ബല്ലാത്ത ജയം
റോസ്റ്റോവ്: അത്ഭുതങ്ങള്‍ നിറച്ചു വച്ച ഈ കഥ പ്രതീക്ഷകളും സ്വപ്നങ്ങളും പ്രവചനങ്ങളും മറികടന്നൊരു ക്ലൈമാക്‌സിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് 2018 റഷ്യന്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനത്തോടടുക്കുമ്പോള്‍ വ്യക്തമാകുന്നത്. ആരെയും എഴുതിതള്ളാനാകില്ലെന്നുറപ്പിക്കുന്ന മത്സരമായിരുന്നു തിങ്കളാഴ്ച നടന്ന ബെല്‍ജിയം-ജപ്പാന്‍ പ്രീക്വാര്‍ട്ടര്‍. ഡെന്‍മാര്‍ക്ക്-ക്രൊയേഷ്യ മത്സരത്തിനു ശേഷം തോറ്റു പുറത്തായവരെ താരങ്ങളാക്കിയ മത്സരം കൂടിയായിരുന്നു ഇത്. ഏത് വന്‍ നിരയെയും പ്രതിരോധിക്കാന്‍ ശക്തിയും കരുത്തുമുണ്ടെന്ന് ലോകകപ്പിന് മുന്‍പും ആദ്യ റൗണ്ട് അവസാനിച്ചപ്പോഴും വിലയിരുത്തപ്പെട്ട ടീമായിരുന്നു ബെല്‍ജിയം. ഇംഗ്ലണ്ടുള്‍പ്പെടുന്ന ഗ്രൂപ്പില്‍ നിന്ന് മുഴുവന്‍ മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയ ബെല്‍ജിയവും ഗ്രൂപ്പ് എച്ചില്‍നിന്ന് സെനഗലുമായി തുല്ല്യ പോയിന്റുകള്‍ പങ്കിട്ട് കുറഞ്ഞ മഞ്ഞ കാര്‍ഡുകള്‍ എന്നതിന്റെ ബലത്തില്‍ പ്രീക്വാര്‍ട്ടറിലെത്തിയ ജപ്പാനും ഏറ്റുമുട്ടുമ്പോള്‍ ബെല്‍ജിയത്തിന്റെ സാധ്യത മാറ്റിവച്ചൊരു നിരീക്ഷണം നീതീകരിക്കാനാവുന്നതായിരുന്നില്ല. എന്നാല്‍ ഇത് ഫുട്‌ബോളാണ്, ഇവിടെ ഇങ്ങനെയൊക്കെയാണ് എന്ന ഫുട്‌ബോളിന്റെ സവിശേഷത വിളിച്ചോതുകയായിരുന്നു ജപ്പാന്‍ താരങ്ങള്‍, തങ്ങളുടെ സുന്ദരന്‍ ഫുട്‌ബോളിലൂടെ.
പ്രതിരോധത്തിന് പ്രധാന്യം നല്‍കി 4-2-3-1 എന്ന ഫോര്‍മേഷനിലായിരുന്നു ജപ്പാന്‍ നിര ഇറങ്ങിയത്. മറുവശത്ത് 3-4-2-1 ഫോര്‍മേഷനിലായിരുന്നു ബെല്‍ജിയം. ബെല്‍ജിയം നിരന്തരം ആക്രമണങ്ങളുമായി ജപ്പാന്‍ പോസ്റ്റിലേക്ക് പാഞ്ഞെടുത്തപ്പോള്‍ മറുവശത്ത് ജപ്പാന്‍ പ്രതിരോധത്തില്‍ അടിയുറച്ചുനിന്നതോടെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. 11ാം മിനുട്ടില്‍ മെര്‍ട്ടന്‍സും 21ാം മിനുട്ടില്‍ ലുക്കാക്കുവും ബെല്‍ജിയത്തിന്റെ മികച്ച രണ്ടു ഗോള്‍ അവസരങ്ങള്‍ പാഴാക്കി.
രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ചാണ് ജപ്പാന്‍ മത്സരത്തിനിറങ്ങിയത്. നിരന്തര ആക്രമണങ്ങളുമായി ജപ്പാന്‍ മുന്നേറ്റപ്പോരാളികള്‍ ബെല്‍ജിയം പോസ്റ്റില്‍ സൃഷ്ടിച്ച ഇടിമുഴക്കം 48ാം മിനുട്ടില്‍ ഗെന്‍കി ഹരാഗുച്ചി നേടിയ ഗോളില്‍ കലാശിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയുടെ ആഘാതം മാറും മുന്‍പ് ജപ്പാന്റെ രണ്ടാം ഗോളും ബെല്‍ജിയം പോസ്റ്റില്‍ ഇടിത്തീഴായി വീണു. ഇപ്രാവശ്യം തകാഷി ഇനൂയിയായിരുന്നു സ്‌കോറര്‍. രണ്ടാം ഗോളും കിട്ടിയതോടെ ബെല്‍ജിയം ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. രണ്ടു ഗോളിന്റെ മുന്‍തൂക്കം ലഭിച്ചിട്ടും പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ആക്രമിച്ച് കളിച്ച ജപ്പാന്റെ പിഴവ് പ്രയോജനപ്പെടുത്തി 69ാം മിനുട്ടില്‍ യാന്‍ വെര്‍ട്ടോംഗന്‍ ഹെഡ്ഡറിലൂടെ ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍ നേടി. (2-1). മെര്‍ട്ടന്‍സിന് പകരക്കാനെത്തിയ ഫെല്ലെയിനിയിലൂടെ 74ാം മിനുട്ടില്‍ ബെല്‍ജിയം രണ്ടാം ഗോള്‍ കണ്ടെത്തി. (2-2). പിന്നീട് രണ്ടു ടീമുകളും കട്ടക്ക് നിന്ന് കളിച്ചതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്കെത്തുമെന്ന് തോന്നിപ്പിക്കുന്നതായി. എന്നാല്‍ ഇന്‍ജുറി ടൈമില്‍ 94ാം മിനുട്ടില്‍ മികച്ചൊരു കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ നാസര്‍ ചാഡ്‌ലി നേടിയ ഗോള്‍ ശ്വാസമടക്കി പിടിച്ച് ജപ്പാന്റെ വിജയത്തിനായി ആര്‍ത്തുവിളിച്ചിരുന്ന ആരാധകാരുടെ നെഞ്ചത്തേക്ക് തറച്ചു കയറുകയായിരുന്നു. (2-3). അവസാന നിമിഷം പരാജയം രുചിക്കേണ്ടി വന്നതിന്റെ ദുഃഖത്തില്‍ ജപ്പാന്‍ താരങ്ങളെല്ലാം മൈതാനത്ത് വീണ് പൊട്ടിക്കരഞ്ഞപ്പോള്‍ ലേകത്ത് ഒന്നടങ്കമുള്ള ഫുട്‌ബോള്‍ ആരാധകര്‍ അവര്‍ കാഴ്ച വച്ച പോരാട്ടവീര്യത്തനു മുന്നില്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. തകര്‍ച്ചക്കു ശേഷം മുറിവേറ്റ സിംഹങ്ങളെ പോലെ കുത്തിച്ചെത്തി രക്തദാഹം തീര്‍ത്ത ഫുട്‌ബോളിന്റെ ചുവന്ന ചെകുത്താന്‍മാര്‍ ലോകകപ്പ് കിരീടം എന്ന സ്വപ്നത്തിലേക്ക് മുന്നോട്ടുള്ള പാതയിലെത്തി. മെക്‌സിക്കോയെ തോല്‍പ്പിച്ച ബ്രസീല്‍ ആയിരിക്കും ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."