ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നുണ്ടോ, 'ശുഭയാത്ര'യുടെ ചായകുടിച്ചു പോകാം...
കോഴിക്കോട്: ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നുണ്ടെങ്കില്‍ ഇനി കോഴിക്കോട് ബൈപ്പാസിലെ മലാപ്പറമ്പ് ജങ്ഷന്‍ വഴി വന്നാല്‍ മതി. ട്രാഫിക് പൊലിസിന്റെ കട്ടന്‍ചായ കുടിച്ചു ക്ഷീണം മാറ്റി യാത്ര തുടരാം. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി ട്രാഫിക് പൊലിസിന്റെ നേതൃത്വത്തില്‍ 'ഓപറേഷന്‍ ശുഭയാത്ര' ആരംഭിച്ചിരിക്കുകയാണ്.
തുടക്കത്തില്‍ പൂളാടിക്കുന്ന് ബൈപ്പാസിലെ മലാപ്പറമ്പ് ജങ്ഷനിലാണ് ട്രാഫിക് പൊലിസിന്റെ പദ്ധതി ആരംഭിച്ചത്. ജൂലൈ മാസം മുതല്‍ ഓഗസ്റ്റ് വരെയുള്ള മൂന്നു മാസക്കാലമാണു പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം പരീക്ഷണാര്‍ഥം പദ്ധതി ആരംഭിച്ചിരുന്നെങ്കിലും പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് 'ശുഭയാത്ര'യിലൂടെ ചുക്കുകാപ്പി വിതരണം ചെയ്യുന്നത്. പ്രധാനമായും ദീര്‍ഘദൂര യാത്ര നടത്തുന്ന വാഹനങ്ങളെ ലക്ഷ്യമിട്ടാണു പദ്ധതി ആരംഭിച്ചതെന്ന് ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പദ്ധതി ആരംഭിച്ചതോടെ ദിവസവും നൂറോളം വാഹനങ്ങളാണു പദ്ധതിയുടെ ഗുണം പറ്റുന്നത്. വാഹനം പാതയോരത്തു നിര്‍ത്തി ചുക്കുകാപ്പി കുടിച്ചു ക്ഷീണം മാറ്റിയ ശേഷമാണ് ഇവര്‍ യാത്ര തുടരുന്നത്. വാഹനമോടിക്കുന്നതിനിടെ ഉറങ്ങിയുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണു പുതിയ പദ്ധതിയെ കുറിച്ച് ട്രാഫിക് അധികൃതര്‍ ആലോചിച്ചത്. നാട്ടുകാരുടെയും ബസ്ജീവനക്കാരുടെയും ഭാഗത്തുനിന്ന് ഇതിനു വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഭാവിയില്‍ പദ്ധതി വിവിധ ഏജന്‍സികളുടെ സഹായത്തോടെ വിപുലീകരിക്കുമെന്നും ട്രാഫിക് പൊലിസ് പറഞ്ഞു.
ട്രാഫിക് പൊലിസിനു കീഴില്‍ മൂന്നു മാസക്കാലയളവില്‍ വിവിധ ദിവസങ്ങളിലായാണു 'ശുഭയാത്ര' ഒരുക്കുന്നത്. നടന്‍ മോഹന്‍ലാലാണു പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. ലഘുലേഖ വിതരണം, സ്റ്റുഡന്റ് പൊലിസ് കാഡറ്റ് റാലി, സെമിനാറുകള്‍, ക്വിസ് മത്സരം, പെയിന്റിങ് മത്സരം, ഷോര്‍ട്ട്ഫിലിം ഫെസ്റ്റ്, വിവിധ റസിഡന്‍സ് അസോസിയേഷന്‍-ക്ലബ്-സംഘടനകളുടെ റാലി എന്നിവ ഇതിന്റെ ഭാഗമായി നടക്കും. ട്രാഫിക് പൊലിസിന്റെ ഫണ്ടുപയോഗിച്ചാണു പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."