ഖത്തറിലെ പുതിയ തൊഴില്‍ നിയമം; ജോലി മാറുന്നവരുടെ എണ്ണം കൂടുന്നു
ദോഹ: പുതിയ തൊഴില്‍ നിയമത്തിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ജോലി മാറ്റത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നു. ഖത്തറിലെ ടൈപ്പിംഗ് സെന്ററുകളെ ഉദ്ധരിച്ച് ദി പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുറഞ്ഞ വരുമാനക്കാരായ ജോലിക്കാര്‍ക്ക് തങ്ങളുടെ തൊഴിലുടമയെ മാറാന്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാന്‍ നിരവധി ടൈപ്പിംഗ് സെന്ററുകളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. തൊഴില്‍ നിയമത്തിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് ജോലി മാറാന്‍ ഇപ്പോള്‍ കൂടുതല്‍ എളുപ്പമായതിനാലാണ് തൊഴില്‍ മാറ്റത്തിനുള്ള അപേക്ഷകളിലും വര്‍ധനവുണ്ടായത്. ഓണ്‍ലൈനായി കാര്യങ്ങള്‍ നിര്‍വഹിക്കാമെന്ന ഗുണവും ടൈപ്പിംഗ് സെന്ററുകള്‍ക്ക് നേട്ടമാകുന്നുണ്ട്.
രാജ്യത്തിനകത്തേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും പ്രവാസികള്‍ക്ക് താമസിക്കാനുമുള്ള 2015ലെ 21ാം നമ്പര്‍ നിയമപ്രകാരം പ്രവാസി തൊഴിലാളികള്‍ക്ക് നിബന്ധനകളും ഉപാധികളും പ്രകാരം ജോലി മാറാനുള്ള സാധ്യതകള്‍ നല്‍കുന്നുണ്ട്. പുതിയ നടപടി ക്രമങ്ങള്‍ വളരെ എളുപ്പവും എവിടെ നിന്നും അവയെല്ലാം നിര്‍വഹിക്കാനാവുമെന്നും ഒരു ടൈപ്പിംഗ് സെന്റര്‍ ജീവനക്കാരന്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജോലി മാറ്റത്തിന് അപേക്ഷിക്കുമ്പോള്‍ അപേക്ഷകന്റെ ഒപ്പ് പതിക്കണമെന്നുണ്ട്. ഒപ്പ് സ്‌കാന്‍ ചെയ്ത് അപേക്ഷയില്‍ ചേര്‍ക്കുന്നതാണ് രീതി. പലപ്പോഴും തൊഴിലാളികളില്‍ പലര്‍ക്കും ഇത്തരത്തില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള സൗകര്യങ്ങളുണ്ടാവില്ല. പ്രത്യേകിച്ചും ഒപ്പ് സ്‌കാന്‍ ചെയ്ത് പതിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് പലരും ടൈപ്പിംഗ് സെന്ററുകളെ ആശ്രയിക്കുന്നത്. തങ്ങളുടെ ജോലി മാറ്റവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് നിരവധി തൊഴിലാളികള്‍ സമീപിക്കുന്നതായി അല്‍ഗാനിമിലെ ഒരു ടൈപ്പിംഗ് സെന്റര്‍ മാനേജര്‍ പറഞ്ഞു.
ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള സര്‍വീസ് ചാര്‍ജ് ഓരോ സ്ഥലത്തും വ്യത്യസ്തമായാണ് ഈടാക്കുന്നത്. മുപ്പത് മുതല്‍ 50 റിയാല്‍ വരെയാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും ദോഹയിലും തൊഴില്‍ മാറ്റ അപേക്ഷയ്ക്ക് സര്‍വീസ് സെന്ററുകള്‍ ഈടാക്കുന്ന ചാര്‍ജ്ജ്. തങ്ങള്‍ നിരവധി തൊഴില്‍മാറ്റ അപേക്ഷകള്‍ വിജയകരമായി കൈമാറ്റം ചെയ്തതായി ദാറുല്‍ ഖുതുബിന് സമീപത്തെ ടൈപ്പിംഗ് സെന്റര്‍ മാനേജര്‍ പറയുന്നു. ഓരോ ദിവസവും നിരവധി അപേക്ഷകളാണ് ജോലി മാറ്റവുമായി ബന്ധപ്പെട്ട് തങ്ങളുടെ മുമ്പിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ പ്രവാസികളാണ് അപേക്ഷകരില്‍ ഭൂരിപക്ഷവും. ഏതാനും അപേക്ഷകരെ തങ്ങള്‍ക്ക് തിരിച്ചയക്കേണ്ടി വന്നതായി മറ്റൊരു ടൈപ്പിംഗ് സെന്റര്‍ മാനേജര്‍ പറഞ്ഞു. തൊഴില്‍ മാറ്റ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധമായും ആവശ്യമുള്ള തൊഴില്‍ കരാറുകള്‍ അവര്‍ക്ക് ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ മടക്കി അയയ്‌ക്കേണ്ടി വന്നത്. മാത്രമല്ല, നിലവില്‍ ജോലി ചെയ്യുന്ന കമ്പനിയുടേയും ചേരാനുദ്ദേശിക്കുന്ന കമ്പനിയുടേയും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ (സി.ആര്‍) കോപ്പി, റസിഡന്‍സി പെര്‍മിറ്റ് എന്നിവയും തൊഴില്‍ മാറ്റത്തിന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ ഉപയോഗിക്കുന്ന ഫോണിന്റെ സിം കാര്‍ഡ് അപേക്ഷകന്റെ പേരിലുള്ളതുമായിരിക്കണം. കാരണം അപേക്ഷ അയച്ചു കഴിഞ്ഞാലുള്ള സന്ദേശങ്ങള്‍ ടെക്സ്റ്റ് മെസേജായി ഫോണിലാണ് വരിക. ഇവയിലേതെങ്കിലും ഇല്ലാത്ത പക്ഷം തൊഴില്‍ മാറ്റത്തിനുള്ള അപേക്ഷ നിരസിക്കപ്പെടുമെന്നും ടൈപ്പിംഗ് സെന്ററില്‍ നിന്നും പറയുന്നു.
തൊഴില്‍ മാറ്റത്തിനുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ ഏതാനും സെക്കന്റുകള്‍ക്കകം അപേക്ഷകന് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എസ്.എം.എസ് ലഭിക്കും. ഇതിനു പിന്നാലെ ഏതാനും സമയത്തിന് ശേഷം അപേക്ഷ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്‌തെന്ന എസ്.എം.എസും അപേക്ഷകന്റെ ഫോണില്‍ അറബിയിലും ഇംഗ്ലീഷിലുമായി വരും. അപേക്ഷ സ്വീകരിച്ചതായി സന്ദേശം ലഭിച്ചു കഴിഞ്ഞാല്‍ അപേക്ഷകന് തന്റെ നിലവിലുള്ള തൊഴിലുടമയെ പിന്നീട് യാതൊരു അനുമതിക്കും സമീപിക്കേണ്ടതില്ല. പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി തന്റെ എംബസിയെ സമീപിക്കാവുന്നതും തൊഴില്‍ മാറ്റ ഫോറം പൂരിപ്പിച്ച് നല്‍കി പുതിയ കമ്പനിയില്‍ നിന്നും സീലും ഒപ്പും വാങ്ങി ഗറാഫയിലെ പാസ്‌പോര്‍ട്ട് ഓഫിസില്‍ എത്താവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."