സ്വീറ്റ് ഡിഷ്
സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഇബ്രാഹിമോവിച്ചില്ലെങ്കിലെന്ത്. സ്വീഡന്‍ പവര്‍ഫുള്‍ ആണ്. ഇബ്രയില്ലാതെ ലോകകപ്പിനെത്തിയ സ്വീഡനെ പലരും പുച്ഛിച്ചിരുന്നു. അവര്‍ക്കുള്ള മറുപടിയാണ് സ്വീഡന്റെ ഈ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പ്രവേശനം. തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിച്ച മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റിനെ ഒരു ഗോളിന് പരാജയപ്പെടുത്തി സ്വീഡന്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. കൊളംബിയ- ഇംഗ്ലണ്ട് മത്സരത്തിലെ വിജയിയാണ് ക്വാര്‍ട്ടറില്‍ സീഡന്റെ എതിരാളി. 1994ന് ശേഷം സ്വീഡന്‍ ആദ്യമായാണ് ലോകകപ്പ് ക്വാര്‍ട്ടറിലെത്തുന്നത്. 1958ല്‍ റണ്ണേഴ്‌സ് അപ്പ് ആയതാണ് സ്വീഡന്റെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. സ്വീഡന്റെ എക്കാലത്തെയും സൂപ്പര്‍ താരം ഇബ്രാഹിമോവിച്ചിന് നേടാന്‍ കഴിയാത്ത നേട്ടമാണ് ഗ്രാന്‍ക്വിസ്റ്റിന് കീഴിലെത്തിയ സ്വീഡന്‍ സ്വന്തമാക്കിയത്.
മത്സരത്തിലുടനീളം മുന്നിട്ടുനിന്നത് സ്വിസ് പടയായിരുന്നു. പക്ഷേ കിട്ടിയ അവസരം മുതലെടുത്ത സ്വീഡന്‍ ഗോള്‍ നേടി പ്രതീക്ഷകള്‍ കാത്തു. 66ാം മിനുട്ടില്‍ എമില്‍ ഫോര്‍സ്‌ബെര്‍ഗാണ് സ്വീഡന് വേണ്ടി ഗോള്‍ നേടിയത്. സ്വിറ്റ്‌സര്‍ലന്റ് ബോക്‌സിനു പുറത്ത് വച്ച് തോയ്‌വൊനില്‍നിന്ന് ലഭിച്ച പന്തുമായി കുതിച്ച ഫോര്‍സ്ബര്‍ഗ് പ്രതിരോധ താരത്തെ വെട്ടിയൊഴിഞ്ഞ് ഗോളിലേക്ക് പായിച്ച തകര്‍പ്പന്‍ ഷോട്ട് സ്വിസ് പ്രതിരോധ താരം മാനുവല്‍ അക്കാന്‍ജിയുടെ കാലില്‍ തട്ടി വലയില്‍ കയറി. അതുവരെ ഗോള്‍ വലക്ക് മുന്നില്‍ ഉറച്ചുനിന്ന സ്വിസ് ഗോള്‍കീപ്പര്‍ സോമര്‍ കാഴ്ചക്കാരനായി. സ്വീഡിഷ് ഗോള്‍ കീപ്പര്‍ റോബിന്‍ ഓള്‍സെന്റെ തകര്‍പ്പന്‍ പ്രകടനവും സ്വീഡന് തുണയായി.
ഷാക്കിരിയും ഷാക്കയുമടങ്ങിയ സ്വിസ് പടയെ പൂട്ടിയിട്ടാണ് സ്വീഡന്‍ ക്വാര്‍ട്ടറില്‍ കടന്നത്. 94ാം മിനുട്ടില്‍ സ്വീഡന്‍ രണ്ടാം ഗോളിന് അടുത്തെത്തിയെങ്കിലും പ്രതിരോധ താരം മൈക്കല്‍ ലാങ്ങിന്റെ ഇടപെടല്‍ സ്വിറ്റ്‌സര്‍ലന്റിനെ രക്ഷിച്ചു. താരം നടത്തിയ ഫൗളിന് റഫറി ആദ്യം പെനാല്‍റ്റി അനുവദിച്ചെങ്കിലും പീന്നീട് വാര്‍ പരിശോധനയില്‍ ബോക്‌സിന് പുറത്തു വച്ചാണെന്ന് തെളിഞ്ഞതിനാല്‍ ഫ്രീകിക്ക് അനുവദിക്കുകയായിരുന്നു. ഈ ഫൗളില്‍ ലാങ്ങിന് ചുവപ്പ് കാര്‍ഡ് കിട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."