ശശികലയെ പുറത്താക്കി; ഇനി അണ്ണാ ഡിഎംകെ ഒറ്റക്കെട്ട്
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ച് അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗങ്ങളും യോജിക്കാന്‍ ഒരുങ്ങുന്നു. ശശികലയേയും ദിനകരനേയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ ഇ.പി.എസ് വിഭാഗത്തിന്റെ യോഗത്തില്‍ തീരുമാനമായി. പാര്‍ട്ടിയെ നയിക്കാന്‍ പ്രത്യേക സമിതി നിലവില്‍വരും.
ശശികലകുടുംബത്തെ പാര്‍ട്ടിയില്‍നിന്നു മോചിപ്പിക്കുമെന്ന് മുഖ്യമന്ത്രി പളനിസാമിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം ധനമന്ത്രി ഡി.ജയകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. തമിഴ്മക്കള്‍ ആഗ്രഹിക്കുന്നതും അതാണ്. പനീര്‍ശെല്‍വം വിഭാഗവുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും ജയകുമാര്‍ പറഞ്ഞു.
പനീര്‍ശെല്‍വം വിഭാഗത്തിന്റെ ആവശ്യങ്ങളെല്ലാം ഇ.പി.എസ് പക്ഷം അംഗീകരിച്ചു. തങ്ങള്‍ ഐക്യം ആഗ്രഹിക്കുന്നുവെന്നും പാര്‍ട്ടിയില്‍ പിളര്‍പ്പ് ആഗ്രഹിക്കുന്നില്ലെന്നും ഐടി മന്ത്രി മണികണ്ഠന്‍ പറഞ്ഞു. പനീര്‍ശെല്‍വവുമായി ചര്‍ച്ചനടത്താന്‍ ഒരു സമിതിയെ നിയോഗിച്ചതായും മന്ത്രി പറഞ്ഞു.
ശശികലയുടെ കുടുംബവാഴ്ച്ച അവസാനിപ്പിച്ചാല്‍ മാത്രമേ പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് നടക്കുകയുള്ളൂവെന്നു പനീര്‍ശെല്‍വം ശക്തമായ നിലപാടെടുത്തിരുന്നു. ജയലളിതയുടെ സ്മാരകത്തില്‍ പ്രഖ്യാപിച്ച നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്നും പനീര്‍ശെല്‍വം വ്യക്തമാക്കിയിരുന്നു.
ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നമായ രണ്ടില നേടിയെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ശശികലയുടെ ബന്ധുവായ ടി.ടി.വി ദിനകരന്‍ കോടികള്‍ കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവമാണ് പുതിയ രാഷ്ട്രീയ നീക്കങ്ങളിലേക്ക് നയിച്ചത്. സംഭവത്തില്‍ ഡല്‍ഹി പൊലിസ് ദിനകരനെതിരേ കേസെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."