ജയരാജന്റെ ഹൃദയസ്പൃക്കായ കുറിപ്പും മറുപടിയും വൈറലാകുന്നു
കോഴിക്കോട്: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജനെതിരേ എതിരാളികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പ്രധാനം അദ്ദേഹം അക്രമരാഷ്ട്രീയത്തിന്റെ വക്താവാണെന്നാണ്. കഠാര രാഷ്ട്രീയം വടകരയുടെ മണ്ണില്‍ വേണ്ടെന്നും അരിയില്‍ ഷുക്കൂര്‍, ടി.പി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ ജയരാജനു പങ്കുണ്ടെന്നുമുള്ള ആക്ഷേപങ്ങള്‍ ശത്രുക്കള്‍ ഉയര്‍ത്തിവിടുമ്പോള്‍ ഇതിലൊന്നും തരിമ്പും സത്യമില്ലെന്നും തന്നെക്കുറിച്ച് നുണ പ്രചരിപ്പിക്കുകയാണെന്നും ജയരാജന്‍ പ്രതികരിച്ചു. ആരോപണപ്രത്യാരോപണങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ശത്രുക്കളുടെ ആക്രമണങ്ങള്‍ രൂക്ഷമായപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് ജയരാജന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പു വന്നു.
വലതുപക്ഷം നടത്തുന്ന നെറികെട്ട കള്ളപ്രചാരണമെന്ന പേരിലായിരുന്നു കുറിപ്പ്. തന്റെ നാല്‍പത്തിയേഴാം വയസുവരെ ഉപയോഗപ്രദമായിരുന്ന വലതുകൈക്കിപ്പോള്‍ ശക്തിയില്ല. ഇടതുകൈയില്‍ പേന പിടിപ്പിച്ചാണ് ഇപ്പോഴത്തെ എഴുത്ത്. ഇടതുകൈയിലാവട്ടെ 47 വയസുവരെ അഞ്ച് വിരലുകളുണ്ടായിരുന്നു. അതിനുശേഷം തള്ളവിരലുണ്ടായിട്ടില്ല. അക്രമികള്‍ ഇടതുകൈയിലെ പെരുവിരല്‍ അറുത്തെടുത്തു. വലതുകൈ വെട്ടിപ്പിളര്‍ന്നു. നട്ടെല്ലു വെട്ടി നുറുക്കി. ജില്ലയ്ക്കു പുറത്തേക്ക് സഞ്ചരിക്കാന്‍ പോലും കഴിയുന്ന ആരോഗ്യസ്ഥിതി അല്ല. കൂടാതെ ആന്‍ജിയോ പ്ലാസ്റ്റിയും. തന്റെ ശാരീരികമായ അവശതകളും തന്നോട് കാണിച്ച ക്രൂരതകളും വിവരിച്ചാണ് ദീര്‍ഘമായ പോസ്റ്റ്. ഇതിനു പുറമെ വെട്ടേറ്റു കിടക്കുന്ന ജയരാജന്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പമുണ്ട്.
ഉടന്‍ തന്നെ ഇതിനു മറുപടിയെത്തി. ജയരാജന്റെ വലതുകൈക്കു സ്വാധീനമില്ല. നട്ടെല്ലിനു ക്ഷതം പറ്റിയിട്ടുണ്ട്. ഇടതു കൈവിരല്‍ നഷ്ടപ്പെട്ടു. ലോക്‌സഭ കൂടുന്നത് രാവിലെ 11 മുതല്‍ ഒന്നുവരെയും രണ്ടു മണി മുതല്‍ ആറു വരെയും ആണ്. തുടര്‍ച്ചയായി നാലു മണിക്കൂര്‍ നേരം സഭയിലിരിക്കണം. സഭ തടസപ്പെടുന്നതും ഉന്തും തള്ളും സ്പീക്കറുടെ കസേര എടുത്തെറിയുന്നതുമെല്ലാം ലോക്‌സഭയിലും സംഭവിച്ചുകൂടായ്കയില്ല.
ജയരാജനെപ്പോലുള്ള ഒരു രോഗിക്ക് ആ ബഹളങ്ങള്‍ പ്രയാസമായേക്കുമെന്നെല്ലാം സൂചിപ്പിച്ചാണ് മറുപടി പോസ്റ്റ്. ഡല്‍ഹിയിലെ കാലാവസ്ഥ അതി കഠിനമായ ചൂടും തണുപ്പും ആണ്. പൊടിക്കാറ്റ്, അന്തരീക്ഷ മലിനീകരണം ഇവയെല്ലാം ഒരു രോഗിയെ സംബന്ധിച്ചു വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കള്ളക്കേസ് എന്നു പറഞ്ഞ കേസുകളിലെ തുടര്‍നടപടികള്‍ നടക്കേണ്ടത് ഇതിനിടയിലായിരിക്കുമെന്നും പോസ്റ്റ് പറയുന്നു. ജയരാജന്റെ രോഗാവസ്ഥയ്ക്കും കേസുകള്‍ മൂലമുള്ള തിരക്കിനുമൊപ്പം എം.പി യുടെ ജോലി കൂടി ചെയ്യാന്‍ ശാരീരിക ആരോഗ്യമില്ലെന്നത് പരിഗണിച്ച് അദ്ദേഹത്തിന്റെ തലയില്‍നിന്ന് ഈ മുള്‍ക്കിരീടം എടുത്തു മാറ്റാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മിഷനും തയാറാകണമെന്നപേക്ഷിച്ചാണ് മറുപടി പോസ്റ്റ് സമാപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."