ജുമുഅക്ക് പകരം ളുഹ്ര്‍ സാധുവാകുമോ?
കൊവിഡു നിയന്ത്രണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശിക്കുകയും ലോക്ക്ഡൗണിനു ശേഷം തുറക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തിരിക്കയാണ്. നിയന്ത്രണങ്ങളും നിബന്ധനകളും പാലിച്ച് പള്ളികള്‍ തുറക്കണമെന്നും കണ്ടൈന്‍മെന്റ് സോണുകളിലും നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്തിടങ്ങളിലും തല്‍സ്ഥിതി തുടരാമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിശ്വാസികളെ അറിയിച്ചിരിക്കയാണ്. ജുമുഅ, ജമാഅത്തുകള്‍ സംബന്ധിച്ച് വിശ്വാസികള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കല്‍ അനിവാര്യമാണ്.
ഒരു നാട്ടില്‍ സ്ഥിരവാസികളായ ചുരുങ്ങിയത് നാല്‍പതു മുകല്ലഫുകളായ പുരുഷന്മാരുണ്ടെങ്കില്‍ അന്നാട്ടിന്റെ പരിധിക്കുള്ളിലായി ജുമുഅ സ്ഥാപിക്കല്‍ നിര്‍ബന്ധമാണ്. നാട്ടുകാര്‍ക്ക് അവര്‍ സ്ഥിരവാസികളല്ലെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ, ജുമുഅയാണ് നിര്‍ബന്ധം, ളുഹ്‌റല്ല. അതിനാല്‍ ജുമുഅ നിസ്‌കാരത്തിന്റെ സ്ഥാനത്ത്, ളുഹ്ര്‍ നിസ്‌കരിച്ചാല്‍ സാധുവാകുന്നതല്ല. അസ്‌റിനു മുമ്പായി ഖുതുബയ്ക്കും ജുമുഅയ്ക്കും സമയമുണ്ടെങ്കില്‍ ഒരിടത്ത് ഒരുമിച്ചുകൂടി ജുമുഅ തന്നെ നിര്‍വഹിക്കണം. ജുമുഅ ലഭിക്കുകയില്ലെന്നു ഉറപ്പാകുമ്പോള്‍ മാത്രമേ ളുഹ്ര്‍ നിസ്‌കരിക്കാവൂ. അന്നാട്ടില്‍ കാലങ്ങളായി അകാരണമായി ജുമുഅ നടക്കാത്ത പതിവാണെങ്കില്‍ പോലും ജുമുഅയില്‍ പ്രതീക്ഷ യഥാര്‍ഥമായും നഷ്ടപ്പെടുമ്പോള്‍ മാത്രമേ ളുഹ്ര്‍ നിസ്‌കാരം സാധുവാകൂവെന്നാണ് ഇമാം ഇബ്‌നു ഹജര്‍ (റ) രേഖപ്പെടുത്തിയിട്ടുള്ളത്. കാരണം, വെള്ളിയാഴ്ചയില്‍ ജുമുഅയാണ് അടിസ്ഥാനപരമായി കല്‍പിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ ജുമുഅയെത്തൊട്ട് ഉറപ്പായും പ്രതീക്ഷ മുറിയുമ്പോള്‍ മാത്രമേ ജുമുഅ ഒഴിവാകുകയുള്ളൂ. നാട്ടുകാര്‍ മറ്റൊരു നാട്ടിലെ ജുമുഅയില്‍ സംബന്ധിച്ചാലും അവരുടെ നാട്ടില്‍ ജുമുഅ മുടക്കല്‍ നിഷിദ്ധമാണ് (ഫത്ഹുല്‍ മുഈന്‍ 137, തുഹ്ഫ, 2 - 418, 429).
