കോര്‍പറേഷന്‍; അനധികൃത നിര്‍മാണത്തിനും കൈയേറ്റത്തിനുമെതിരേ ശക്തമായ നടപടി
കൊല്ലം: ബീച്ചിലെയും ആശ്രാമം മൈതാനിയിലെയും ഉള്‍പ്പെടെ നഗരത്തിലെമ്പാടും നടക്കുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിച്ചുകഴിയുമ്പോള്‍ പലരും ഇടപെടുന്ന സ്ഥിതിയുണ്ടെന്നും ഇക്കാര്യത്തില്‍ കൗണ്‍സില്‍ അംഗങ്ങളെങ്കിലും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചു. ബീച്ചില്‍ കൊടിമരങ്ങള്‍ ഉള്‍പ്പെടെ സ്ഥാപിച്ചുകൊണ്ടാണ് അനധികൃത കൈയേറ്റത്തിന് ഒത്താശ നല്‍കുന്നത്. തെരുവ് കച്ചവടക്കാരെ സംരക്ഷിക്കാനുള്ള നിയമം ചൂണ്ടിക്കാട്ടിയാണ് അനധികൃത കൈയേങ്ങള്‍ക്ക് തടയിടാന്‍ ശ്രമിക്കുന്നത്.
ബീച്ചില്‍ പുതുതായി പൊന്തിവന്ന കടകളെല്ലാം നീക്കം ചെയ്യും. മദ്യത്തിന് ദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പലയിടങ്ങളിലായി പൊന്തിവരുന്ന കടകളുടെ മറവില്‍ കഞ്ചാവ്, മയക്കുമരുന്ന് വിപണനം ശക്തിപ്പെട്ടിട്ടുണ്ട്. കടകള്‍ സ്ഥാപിച്ചിരിക്കുന്നവരില്‍ പലരും മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. വികസനത്തിന് തടസമായ എല്ലാറ്റിനെയും നീക്കം ചെയ്യുമെന്നും മേയര്‍ വ്യക്തമാക്കി. ബീച്ചിലെ ഒഴിപ്പിക്കല്‍ നീട്ടിക്കൊണ്ടുപോകരുതെന്ന് നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷന് മേയര്‍ നിര്‍ദേശം നല്‍കി.
നഗത്തില്‍ പലയിടങ്ങളിലും കൈയേറ്റവും അനധികൃത നിര്‍മാണങ്ങളും വ്യാപകമായിട്ടുള്ളതായി നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷന്‍ വി.എസ് പ്രിയദര്‍ശനന്‍ പറഞ്ഞു. നോട്ടീസ് കൊടുക്കുന്നതൊഴിച്ചാല്‍ തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ല, ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതാണ് പ്രധാന പോരായ്മ.
ആര്‍.എസ്.പി അംഗം എം.എസ് ഗോപകുമാറാണ് വിഷയം കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. നഗരത്തിലെ ശുദ്ധജല സ്രോതസായ വട്ടക്കായലിലും അഷ്ടമുടിക്കായലിലും കൈയേറ്റം വ്യാപകമായിരിക്കുകയാണ്. ബീച്ചിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തേണ്ടിവന്നത് വ്യക്തിതാല്‍പര്യം മൂലമാണെന്ന് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് പറഞ്ഞു. കൈയേറ്റത്തെ കുറിച്ച് ജനപ്രതിനിധികള്‍ സദുദ്ദേശത്തോടെ വിവരങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ പേര് ചോര്‍ത്തിക്കൊടുക്കുന്ന ഉദ്യോഗസ്ഥരുടെ മേല്‍ നടപടി വേണമെന്നും ഡെപ്യൂട്ടി മേയര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."