നെല്പാടങ്ങളില് വാഴക്കൃഷി വ്യാപകമാവുന്നു
മുക്കം: മലയോര മേഖലയിലെ നെല്‍കൃഷിയുടെ പ്രധാന വിളനിലമായിരുന്ന ചെറുവാടിയിലും കൊടിയത്തൂരിലും വാഴ കൃഷി വ്യാപകമാവുന്നു. മുന്‍ കാലങ്ങളില്‍ നെല്ലും മരച്ചീനിയും പച്ചക്കറികളും കൃഷി ചെയ്തിരുന്ന വയലുകളിലാണ് വാഴ കൃഷി വ്യാപകമായി ഇടംപിടിച്ചിരിക്കുന്നത്.
എന്നാല്‍ വാഴ നടുന്നത് മുതല്‍ കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ നിരോധിത കീട നാശിനികള്‍ വന്‍ തോതില്‍ ഉപയോഗിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത് മൂലം സമീപത്തെ കുളങ്ങളും കിണറുകളും പുഴകളും മലിനമാകാന്‍ കാരണമാകുന്നതായും പരാതിയുണ്ട്. നിരോധിത കീടനാശിനികള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തില്‍ വാഴ, കവുങ്ങ് കൃഷി ചെയ്തത് മൂലം നിരവധി പേരില്‍ പലതരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ചെറുവാടി താഴത്ത് മുറിയിലേയും കട്ടപ്പാടത്തേയും വയലുകളില്‍ കവുങ്ങും വാഴയും വെട്ടി മാറ്റി നെല്‍കൃഷി ആരംഭിച്ചിരുന്നു.
ചെറുവാടി താഴത്തുമുറി റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു നെല്‍ കൃഷി ചെയ്തിരുന്നത്. വാഴ കൃഷിക്ക് ഉപയോഗിക്കുന്ന മാരക കീടനാശിനികള്‍ മൂലം പ്രദേശം രോഗാതുരമാവാനുള്ള സാധ്യത കണക്കിലെടുത്ത് ഇതിനെതിരേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."