വെള്ളിയാഴ്ച ദിവസം ജുമുഅ ഫര്‍ളു ഐനായ ഇബാദത്താണ്. ഇതര ജമാഅത്തുകള്‍ നാട്ടില്‍ നടക്കല്‍ അന്നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഫര്‍ളു കിഫായയുമാണ്. മുസ്‌ലിമിന്റെ പരലോക വിജയത്തിന്റെ കാര്യങ്ങളാണ് അവരണ്ടും. അതിലുപരി ഇസ്‌ലാമിന്റെ നിലനില്‍പ്പും നിശ്ശബ്ദ പ്രചരണ(ദഅവത്ത്)വുമാണ്. മുസ്‌ലിംകളുടെ കെട്ടുറപ്പിനു വേണ്ടി നടപ്പിലാക്കേണ്ടുന്ന മതചിഹ്നങ്ങളുമാണ്. അവരുടെ അഭിമാനകരമായ അസ്തിത്വത്തിന്റെ നിദര്‍ശനങ്ങളാണ്. ജുമുഅ മുടങ്ങാതെ നിലനിര്‍ത്തല്‍ നാട്ടുകാരുടെ നിര്‍ബന്ധ ബാധ്യതയാണ്. അല്ലാത്തപക്ഷം അല്ലാഹുവിന്റെയടുക്കല്‍ എല്ലാവരും കുറ്റക്കാരാകും. എന്നാല്‍ രോഗം പോലുള്ള കാരണത്താല്‍ ജുമുഅയ്ക്ക് എത്തിപ്പെടാന്‍ വളരെ ബുദ്ധിമുട്ടുള്ളവര്‍ക്ക് പ്രതിബന്ധമു(ഉദ്ര്‍)ള്ളതിനാല്‍ ജുമുഅ നിര്‍ബന്ധമില്ല. അവര്‍ക്ക് ജുമുഅയ്ക്കു പകരം ളുഹ്ര്‍ നിസ്‌കരിക്കാവുന്നതാണ്. അഥവാ, ജുമുഅ നിസ്‌കരിക്കുന്നില്ലെങ്കില്‍ ളുഹ്ര്‍ നിസ്‌കരിക്കേണ്ടതാണ്. എന്നാല്‍ അവര്‍ ജുമുഅയ്ക്ക് വന്നാല്‍ ജുമുഅ സഹീഹാകുന്നതും അവരെ കൊണ്ട് ജുമുഅ സ്വീകരിക്കപ്പെടുന്നതുമാണ് (മിന്‍ഹാജ്).
രാജ്യത്ത് കൊവിഡ് - 19 പശ്ചാത്തലത്തില്‍ പൊതുയിടങ്ങളില്‍ ജനജീവിതം സാധാരണ പോലെയാണെങ്കില്‍ ആരാധനയിടങ്ങളിലും അപ്രകാരം തന്നെയാണ്. പൊതുയിടങ്ങളില്‍ ആളുകള്‍ക്ക് രോഗ ഭയമോ വ്യാപനമോ ഇല്ലെങ്കില്‍ ആരാധനാലയങ്ങളിലും അതേ സ്ഥിതി തന്നെയാണുള്ളത്. പൊതുജീവിതത്തിന്റെ ഭാഗം തന്നെയാണ് ജുമുഅ, ജമാഅത്തുകളും. ദീന്‍ കേവലം സ്വകാര്യമേഖലയല്ല. അതു സമഗ്ര സ്പര്‍ശിയാണ്. അതിനാല്‍ ആളുകള്‍ അങ്ങാടികളിലും മറ്റും ഒരുമിച്ചുകൂടുന്ന സാഹചര്യത്തില്‍ ജുമുഅയ്ക്കു മാത്രം 'രോഗഭയ'മെന്നത് ഉദ്‌റാക്കാന്‍ നിര്‍വാഹമില്ല. ഭയമെന്നത്, ഉണ്ടാകുന്ന ഒന്നാണ്. വിവേചന ദൃഷ്ട്യാ, 'ഉണ്ടാക്കു'ന്ന