ത്രിരാഷ്ട്ര ടി20 പരമ്പര
ഹരാരേ: വെടിക്കെട്ട് ബാറ്റിങ്ങുമായി ആരോണ്‍ ഫിഞ്ച് തകര്‍ത്താടിയ ത്രിരാഷ്ട്ര ടി20 മത്സരത്തില്‍ സിംബാബ്‌വെക്കെതിരേ ആസ്‌ത്രേലിയക്ക് മികച്ച വിജയം. 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്ത ആസ്‌ത്രേലിയ സിംബാബ്‌വെയെ ഒന്‍പത് വിക്കറ്റിന് 129 റണ്‍സിലൊതുക്കി 100 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത സിംബാബ്‌വെയുടെ തന്ത്രം തുടക്കത്തില്‍ തന്നെ പാളി. ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡി ആര്‍സി ഷോര്‍ട്ടും ബോളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പറത്തി. 76 പന്തില്‍ 172 റണ്‍സെടുത്ത ഫിഞ്ചാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഇതോടെ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡിനുടമയായി ഫിഞ്ച്. തന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് തന്നെയാണ് ഫിഞ്ച് തിരുത്തിയത്. 2013 ല്‍ ഇംഗ്ലണ്ടിനെതിരേ ഫിഞ്ച് നേടിയ 156 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.
ഫിഞ്ചിന്റെ ബാറ്റില്‍ നിന്ന് 16 ബൗണ്ടറിയും 10 സിക്‌സറും പിറന്നു. ഡി ആര്‍സി ഷോര്‍ട്ട് 42 പന്തില്‍ നിന്ന് 46 റണ്‍സ് നേടി. ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇവരുടെ പേരിലായി. 223 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇവര്‍ രണ്ടുപേരും കൂടി നേടിയത്. 2016 ല്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും കെയ്ന്‍ വില്യംസണും നേടിയ 171 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇതോടെ പഴങ്കഥയായത്. സിംബാബ്‌വെക്ക് വേണ്ടി ബ്ലെസിങ് മുസറബാനി രണ്ട് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ 129 റണ്‍സിലൊതുങ്ങി. സിംബാബ്‌വെക്ക് വേണ്ടി ചമ്മു ചിബാബ 18, സോളമന്‍ മൈര്‍ 28, പീറ്റര്‍ മൂര്‍ 19 എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ആസ്‌ത്രേലിയക്ക് വേണ്ടി ആന്‍ഡ്ര്യൂ ടൈ മൂന്നും ആഷ്ടന്‍ ആഗര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ബില്ലി സ്റ്റാന്‍ലൈക്ക്, റിച്ചാര്‍ഡ്‌സണ്‍, മാക്‌സ്‌വെല്‍, സ്‌റ്റോയിനിസ് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും നേടി.
രണ്ട് മത്സരങ്ങള്‍ ജയിച്ച് എട്ടു പോയിന്റുമായി ആസ്‌ത്രേലിയയാണ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ളത്. ഒരു ജയവും തോല്‍വിയുമായി പാക്കിസ്താന്‍ ആണ് രണ്ടാം സ്ഥാനത്ത്. രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട സിംബാബ്‌വെ പട്ടികയില്‍ അവസാന സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."