ഒരു നാടിന്റെ ദാഹമകറ്റി പാമ്പിഴഞ്ഞ പാറയിലെ 'അത്ഭുത കുഴികള്‍'
തിരുവമ്പാടി: കനത്ത വേനലില്‍ നഗരങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങിയ സമയത്തും ഒരു നാടിന്റെയാകെ ജലത്തിനുള്ള ആശ്രയമായി പാമ്പിഴഞ്ഞപാറയിലെ അത്ഭുത കുഴികള്‍. നൂറോളം കുടുംബങ്ങള്‍ അവര്‍ക്കാവശ്യമായ ജലം ശേഖരിക്കുന്നത് ഡസനോളം വരുന്ന ഈ കുഴികളില്‍ നിന്നാണ്. തിരുവമ്പാടി -പുന്നക്കല്‍ റോഡിലെ പാമ്പിഴഞ്ഞപാറ കുളിക്കടവിന് സമീപമുള്ള സ്ഥലത്താണ് ഭൂനിരപ്പില്‍ നിന്നും മൂന്ന് അടി മാത്രം താഴ്ചയുള്ള ഈ ജലസ്രോതസ്സുകള്‍. ഈ ഭാഗത്ത് എവിടെ കുഴിച്ചാലും വെള്ളം സുലഭമാണ്. കുന്നിന്‍ മുകളിലായതിനാല്‍ താഴ്‌വാരത്ത് താമസിക്കുന്ന കുടുംബങ്ങള്‍ ഹോസ് ഉപയോഗിച്ചാണ് കുഴികളില്‍ നിന്നും വെള്ളം ശേഖരിക്കുന്നത്. 30 ഓളം ഹോസിലൂടെ നിലവില്‍ വെള്ളം എടുക്കുന്നുണ്ട്. പാമ്പിഴഞ്ഞപാറ ജുമാമസ്ജിദിലേക്കും ഇവിടുന്ന് തന്നെയാണ് വെള്ളം എടുക്കുന്നത്. 35 വര്‍ഷം മുന്‍പാണ് ഈ 'ജലപാതക്ക്'തുടക്കമിട്ടതെന്ന് ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ വില്ലന്‍ അബ്ദുഹാജി പറയുന്നു. എന്നാല്‍ ഈ പ്രദേശത്ത് നിന്നും 100 മീറ്റര്‍ മാറിയാല്‍ 350 അടി താഴ്ചയില്‍ പോലും വെള്ളം ലഭിക്കില്ല. നിരവധി പേര്‍ കുഴല്‍ കിണര്‍ കുഴിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."