ഒന്നല്ല. വീട്ടില്‍നിന്ന് അങ്ങാടിയിലേക്ക്, വിവാഹത്തിലേക്ക്, മറ്റിടങ്ങളിലേക്ക് പുറപ്പെടുമ്പോള്‍ നമുക്ക് ജാഗ്രതയുണ്ടെങ്കിലും ഭയമില്ല. ഭയം വേണ്ട, ജാഗ്രത മതി എന്ന് നാം തന്നെ പറയുന്നു. പക്ഷേ പള്ളിയിലേക്കു പുറപ്പെടുമ്പോള്‍ മാത്രം രോഗഭയം 'ഉണ്ടാക്കു'കയോ പള്ളിയിലാകുമ്പോള്‍ ജാഗ്രത പോരാ, ഭയക്കുക കൂടി വേണമെന്നോ? കോഴിമുട്ട വാങ്ങണമെന്ന് തോന്നുമ്പോള്‍ ഭയമില്ലാതെ അങ്ങാടിയില്‍ പോകുന്നു. മീന്‍ വാങ്ങാന്‍ തോന്നുമ്പോള്‍ ഭയമില്ലാതെ മാര്‍ക്കറ്റില്‍ പോകുന്നു. വിവാഹത്തിന് ഭയമില്ലാതെ പോയി ആള്‍ക്കൂട്ടത്തോടൊപ്പം ഭക്ഷണം കഴിക്കുന്നു. ബസിലും ബൈക്കിലും ആളുകളുടെ അടുത്തിരുന്നു ഭയമില്ലാതെ യാത്രചെയ്യുന്നു. ആവശ്യങ്ങള്‍ ഭയരഹിതമായി നടത്തുന്നു. രോഗ പ്രതിരോധത്തിനു ആവശ്യമായ മുന്‍കരുതലുകളെടുക്കുന്നു. അതിനിടയിലാണ് പള്ളിയില്‍നിന്ന് ജുമുഅക്കും ജമാഅത്തിനും ബാങ്ക് കേള്‍ക്കുന്നത്. അപ്പോള്‍ മാത്രം, ഒരു 'കൊവിഡ് ഭയ'മെന്നോ!
ജാഗ്രതയോ നേരിയ ആശങ്കയോ 'ഭയം' എന്ന വകുപ്പില്‍ ഉള്‍പെടുത്തരുത്. ഹജ്ജിനു നാം വിമാനത്തില്‍ പോകുന്നു. ആകാശ യാത്രയില്‍ തെല്ലൊരു ഭയം എല്ലാവര്‍ക്കും ഇല്ലാതില്ല. പക്ഷേ നാം ജാഗ്രതയും സുരക്ഷാ ക്രമീകരണവും നടത്തുന്നു. അല്ലാതെ, ആ ഭയം കാരണം ഹജ്ജ് നിര്‍ബന്ധമില്ല എന്നു പറഞ്ഞു ഹജ്ജ് ഒഴിവാക്കാമോ? കടല്‍ യാത്രയും ഇപ്രകാരം തന്നെ. കടല്‍ യാത്രയില്‍, ആശങ്ക ഉണ്ടാവാറുണ്ട്. പക്ഷേ, അപകടത്തേക്കാള്‍ സുരക്ഷയാണ് സാധാരണമെങ്കില്‍ ഹജ്ജ് നിര്‍ബന്ധമാണ്. അപകടമാണ് സാധാരണമെങ്കില്‍ നിര്‍ബന്ധമില്ല. ഇക്കാലത്തു വിമാന, കപ്പല്‍ യാത്രകളില്‍ സുരക്ഷയാണ് കൂടുതല്‍. അതിനാല്‍ ഹജ്ജ് നിര്‍ബന്ധമാണ്. സുരക്ഷാ മാനദണ്ഡങ്ങളും സംവിധാനങ്ങളും ഉണ്ടായിരിക്കെയുള്ള 'ഭയം' ഗൗരവമുള്ളതല്ല. ഇസ്‌ലാമിക കര്‍മ്മശാസ്ത്രം ഇതു വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ 4- 23 നോക്കുക).
