അന്ത്യോദയക്കാരുടെ ഓണം മധുരതരമാകും
തിരുവനന്തപുരം: കേന്ദ്ര സബ്സിഡി നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് മുടങ്ങിപ്പോയ റേഷന്‍ പഞ്ചസാര വിതരണം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നീക്കം. ആദ്യഘട്ടമായി അന്ത്യോദയക്കാര്‍ക്കുള്ള (എ.എ.വൈ) റേഷന്‍ പഞ്ചസാര വിതരണമാണ് പുനരാരംഭിക്കുക.
ഇതിനായുള്ള കേന്ദ്ര തീരുമാനം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത്തവണത്തെ ഓണത്തിന് എ.എ.വൈ കാര്‍ഡംഗങ്ങള്‍ക്ക് (മഞ്ഞ റേഷന്‍ കാര്‍ഡ്) സബ്സിഡി പഞ്ചസാര ലഭിക്കും.
അന്ത്യോദയ വിഭാഗത്തില്‍ 5.95 ലക്ഷത്തോളം കാര്‍ഡുടമകളാണ് സംസ്ഥാനത്തുള്ളത്. കാര്‍ഡിന് ഒരു കിലോ പഞ്ചസാര എന്ന നിരക്കിലായിരിക്കും ഓണത്തിന് വിതരണം ചെയ്യുക. ഒരു കിലോയ്ക്ക് 18.50 രൂപയാണ് കേന്ദ്രം സബ്സിഡി നല്‍കുക. സംസ്ഥാന സബ്സിഡി സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുക്കണം. തുടര്‍ന്നായിരിക്കും റേഷന്‍ പഞ്ചസാരയുടെ വില നിശ്ചയിക്കുക.
സ്റ്റാറ്റിയൂട്ടറി റേഷനിങ് സംവിധാനം തുടങ്ങിയ കാലം മുതല്‍ എല്ലാവര്ക്കും റേഷന്‍ കട വഴി പഞ്ചസാര ലഭിച്ചിരുന്നു. ഒരംഗത്തിന് 400 ഗ്രാം എന്ന കണക്കിലായിരുന്നു അത്. പിന്നീട് ബി.പി.എല്‍ കുടുംബങ്ങള്‍ക്കു മാത്രമെന്നു പരിമിതപ്പെടുത്തി. 2017 ഏപ്രില്‍ ഒന്ന് മുതല്‍ റേഷന്‍കട വഴി പഞ്ചസാര വിതരണം ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാനത്തിന് നിര്‍ദേശം നല്കി. ഏപ്രില്‍ മുതല്‍ പഞ്ചസാര വിതരണത്തിന് സബ്സിഡി തുക അനുവദിക്കില്ലെന്നും അതിനാല്‍ ഭക്ഷ്യഭദ്രതാ നിയമപ്രകാരം വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളില്‍ പഞ്ചസാര ഉള്പ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു കേന്ദ്രതീരുമാനം. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സ്വന്തം ചെലവില്‍ പഞ്ചസാര വാങ്ങി സബ്സിഡി നിരക്കില്‍ വിതരണം ചെയ്യാമെന്നും കേന്ദ്രം നിര്‍ദേശിച്ചിരുന്നു. സബ്സിഡിയിനത്തിലെ വന്‍ ബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയാത്തതിനാല്‍ റേഷന്‍ പഞ്ചസാര വിതരണം പൂര്‍ണമായും നിലയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."