പോരാട്ടത്തിനിടയില്‍ പിതാവിന്റെ വേര്‍പാട്
കൊച്ചി: തെരഞ്ഞെടുപ്പ് ചൂടും വേനല്‍ചൂടും ഒപ്പത്തിനൊപ്പം മത്സരിക്കുന്ന സമയത്ത് തന്റെ പഴയ തെരഞ്ഞെടുപ്പ് ഒര്‍മകള്‍ 'സുപ്രഭാത'ത്തോടു പങ്കിടുകയാണ് മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയും എം.പിയുമായ എം.എം ലോറന്‍സ്.
1980ല്‍ ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ച ഓര്‍മകളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്.
ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് അന്ന് അദ്ദേഹം മത്സരിച്ചു വിജയിച്ചത്. ഇന്നത്തെപ്പോലെ വാഹന സൗകര്യവും റോഡുകളും ഒന്നുമില്ലാതിരുന്ന അക്കാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത് മൈക്ക് അനൗണ്‍സ് മെന്റിലൂടെയും പൊതുയോഗങ്ങളിലൂടെയുമായിരുന്നു.
പൊതുയോഗ വേദികള്‍ തമ്മില്‍ ഏറെ അകലമുണ്ടായിരുന്നു. ഒരു പൊതുയോഗത്തിന് ശേഷം അടുത്ത സ്ഥലത്തെത്താന്‍ വാഹനത്തില്‍ ഒരു മണിക്കൂറോളം യാത്ര വേണ്ടിവന്നു.
ഇന്നത്തെപ്പോലെ കാറുകളൊന്നും വ്യാപകമല്ലാതിരുന്ന കാലത്ത് ജീപ്പിലായിരുന്നു യാത്ര. അതും കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ. ഒരു ദിവസത്തെ പ്രചാരണം കഴിയുമ്പോള്‍തന്നെ സ്ഥാനാര്‍ഥികള്‍ ആകെ ക്ഷീണിച്ച് അവശരാകുമായിരുന്നു. പ്രചാരണം ആരംഭിച്ച സമയത്ത് വിജയപ്രതീക്ഷ ഇല്ലായിരുന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസം കൈവന്നു. നേരത്തെ എ.കെ.ജി ഇടുക്കിയില്‍ നടത്തിയ സമരങ്ങളായിരുന്നു അതിന് കാരണം. ആ സമരങ്ങള്‍ ജനങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ചിരുന്നു. കൂടാതെ കെ.എം മാണിയും അന്ന് ഒപ്പമുണ്ടായിരുന്നു. പി.ജെ ജോസഫ് എതിര്‍ ചേരിയിലായിരുന്നു.
നാമനിര്‍ദേശപത്രിക നല്‍കി മടങ്ങിവരുന്ന നേരത്ത് റോഡില്‍ കാട്ടാനയെ കണ്ടകാര്യം അദ്ദേഹം ചെറു ചിരിയോടെയാണ് വിവരിച്ചത്. വരണാധികാരിക്കു മുന്‍പില്‍ പത്രിക സമര്‍പ്പിച്ച് പുറത്തിറങ്ങുമ്പോള്‍ നേരം വൈകിയിരുന്നു. കൊടും കാട്ടിലൂടെ വേണം തിരികെ പോകാന്‍. രാത്രി യാത്ര വേണ്ടെന്ന് പലരും നിര്‍ബന്ധിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് ആവേശത്തില്‍ പോകാന്‍ തീരുമാനിച്ചു. വരുന്ന വഴികളില്‍ പലയിടത്തും കാട്ടാനകളെ കണ്ട് ഭയന്നെങ്കിലും അവ യാതൊരു വിധത്തിലും ഉപദ്രവിച്ചില്ല.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലെത്തിയ സമയത്തായിരുന്നു പിതാവിന്റെ മരണം. ഒരു ദിവസം പ്രചാരണം കഴിഞ്ഞു വന്ന് കിടന്നുറങ്ങുകയായിരുന്ന തന്നെ വെളുപ്പിന് ആരോ വിളിച്ചെഴുന്നേല്‍പ്പിച്ചാണ് വിവരം പറഞ്ഞത്. ഉടന്‍ തൊടുപുഴയിലെത്തി അവിടുന്ന് എറണാകുളത്തേക്ക് തിരിച്ചു. പിതാവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് അധിക ദിവസം അവിടെ നില്‍ക്കാതെ അമ്മയുടെ അനുവാദം വാങ്ങി മണ്ഡലത്തില്‍ പ്രചാരണത്തിനു തിരിച്ചെത്തി.
അവസാനം ഫലം വന്നപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ടി.എസ് ജോണിനെ എഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് ലോറന്‍സ് എം.പിയായി. എന്നാല്‍ പിന്നീട് 1984ല്‍ മുകുന്ദപുരത്ത് മത്സരിച്ച ലോറന്‍സ് പരാജയപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."