പൊതുസ്ഥലങ്ങളില്‍ കൊവിഡ് സാധാരണമായിട്ടില്ല, വ്യാപനമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നു. കേവല ഭയമുണ്ടെങ്കില്‍ തന്നെ മുന്‍കരുതലും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുകയാണ് വേണ്ടത്. അല്ലാതെ ജുമുഅ ഒഴിവാക്കുകയല്ല വേണ്ടതും ചെയ്യേണ്ടതും. സുരക്ഷാ മാനദണ്ഡങ്ങള്‍ സര്‍ക്കാരും ഉലമാക്കളും അറിയിച്ചിട്ടുണ്ട്. അതു പ്രാവര്‍ത്തികമാക്കി ജുമുഅ നടത്തല്‍ മഹല്ലുകാര്‍ക്ക് ഫര്‍ളു ഐനാണ്. ഇല്ലെങ്കില്‍ ജുമുഅയ്ക്ക് സമയമില്ലാത്ത വിധം, അസ്‌റിന്റെ സമയമാകുമ്പോള്‍ മാത്രമേ ളുഹ്ര്‍ സാധുവാകൂ. അല്ലെങ്കില്‍ നിലവിലെ ജുമുഅ കഴിഞ്ഞ ശേഷമേ ളുഹ്ര്‍ സാധുവാകൂ. അല്ലാതെ ളുഹ്ര്‍ നിസ്‌കരിച്ചിട്ടു കാര്യമില്ല. സഹീഹല്ലാത്ത നിസ്‌കാരം നിര്‍വഹിക്കല്‍ ഹറാമാണ്. രോഗവും 'രോഗഭയ'വും തമ്മില്‍ വ്യത്യാസമുണ്ടെന്നു മനസ്സിലാക്കണം.
പള്ളിയെന്നല്ല, എല്ലാ സ്ഥലത്തും രോഗഭയമുള്ള തരക്കാര്‍ക്ക് വിശിഷ്യാ പ്രതിരോധ ശക്തി കുറഞ്ഞവര്‍ക്ക് രോഗഭയം (പുറത്തിറങ്ങിയാല്‍ സാധാരണ, വിഷമകരമായ അലര്‍ജിയുണ്ടാകുമ്പോലെ) കാരണം വ്യക്തിപരമായി ജുമുഅ ഒഴിവാക്കാന്‍ വകുപ്പുണ്ട്. പക്ഷേ അതു മറ്റുള്ളവര്‍ക്ക് ബാധകമല്ല. അതിനാല്‍, നാട്ടിലെ ജുമുഅ നിര്‍ത്തിവയ്ക്കാന്‍ പാടില്ല. പ്രത്യുത, പകര്‍ച്ചരോഗം ബാധിച്ചവര്‍ പള്ളിയിലും മറ്റും പ്രവേശിക്കുന്നത് തടയുകയാണ് വേണ്ടത്. മറ്റുള്ളവര്‍ ജുമുഅ, ജമാഅത്ത് നിര്‍ത്തിവയ്ക്കാന്‍ പാടില്ല. കണ്ണേറുകാരന്‍, പകര്‍ച്ചരോഗി തുടങ്ങിയവരെ പള്ളികളിലും മറ്റു ജനകേന്ദ്രങ്ങളിലും വരുന്നത് തടയേണ്ടതാണെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു (ഫത്താവല്‍ കുബ്‌റ 1 - 212).
