പ്രളയ ഫണ്ട് തട്ടിപ്പ്: വിഷ്ണുപ്രസാദ് വീണ്ടും അറസ്റ്റില്‍
കാക്കനാട്: പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ജാമ്യത്തിലിറങ്ങിയ എറണാകുളം കലക്ടറേറ്റ് മുന്‍ ജീവനക്കാരന്‍ വിഷ്ണുപ്രസാദിനെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും അറസ്റ്റ് ചെയ്തു. വ്യാജ രശീതിയുണ്ടാക്കി ദുരിതാശ്വാസ നിധിയില്‍ നിന്ന് 63 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്.
ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഇന്ന് കലക്ടറേറ്റിലും മാവേലിപുരത്തെ വീട്ടിലും എത്തിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും.
കഴിഞ്ഞ പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയവര്‍ക്ക് സര്‍ക്കാര്‍ 10,000 രൂപ വീതം ധനസഹായം അനുവദിച്ചിരുന്നു. സാങ്കേതിക തകരാര്‍ കാരണം പലരുടെയും അക്കൗണ്ടിലേക്ക് 60,000 രൂപ വരെ എത്തിയിരുന്നു. അധികമായി കിട്ടിയ തുക തിരിച്ചേല്‍പ്പിക്കണമെന്ന് വിഷ്ണുപ്രസാദ് ദുരിതബാധിതരെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇത്തരത്തില്‍ കിട്ടിയ തുകയില്‍ നിന്ന് 63 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. പണം വാങ്ങിയ ശേഷം വ്യാജ കൈപ്പറ്റ് രശീതി വിഷ്ണുപ്രസാദ് സ്വയം നിര്‍മിക്കുകയായിരുന്നു.
വിശ്വാസ്യത ഉറപ്പുവരുത്താന്‍ മേലുദ്യോഗസ്ഥരെ കൊണ്ട് വ്യാജ രശീതിയില്‍ ഒപ്പുവയ്പ്പിക്കുകയും ചെയ്തു. ഡെപ്യൂട്ടി കലക്ടറടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് വിഷ്ണുപ്രസാദിനെ അറസ്റ്റ് ചെയ്തത്.
സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം.എം അന്‍വറിന്റെ അക്കൗണ്ടിലേക്ക് പ്രളയനിധിയില്‍ നിന്നെത്തിയ 10.54 ലക്ഷം രൂപ സംബന്ധിച്ച് ബാങ്ക് ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് വിഷ്ണുപ്രസാദിലേക്ക് അന്വേഷണം നീണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."