന്ദേശത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുകയല്ലേ ഇടതുപക്ഷം ചെയ്യേണ്ടത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."