എല്ലാവരും രോഗഭയം 'ഉണ്ടാക്കി' ജുമുഅ നിര്‍ത്തിവയ്ക്കുകയാണെങ്കില്‍ ഏതു കാലത്തും അങ്ങനെയാവാമല്ലോ. കാരണം രോഗഭയം കൊവിഡിന്റെ മാത്രം സ്വഭാവമല്ല. പല പകര്‍ച്ച രോഗങ്ങളുടെയും കാരണം പൊതുകേന്ദ്രങ്ങളിലെ സമ്പര്‍ക്കമാണ്. അപ്പോഴൊക്കെയും രോഗഭയം 'ഉണ്ടാക്കാ'മല്ലോ. അങ്ങനെ ജുമുഅ മുടയ്ക്കാനൊക്കുമോ? അതേസമയം ഗവണ്മെന്റ് ലോക്ക്ഡൗണ്‍ പോലുള്ള ശക്തമായ നിരോധനങ്ങള്‍ പ്രഖ്യാപിച്ചാല്‍ ജനജീവിതം മൊത്തത്തില്‍ സ്തംഭിക്കുന്നതിന്റെ ഭാഗമായി നാട്ടില്‍ ഒരിടത്തു ഒരുമിച്ചു കൂടി ജുമുഅ നടത്തല്‍ അസാധ്യമാകുന്ന (തഅദ്ദുര്‍) സ്ഥിതിവിശേഷം രൂപപ്പെടും. ഇതു ഒരു നാട്ടില്‍ പല ജുമുഅ നടത്താനുള്ള, 'ജുമുഅസ്ഥല'വുമായി ബന്ധപ്പെട്ട കാരണമാണെന്ന നിലയില്‍, ഇബ്‌നു ഹജര്‍ (റ) ഫതാവല്‍ കുബ്‌റയിലും, റംലി(റ) നിഹായയിലും ശര്‍ബീനി(റ) മുഗ്‌നിയിലും അതുപ്രകാരം, സാധ്യമായ സ്ഥലത്ത് ജുമുഅ നടത്തേണ്ടതാണെന്ന് പ്രബലപ്പെടുത്തിയിട്ടുണ്ട്.
അല്ലാമ അബ്ദുല്ലാഹ് ബല്‍ഫഖീഹ് (റ) ഇതു വിവരിച്ചുകൊണ്ട് പറയുന്നു: 'തടങ്കല്‍' മൂലം ജുമുഅ സ്ഥലത്തു എത്തിപ്പെടല്‍ ഒരു നിലയ്ക്കും സാധ്യമായില്ലെങ്കില്‍ അവര്‍ക്ക് അവരുടെ കേന്ദ്രത്തില്‍വച്ച് ജുമുഅ നടത്തല്‍ നിര്‍ബന്ധമാണ്. ഇതു ആവശ്യാനുസരണം മാത്രം ജുമുഅ വര്‍ധിപ്പിക്കല്‍ അനുവദിപ്പിക്കാന്‍ കാരണമാണ്. ജനക്കൂട്ടം കൊണ്ട് ഒരിടത്ത് ഒരുമിച്ചു കൂടാന്‍ പ്രയാസമുള്ളതു പോലെ. സ്പഷ്ടമായ താരതമ്യമാണിത് (ഇത്ഹാഫുല്‍ ഫഖീഹ് 147).
പക്ഷേ സമ്പൂണ ലോക്ക്ഡൗണ്‍ കാലത്ത് ഇപ്രകാരം അമലു ചെയ്യാനും നിര്‍വാഹമുണ്ടായിരുന്നില്ല. കാരണം ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ ഒരുമിക്കല്‍ നിരോധിക്കപ്പെട്ടിരുന്നു. ജുമുഅയ്ക്ക് ചുരുങ്ങിയത് നാല്‍പതാളുകള്‍ നിര്‍ബന്ധമാണല്ലോ. ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നിരുന്നപ്പോഴും ആരാധനാലയങ്ങള്‍ തുറയ്ക്കാന്‍ അനുമതിയുണ്ടായിരുന്നില്ലല്ലോ. അതുകൊണ്ട്, പരിശുദ്ധ റമദാന്‍ മാസത്തില്‍ പോലും പള്ളി തുറക്കാത്തപ്പോള്‍ പിന്നെന്തിനാണ് ശവ്വാലില്‍ തുറക്കുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അര്‍ഥ ശൂന്യമാണ്.
