കെ.എസ്.ആര്.ടി.സി എം.ഡിയായി ബിജു പ്രഭാകര്‍ ചുമതലയേല്‍ക്കും
തിരുവനന്തപുരം: ബിജുപ്രഭാകര്‍ ഐഎഎസിനെ കെഎസ്ആര്‍ടിസി എംഡിയായി നിയമിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവില്‍ എംഡിയായിരുന്ന ഐജി ദിനേശ് രാജിവെച്ച ഒഴിവിലാണ് ബിജു പ്രഭാകറിന് ചുമതല നല്‍കിയത്.
കെഎസ്ആര്‍ടിസിയുടെ അധിക ചുമതലയാണ് നിലവില്‍ ബിജു പ്രഭാകറിന് നല്‍കിയിരിക്കുന്നത്. നിലവില്‍ സാമൂഹിക നീതിവകുപ്പ് സെക്രട്ടറിയാണ് അദ്ദേഹം. നേരത്തെ ടോമിന് ജെ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡി സ്ഥാനം ഒഴിഞ്ഞ സമയത്തും ബിജു പ്രഭാകറിന്റെ പേര് ആ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു.
കെ.എസ്.ആര്.ടി.സി ചെയര്‍മാനായി ഗതാഗത സെക്രട്ടറി കെ.ആര്.ജ്യോതിലാലിനെ നിയമിക്കുകയും ചെയ്തു. തിരുവനന്തപുരം-കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോറിന് പുതിയ അലൈന്‍മെന്റിന് മന്ത്രിസഭ അംഗീകാരം നല്കി.
കൊയിലാണ്ടി മുതല്‍ ധര്‍മ്മടം വരെയുള്ള അലൈന്‍മെന്റിന് മാറ്റം വരുത്താന്‍ തീരുമാനമായി.പുതുച്ചേരി സര്‍ക്കാരില്‍ നിന്നുള്ള എതിര്‍പ്പുകളെ തുടര്‍ന്നാണ് മാറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്. 66000 കോടി രൂപ ചിലവു വരുന്ന പദ്ധതിയാണിത്.
കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പുതുതായി ഇനി ഇളവുകള്‍ നല്‍കേണ്ടതില്ല. നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടതില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ശക്തമായ പരിശോധനകള്‍ നടത്തും.സമൂഹ വ്യാപനത്തിലേക്ക് പോകുന്നത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രിസഭാ യോഗം വിലിയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."