ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കം: മുന്നണികള്‍ അങ്കലാപ്പില്‍
കോട്ടയം: മലങ്കര സുറിയാനി സഭയിലെ ഓര്‍ത്തഡോക്‌സ് - യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ ഇവരുടെ പിന്തുണക്കായി ഇരുട്ടില്‍തപ്പുകയാണ് മുന്നണികള്‍.
ആറ് ലോക്‌സഭാ മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനമുള്ള ഇവര്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. പ്രശ്‌നം തെരഞ്ഞെടുപ്പ് കാലത്തോളമെത്തിയതോടെ ഇടതുമുന്നണിയാണ് ഏറെ പ്രതിസന്ധിയിലായത്. തങ്ങള്‍ക്കനുകൂലമായ കോടതിവിധി നടപ്പാക്കാത്തതില്‍ അമര്‍ഷമുള്ള ഓര്‍ത്തഡോക്‌സ് വിഭാഗം സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്ന് ആരോപണമുന്നയിച്ചിരുന്നു. പ്രശ്‌നം കോടതിക്കുപുറത്ത് പരിഹരിക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം പരിഗണിക്കാനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിക്കും കാര്യമായൊന്നും ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്.
ഇതോടെ യാക്കോബായ വിഭാഗത്തിന്റെ പിന്തുണയുടെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്. മലങ്കര സഭാ തര്‍ക്കം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ രൂപംകൊടുക്കാനൊരുങ്ങിയ ചര്‍ച്ച് ബില്‍ കത്തോലിക്കാ സഭയുടെ രൂക്ഷമായ എതിര്‍പ്പിന് കാരണമായിരിക്കുകയാണ്. ചര്‍ച്ച് ബില്ലുമായി മുന്നോട്ടുപോകാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ആണയിടുന്നുണ്ടെങ്കിലും ഇതില്‍പിടിച്ച് സര്‍ക്കാരിനെതിരായ വികാരം ആളിക്കത്തിക്കാനാണ് യു.ഡി.എഫ് ശ്രമം.
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ 40 ശതമാനത്തോളം വരുന്ന ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ വീണാ ജോര്‍ജിനെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. വീണയുടെ ഭര്‍ത്താവ് ഓര്‍ത്തഡോക്‌സ് സഭയിലെ പ്രധാനിയാണെന്നത് പരിഗണിച്ചാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, കോടതിവിധി നടപ്പാക്കാത്ത സാഹചര്യത്തില്‍ പിന്തുണയുണ്ടാകുമെന്ന് കരുതാനാകില്ല. ഓര്‍ത്തഡോക്‌സ് സഭയിലെ യു.ഡി.എഫ് പക്ഷക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി നേതൃത്വത്തിന്റെ പൊതുനിലപാട് എല്‍.ഡി.എഫിനെതിരാക്കാനുള്ള ശ്രമത്തിലാണ്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നിര്‍ണായക സ്വാധീനമുള്ള പുതുപ്പള്ളി, കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളില്‍ പിന്തുണ യു.ഡി.എഫിന് അനുകൂലമാകാനാണ് സാധ്യത. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ ചില പ്രദേശങ്ങളിലും ഓര്‍ത്തഡോക്‌സ് സഭക്ക് നിര്‍ണായക സ്വാധീനമുണ്ട്.
അതേസമയം, കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ പിറവം, എറണാകുളം, ചാലക്കുടി, തൃശൂര്‍ എന്നിവിടങ്ങളിലും ഇടുക്കിയിലെ ഏതാനും നിയമസഭാ മണ്ഡലങ്ങളിലും യാക്കോബായ വിഭാഗത്തിന് ശക്തമായ സ്വാധീനമാണുള്ളത്. പരമ്പരാഗതമായി എല്‍.ഡി.എഫിനെ പിന്തുണച്ചുപോരുന്ന യാക്കോബായ വിഭാഗം ഇത്തവണ നിലപാട് വ്യക്തമാക്കാത്തതും മുന്നണിക്ക് തലവേദനയാകുന്നുണ്ട്.
ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ യാക്കോബായ വിഭാഗക്കാരാനാണെന്നതും ഇടതുമുന്നണിയുടെ ചങ്കിടിപ്പുയര്‍ത്തുന്നു. വിഷയം സജീവമായി നില്‍ക്കുന്നത് ഇടതുമുന്നണിക്കാണ് കൂടുതല്‍ തലവേദനയാകുന്നത്. വിഷയം തെരഞ്ഞെടുപ്പിനുശേഷം ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന വാഗ്ദാനമാണ് ഇപ്പോള്‍ എല്‍.ഡി.എഫ് മുന്നോട്ടുവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."