അറവുകത്തിയുമായി ആശുപത്രികള്‍
കണ്ണൂര്‍: ജീവിതത്തിന്റെയും മരണത്തിന്റെയും അതിര്‍വരമ്പിലെ നൂല്‍പാലമെന്നു വിശേഷിപ്പിക്കുന്ന തീവ്രപരിചരണ വിഭാഗങ്ങളുടെ(ഇന്റന്‍സീവ് കെയര്‍ യൂനിറ്റ്) മറവില്‍ ആശുപത്രികള്‍ നടത്തുന്നത് തീവെട്ടിക്കൊള്ള. സ്വകാര്യ, സഹകരണാശുപത്രികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ഭേദമില്ല. സാധാരണയായി അപകടം, ഹൃദയാഘാതം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാറുള്ളത്. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്താല്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇവരെ കാണാന്‍ ബന്ധുക്കള്‍ക്കും കൂടെ നില്‍ക്കുന്നവര്‍ക്കും കഴിയാറില്ല.
ഐ.സി.യുവില്‍ പ്രവേശിപ്പിക്കുന്ന രോഗിയുടെ പേരിലെഴുതുന്ന മരുന്നുകളിലാണ് കൊള്ള തുടങ്ങുന്നത്. ചുരുങ്ങിയത് പതിനായിരം രൂപയുടെ മരുന്നെങ്കിലും ഓരോ രോഗിയും വാങ്ങേണ്ടിവരുന്നു. ഇഞ്ചക്ഷന്‍ ഡ്രിപ്‌സ്, ഗ്ലൂകോസ്, ഡ്രസ് തുടങ്ങി താഴേതട്ടില്‍ നിന്നു തുടങ്ങുന്നു ഡോക്ടറുടെ കുറിപ്പടി. പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയുടെ ഫാര്‍മസികളില്‍ നിന്നുമാത്രമേ ഇതു ലഭ്യമാകൂ. അതുകൊണ്ടു തന്നെ വന്‍വിലയാണ് ഇവയ്ക്ക് ഈടാക്കുന്നത്.
ഒരേ രോഗമുള്ള ഒരുപാട് രോഗികളില്‍ ഒരാള്‍ക്കു വാങ്ങുന്ന മരുന്നുപയോഗിച്ചു ബാക്കിയുള്ളവ നേരേ മെഡിക്കല്‍ സ്‌റ്റോറുകളിലേക്കു തന്നെയെത്തുകയാണ്. അതായത് ഒരാള്‍ ഐ.സിയുവില്‍ കയറിയാല്‍ ആശുപത്രികള്‍ക്കു ലഭിക്കുന്ന ലാഭം മരുന്നിനത്തില്‍ മാത്രം 200 ശതമാനത്തോളം. ഈ തട്ടിപ്പു തങ്ങള്‍ക്കറിയാമെങ്കിലും പരാതിക്കാരില്ലാത്തതിനാല്‍ നടപടിയെടുക്കാനാവില്ലെന്നു ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫിസ് അധികൃതര്‍ പറയുന്നു. കണ്ണൂരടക്കമുള്ള ജില്ലകളില്‍ ഡ്രഗ്‌സ് കണ്‍ട്രോളറില്ലാതായിട്ടു മാസങ്ങളായി. അതുകൊണ്ടുതന്നെ സ്വകാര്യ ആശുപത്രികളെ പോയിട്ട് മെഡിക്കല്‍ ഷോപ്പുകളെ പോലും കണ്‍ട്രോളര്‍ ഓഫിസിനു നിയന്ത്രിക്കാനാവുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."