എന്നാല്‍ ജൂണ്‍ എട്ടോടെ ആരാധനാലയങ്ങള്‍ തുറയ്ക്കാനും നിബന്ധനകളോടെ പരമാവധി നൂറു പേര്‍ക്ക് വരാനും അനുമതി ലഭിച്ചു. അതോടെ നിബന്ധനകള്‍ പാലിച്ചു മാത്രം പരമാവധി നൂറു പേരുടെ ജുമുഅ നടത്തല്‍ ഓരോ നാട്ടുകാര്‍ക്കും നിര്‍ബന്ധമാണ്. നൂറില്‍ കവിഞ്ഞ ആളുകള്‍ക്ക് നേരത്തെ പറഞ്ഞ 'തഅദ്ദുര്‍' അഥവാ ജുമുഅയില്‍ ഒത്തുകൂടല്‍ അസാധ്യമാവല്‍ ഉണ്ടാകും. എന്നാല്‍ മേല്‍പറഞ്ഞതനുസരിച്ചു ഈ സാഹചര്യം ഒരു നാട്ടില്‍ പല ജുമുഅ അനുവദനീയമാക്കുന്ന കാരണമാണ്. അക്കാരണത്താല്‍ അവര്‍ നിസ്‌കാരപ്പള്ളികളിലോ മറ്റോ സര്‍ക്കാരിന്റെ നിബന്ധനകളോടെ പരമാവധി നൂറുപേര്‍ ചേര്‍ന്ന് ഇതര ജുമുഅകള്‍ നടത്തേണ്ടതാണ്. ഇത്തരത്തില്‍ പല ജുമുഅകള്‍ നടത്തേണ്ടത് ആവശ്യാനുസരണം മാത്രം, പല സ്ഥലങ്ങളിലാവണമെന്നത് അവിതര്‍ക്കിതവുമാണ്.
നാല്‍പതിലധികം ആളുകള്‍ അകലംപാലിച്ചും മാസ്‌ക്കുകള്‍ ധരിച്ചും സര്‍ക്കാര്‍ അനുമതിയുടെ പശ്ചാത്തലത്തില്‍ ജുമുഅ നടത്താനുള്ള ഉത്തരവാദിത്വം ഓരോ മഹല്ലിലെയും കൈകാര്യകര്‍ത്താക്കള്‍ക്കുണ്ട്. ഖാസിയും കമ്മിറ്റിയും കൈകാര്യ കര്‍ത്താക്കളാണ്. അവര്‍ അതിനാവശ്യമായ മുന്‍കരുതലുകളും ക്രമീകരണങ്ങളും നടത്തുകയല്ലാതെ അടച്ചിട്ടു നിഷ്‌ക്രിയരാകുന്നത് നിരുത്തരവാദപരമായ തെറ്റാണ്. ഒരു നിലക്കും നിയന്ത്രണങ്ങള്‍ അസാധ്യമാകുമ്പോഴേ, മറിച്ചു തീരുമാനിക്കാന്‍ പറ്റൂ, തല്‍സ്ഥിതി തുടരാവൂ. ഭൗതിക കാര്യങ്ങള്‍ പോലെയല്ല പൊതു ആരാധനകളെന്നും ആരാധനകള്‍ മാറ്റിവയ്ക്കാവുന്നതും ഭൗതികാവശ്യങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതുമാണെന്നുമുള്ള പുറത്തുള്ള ചിലരുടെ പ്രതികരണം മുഖവിലക്കെടുക്കേണ്ടതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."